X

എഐ ക്യാമറകള്‍ പിഴയിട്ടാല്‍ എവിടെ പരാതി പറയും? വഴികള്‍ ഇങ്ങനെ..

ഇന്നു മുതല്‍ ട്രാഫിക് നിയമ ലംഘനം നടത്തിയാല്‍ പണി പാളും. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകള്‍ ഇന്നു മുതല്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്‌സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 726 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഇനി നിയമലംഘനങ്ങള്‍ പതിഞ്ഞാല്‍ അതിന് പിന്നെയുള്ള നടപടികള്‍ എന്തായിരിക്കും എന്നത് സംബന്ധിച്ച് പലര്‍ക്കും വലിയ ധാരണയുണ്ടാകില്ല. അതിനെക്കുറിച്ച് എം വി ഡി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതും തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നതും. പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ (E ചെല്ലാന്‍ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ചെയ്യും. ശേഷം സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വീസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതാത് ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടര്‍ വാഹന വകുപ്പ് പുറത്ത് വിട്ട കുറിപ്പിന്റെ പൂര്‍ണ്ണ രുപം

പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തില്‍ നടക്കുന്നത് അതില്‍ ഇരയാകുന്നവരില്‍ അധികവും രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തില്‍ പകുതിയിലധികവും ഒഴിവാക്കാന്‍ കഴിയും എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇവ ധരിച്ചു എന്ന് ഉറപ്പാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹന പരിശോധന അടക്കമുള്ള എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് നിരവധി പരിമിതികളുള്ളതാണ് അതേപോലെതന്നെ പലപ്പോഴും പരാതികള്‍ക്കും ഇടയാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് മാനുഷിക ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ ( Artificial intelligence Technology) റോഡ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഇന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ ആവശ്യകതയും പ്രസക്തിയും.

കേരള മോട്ടോര്‍ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനത്തിലെ പുതിയ കാല്‍വെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധന. പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍ , ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് , എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. കൂടാതെ സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 ഏ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജയമായിട്ടുള്ളത്.

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് പ്രസ്തുത ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങള്‍ക്ക് കൂടി നോട്ടീസ് തയ്യാറാക്കി അയക്കാന്‍ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇന്‍ഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും.

കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫന്‍സ് ഡിറ്റക്ഷന്‍ ആട്ടോമാറ്റിക് ആയി തന്നെ കൂടുതല്‍ കാര്യക്ഷമമായും എറര്‍ സംഭവിക്കാത്ത രീതിയിലും സ്വയം അപ്‌ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്‌നോളജി (Deep Learning technology) അനുവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതും തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നതും അതുകൊണ്ടുതന്നെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാല്‍ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്‌കരിക്കപ്പെട്ടേക്കാം.

പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ (E ചെല്ലാന്‍ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വീസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാം.

ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ആയത് അതാത് ജില്ലാ RTO എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകള്‍ തയ്യാറാക്കി അയക്കുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുന്നതിനും കെല്‍ട്രോണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പുമായി കരാറില്‍ പെട്ടിട്ടുള്ളത്.

സംസ്‌കാര പൂര്‍ണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളുംഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ വരവോടെ സാധ്യമാവുക…..

webdesk11: