ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ പ്രചരണത്തിനൊടുവില്‍ ഹിമാചല്‍ പ്രദേശ് ഇന്ന് വിധിയെഴുതുകയാണ്. ഭരണത്തുടര്‍ച്ചക്ക് അവസരം നല്‍കുന്നത് ശീലമില്ലാത്ത സംസ്ഥാനത്തിന്റെ പതിവുമാറ്റിയെടുക്കാന്‍ കാടടച്ചുള്ള പ്രചരണമാണ് ബി.ജെ.പി നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ നേതാക്കളും സംസ്ഥാനത്തെത്തുകയുണ്ടായി. മറുഭാഗത്ത് അധികാരം തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ചുക്കാന്‍ പിടിച്ചത്. ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചരണം രംഗം ബി.ജി.പിയുടെയും കോണ്‍ഗ്രസിന്റെയും ഭരണസംവിധാനത്തോടുള്ള സമീപനത്തിന്റെ നഖചിത്രങ്ങളായി മാറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.
അഞ്ചുവര്‍ഷക്കാലം അധികാരത്തിലിരുന്ന ഒരു പാര്‍ട്ടി വീണ്ടും ജനങ്ങളെ സമീപിക്കുമ്പോള്‍ നടപ്പില്‍വരുത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് സ്വാഭാവികമായും സംസാരിക്കേണ്ടത്. എന്നാല്‍ ബി.ജെ.പിയാകട്ടേ അതേക്കുറിച്ച് ഒരക്ഷരവും ഉരിയാടാതെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടാനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഭാഗമായി ഏക സിവില്‍കോഡെന്ന തങ്ങളുടെ തുറുപ്പുചീട്ട് അവര്‍ എടുത്തുപയോഗിക്കുകയും ചെയ്യുകയുണ്ടായി. പ്രചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉയര്‍ത്തിയ ഈ വിഷയം അന്തിമ ഘട്ടത്തില്‍ മുഖ്യ വിഷയമാക്കി മാറ്റുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം വെറുംവാക്കല്ലെന്ന വരുത്തിത്തീര്‍ക്കാനെന്നോണം തിടുക്കപ്പെട്ട് കേന്ദ്ര നിയമ കമ്മീഷനെ പുനസംഘടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 21 ാം നിയമ കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പി.ബി സാവന്ത് വിരമിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും നിയമ കമ്മീഷന്‍ പുനസംഘടിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. കമ്മീഷന്‍ പുനഃസംഘടിപ്പിക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി വരെ എത്തുകയുണ്ടായി.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ നിയമ കമ്മീഷന്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും യു.സി.സി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഹിമാചലിലും ഗുജറാത്തിലും അപ്രതീക്ഷിതമായി വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോള്‍ ഏക സിവില്‍കോഡിനെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള അപകടകരമായ ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
പ്രചരണ രംഗത്ത് കോണ്‍ഗ്രസ് കാഴ്ച്ചവെച്ച പ്രകടനം പ്രതീക്ഷാ നിര്‍ഭരവും ആ പാര്‍ട്ടിയെ അവിശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന മതേതര വിശ്വാസികളുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്നതുമാണ്. നീണ്ട ഇടവേളക്കു ശേഷം തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനുണ്ടായതും ചിന്തന്‍ ശിബിരിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആവേശവും ഹിമാചലില്‍ പ്രതികരിച്ചുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. കാര്‍ഖെ സംസ്ഥാനത്തെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം ഇതിന്റെ തെളിവാണ്. മാത്രവുമല്ല പാര്‍ട്ടി നടത്തിയ വികസനം എന്ന അജണ്ടയിലൂന്നിയ പ്രചരണം ജനങ്ങളില്‍ ഏറെ സ്വീകാര്യതയുണ്ടാക്കുകയും ചെയ്തു. സമ്മേളനങ്ങളിലും റാലികളിലുമെല്ലാം തടിച്ചുകൂടിയ ജനാവലി ഇതാണ് സൂചിപ്പിക്കുന്നത്. രാജ്യ ഭരണത്തിന്റെ പിന്‍ബലത്തിലുള്ള ബി.ജെ.പിയുടെ പണക്കൊഴുപ്പിനെ ജനകീയ അടിത്തറകൊണ്ടു കോണ്‍ഗ്രസ് പ്രതിരോധിച്ചത് ആത്മവിശ്വാസം നല്‍കുന്ന ഒന്നായിരുന്നു. വിവിധ സര്‍വേകള്‍ പ്രവചിക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടവും ഇതിന്റെ ഫലമാണ്. ഇതേ ഏജന്‍സികള്‍ തന്നെ മാസങ്ങള്‍ക്കുമുമ്പ് നടത്തിയ സര്‍വേ ഫലങ്ങള്‍ ബി.ജെ.പിക്ക് ഏക പക്ഷീയമായ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പ്രവചിക്കപ്പെട്ട ഈ തുല്യത തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന സൂചന ന്യായമായും നല്‍കുന്നു.
ഹിമാചല്‍ പ്രദേശിന്റെ വിധിയെഴുത്തിന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ്മുഖത്തുവെച്ച് രൂപപ്പെടുത്തിയെടുക്കുന്ന വര്‍ഗീയ ധ്രുവീകരണങ്ങളിലൂടെ അവയെല്ലാം നിഷ്പ്രയാസം മറികടക്കുന്ന ബി.ജെ.പിയുടെ രീതിക്ക് ഇവിടെ അന്ത്യമാകുമോ എന്നതിനാണ് ഹിമാചല്‍ ഉത്തരം നല്‍കാന്‍പോകുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങളും സര്‍വേ ഫലങ്ങളുമെല്ലാം സംഘ്പരിവാരത്തിന്റെ ഹിഡന്‍ അജണ്ടകള്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അങ്ങിനെയെങ്കില്‍ ഗുജറാത്തുള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളും 2024 ല്‍ നക്കുന്ന പൊതു തിരഞ്ഞെടുപ്പുമെല്ലാം പ്രത്യാശാഭരിതമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. വര്‍ഗീയ ധ്രുവീകരണശ്രമങ്ങളും ഒളിയജണ്ടകളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്ന, വികസനവും മതേതരത്വവുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കാലത്തേക്ക് നമ്മുടെ രാജ്യം മടങ്ങിപ്പോകുന്നതിനുള്ള നാന്ദികുറിക്കലാവും കുന്നുകളുടെ നാടിന്റെ ജനവിധിയെന്ന നമുക്ക് പ്രത്യാശിക്കാം.