ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിലേക്ക് കരുണ്‍ നായരെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 300 റണ്‍സ് നേടി ഞെട്ടിച്ച താരം കൂടിയാണ് കരുണ്‍. അതിനാല്‍ തന്നെ ഏവരും പ്രതീക്ഷയോടെയാണ് കരുണിനെ നോക്കിയിരുന്നതും. എന്നാല്‍ പരിശീലന മത്സരത്തില്‍ പോലും കരുണിനെ ഉള്‍പ്പെടുത്തിയില്ല. ട്വിറ്ററിലൂടെയാണ് കരുണ്‍ എവിടെയെന്ന ചോദ്യവുമായി ഹര്‍ഭജന്‍ എത്തിയത്.
എന്നാല്‍ ട്വീറ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ എവിടെ? ഏകദിന ടീമില്‍ പോയിട്ട് പരിശീലന മത്സരത്തിലുള്ള ടീമില്‍ പോലും അദ്ദേഹത്തെ കാണുന്നില്ലല്ലോ എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.ഹര്‍ഭജനും ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റിലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായത്.
ഏകദിന ടീമില്‍ ഇടം നേടുമെന്ന് കരുണിന് പകരം വെറ്ററന്‍ താരം യുവരാജ് സിംഗിനെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം പരിശീലന മത്സരത്തില്‍ മറ്റൊരു മലയാളിയായ സഞ്ജു വി സാംസണ് ഇടം ലഭിച്ചു. കോഹ്‌ലിയുടെ നായകത്വത്തില്‍ ഈ മാസം 15ന് പൂനെയിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം. മൂന്ന് ടി20 മത്സരങ്ങളും കളിക്കാനുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.