സാധാരണ ജനം അവരുടെ അധികാരം പ്രയോഗിച്ചതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകുന്നതെന്ന് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ. അതിരുകടന്ന് പ്രവര്‍ത്തിച്ചവരെയെല്ലാം അനിവാര്യമായ തോല്‍വി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ സേന അംഗമായ മഹാവികാസ് അഘാഡി(എം.വി.എ)യുടെ ഗംഭീര പ്രകടനത്തിനു പിന്നാലെ സംസാരിക്കുകയായിരുന്നു ഉദ്ദവ്.
മോദി പോയിടത്തെല്ലാം ബി.ജെ.പി തോറ്റിരിക്കുകയാണ്. എന്റെ എല്ലാം കവര്‍ന്നെടുത്തു അവര്‍. എന്നാല്‍, ഞാന്‍ നിലം വിടാതെ നിലയുറപ്പിച്ചു പ്രവര്‍ത്തിച്ചു. മോദി ചെയ്ത പോലെ ഭരണകക്ഷി എന്നെ ആക്രമിച്ചപ്പോഴൊന്നും ഞാന്‍ കരഞ്ഞില്ല. മോദിയുടെ പേരുപറഞ്ഞാണ് 2019ല്‍ ഞാന്‍ വിജയിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍, മഹാരാഷ്ട്രയില്‍ എന്റെ പിതാവിന്റെ ഫോട്ടോ വച്ച് കാംപയിന്‍ നടത്തിയത് മോദിയായിരുന്നുവെന്നും ഉദ്ദവ് താക്കറെ വിമര്‍ശിച്ചു.
ഇന്ത്യ യോഗത്തില്‍ പങ്കെടുക്കാനായി പാര്‍ട്ടി നേതാക്കളായ സഞ്ജയ് റാവത്തും അനില്‍ ദേശായിയും അരവിന്ദ് സാവന്തും ഡല്‍ഹിയിലേക്കു തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കും. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഏകാധിപത്യ ഭരണകൂടം വാതില്‍പ്പടിക്കല്‍ എത്തിനില്‍ക്കുകയാണ്. അവരെ ഇനി ചവിട്ടിപ്പുറത്താക്കണം. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മമത ബാനര്‍ജിയുമെല്ലാം ഇന്ത്യ സഖ്യത്തോടൊപ്പം ഒന്നിച്ചുനില്‍ക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ഉദ്ദവ് നിരാശ പരസ്യമാക്കി. സംസ്ഥാനത്ത് 48 സീറ്റും എം.വി.എ സഖ്യം പിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊങ്കണ്‍ മേഖലയിലെ തോല്‍വിയെ കുറിച്ചു ചര്‍ച്ച ചെയ്യും. പാര്‍ട്ടി ചെറിയ മാര്‍ജിനില്‍ തോറ്റ മണ്ഡലങ്ങളില്‍ എന്തു സംഭവിച്ചുവെന്നു പരിശോധിക്കും. അമോര്‍ കിര്‍തികാര്‍ പരാജയപ്പെട്ട മുംബൈ നോര്‍ത്ത് വെസ്റ്റില്‍ റീ-ഇലക്ഷന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചു.