ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എവിടെ? കഴിഞ്ഞ ഒരുമാസമായി സഞ്ജീവ് ഭട്ടിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും ലഭ്യമല്ലെന്ന മാധ്യമ വാര്‍ത്തകളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
കാല്‍ നൂറ്റാണ്ടു മുമ്പുള്ള കേസ് കുത്തിപ്പൊക്കി ആറു മാസം മുമ്പ് ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്ത സഞ്ജീവ് ഭട്ടിനെക്കുറിച്ച് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവും അധികൃതര്‍ പുറത്തുവിടാത്തതാണ് ദുരൂഹത ഉണര്‍ത്തുന്നത്. 2018 സെപ്തംബര്‍ അഞ്ചിനാണ് 1998ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ ചോദ്യം ചെയ്യാനെന്ന പേരില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത ഭട്ടിനെ പാലന്‍പൂര്‍ ജയിലില്‍ അയച്ചുവെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഭട്ടിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറംലോകത്തിന് ലഭ്യമല്ല. ഭട്ട് പാലന്‍പൂര്‍ ജയിലില്‍ ഉണ്ടെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മൂടിവെക്കുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
മൂന്നു മാസം മുമ്പ് സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ജാമ്യാപേക്ഷ പാലന്‍പൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. 1998ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ ഭട്ടിന് പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ ജാമ്യാപേക്ഷ നിരസിക്കുന്നുവെന്നായിരുന്നു സെഷന്‍സ് കോടതി വിധി.ഫെബ്രുവരി എട്ടിന് തന്റെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് പരമോന്നത നീതിപീഠത്തെ സമീപിച്ചെങ്കിലും ഹര്‍ജി നിരസിക്കുകയായിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ജസ്റ്റിസ് എ.കെ സിക്രി, എസ്.എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. കാല്‍ നൂറ്റാണ്ടു മുമ്പുള്ള കേസ് കുത്തിപ്പൊക്കി ഭര്‍ത്താവിനെ വേട്ടയാടുന്നത് ചോദ്യം ചെയ്ത് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും സുപ്രീംകോടതി നിരസിച്ചിരുന്നു. വിവാദ കേസിലെ അന്വേഷണം അവസാനിപ്പിക്കണമെന്നും മുന്‍ ഐ. പി. എസ് ഓഫീസറെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശ്വേത സമര്‍പ്പിച്ച ഹര്‍ജിയാണ് 2018 ഒക്ടോബര്‍ നാലിന് സുപ്രീംകോടതി തള്ളിയത്. ഉചിതമായ കേന്ദ്രങ്ങളെ സമീപിക്കാമെന്ന കമന്റോടെയാണ് ഹര്‍ജി കോടതി നിരസിച്ചത്.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിലൂടെയാണ് സഞ്ജീവ് ഭട്ട് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു, അനുമതിയില്ലാതെ ജോലിയില്‍നിന്ന് വിട്ടുനിന്നു തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ച് 2011ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍നിന്ന് സസ്‌പെന്റു ചെയ്തിരുന്നു.
എന്നാല്‍ ഇതിനു ശേഷവും പിന്നിട് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ മോദിയുടേയും സംഘ്പരിവാറിന്റേയും നിരന്തര വിമര്‍ശകനായി ഭട്ട് മാറിയതോടെ കാല്‍ നൂറ്റാണ്ട് മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ അകത്താക്കുകയായിരുന്നു.