X

എവിടെ ഇ.ഡി…?-എഡിറ്റോറിയല്‍

ഗോവയില്‍ ഒരിക്കല്‍കൂടി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ 11ല്‍ എട്ട് എം.എല്‍.എമാരെ ഭരണകക്ഷിയായ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്നും കൂറുമാറി എത്തിയവരെ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള പാരിതോഷികങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുമെന്നുമാണ് പുതിയ വാര്‍ത്ത. ഗവര്‍ണര്‍ പി.എസ് ശ്രീധാരന്‍ പിള്ളയെ കണ്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞയുടെ തിയതി അടക്കമുള്ള വിഷയങ്ങളില്‍ ധാരണയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ഒഴുക്കിയ കോടികളും മന്ത്രിസ്ഥാനങ്ങളും മോഹിച്ചാണ് എട്ടുപേരും കൂറുമാറിയതെന്ന് ബോധ്യപ്പെടാന്‍ ഇതിലപ്പുറം മറ്റൊരു തെളിവ് ആവശ്യമില്ല. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കുപ്രസിദ്ധമാണ് ഗോവ. 2017ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പക്ഷേ, സര്‍ക്കാരുണ്ടാക്കിയത് 13 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിയും. കേന്ദ്രത്തിലെ അധികാര ബലത്തില്‍ കോണ്‍ഗ്രസില്‍നിന്നും മറ്റും എം.എല്‍.എമാരെ അനായാസം അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തവരാണിപ്പോള്‍ സംഘ്പരിവാരത്തിന്റെ ആലയില്‍ എത്തിയിരിക്കുന്നത്. ഇതിനു മുമ്പ് കോണ്‍ഗ്രസ് വിടാന്‍ ശ്രമം നടത്തിയ ഇവരെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പിടിച്ചുനിര്‍ത്തുകയായിരുന്നു. ദുഷിച്ചുനാറിയ വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയൊരു ശുദ്ധികലശത്തിന് മതേതര പാര്‍ട്ടികള്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ധാര്‍മിക സംഹിതകളോടു ചേര്‍ന്നുനില്‍ക്കാന്‍ വിസമ്മതിക്കുകയും അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് പിന്നാലെ ഓടുകയും ചെയ്യുന്ന ഏത് ഉന്നതനെയും പിടിച്ച് പുറത്തെറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം, നെറികെട്ട കൂറുമാറ്റങ്ങള്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ കേവലമൊരു ആള്‍ക്കൂട്ടമല്ല. തെറ്റായാലും ശരിയായാലും കൃത്യമായ തത്വസംഹിതകളും ലക്ഷ്യങ്ങളും ഓരോ കക്ഷിക്കുമുണ്ട്. വികസന കാഴ്ചപ്പാടുകളോടൊപ്പം സൈദ്ധാന്തിക നിലപാടുകളും ഓരോരുത്തര്‍ക്കുമുണ്ടാകും. ജനങ്ങള്‍ അടുക്കുന്നതും അകലുന്നതും അത്തരം പരിഗണനകള്‍കൂടി കണക്കിലെടുത്താണ്. ഇന്ത്യയിലിപ്പോള്‍ രണ്ട് രാഷ്ട്രീയ ചേരികളാണുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര ചട്ടക്കൂടോടുകൂടിയാണ് ഒന്ന് പ്രവര്‍ത്തിക്കുന്നത്. മത, ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മാനോവിശാലതയാണ് അവരുടെ പ്രത്യേക. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരെയും പങ്കാളികളാക്കുന്നതോടൊപ്പം പുരോഗതിയുടെ ഗുണഫലങ്ങള്‍ തുല്യമായി വീതിക്കപ്പെടണമെന്നും മതേതര രാഷ്ട്രീയ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. മറുപക്ഷത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ളത് ആദ്യത്തേതിന്റെ വിപരീത ചേരിയാണ്. മതേതരത്വും വിശാല ദേശീയതയും അവരുടെ അജണ്ടയല്ല. ഒരു പ്രത്യേക മതവിഭാഗത്തിന് മേല്‍കൈ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബി.ജെ.പിക്ക് ജനാധിപത്യത്തോടുപോലും വെറുപ്പാണ്. ഇരുചേരികള്‍ക്കിടയിലെ കൂറുമാറ്റങ്ങളാണിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ച.

സാധാരണക്കാരായ അണികളേക്കാള്‍ നേതാക്കളാണ് ഏറെയും മറുകണ്ടം ചാടുന്നത്. പ്രത്യേകിച്ചും ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം കൂറുമാറ്റങ്ങള്‍ സജീവമാണ്. ഒരുകാലത്ത് സംഘ്പരിവാരത്തിന്റെ ഫാസിസ്റ്റ് നയനിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും വര്‍ഗീയതക്കെതിരെ ഉറക്കെ ശബ്ദിക്കുകയും ചെയ്തിരുന്നവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. ഇവരുടെ കാര്യത്തില്‍ ഒരുകാര്യം വ്യക്തമാണ്. രാഷ്ട്രീയപരമായ ആദര്‍ശങ്ങള്‍ക്കപ്പുറം അധികാര, സാമ്പത്തിക മോഹങ്ങളോടെയായിരുന്നു അവര്‍ ഇത്രയും കാലം പൊതുരംഗത്ത് ഓടിനടന്നിരുന്നത്. അപ്പുറത്തുനിന്നുള്ള സാമ്പത്തിക, അധികാര പ്രലോഭനങ്ങളാണ് ഗോവയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ‘മതേതര’ നേതാക്കള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോകാന്‍ കാരണം. സത്യത്തില്‍ ഏറ്റവും വലിയ വര്‍ഗവഞ്ചകരും ദേശദ്രോഹികളുമാണ് ഇവര്‍. തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും നിയമസഭയിലേക്ക് ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത് അയക്കുകയും ചെയ്ത സാധാരണക്കാരെ വഞ്ചിക്കുകയാണിവര്‍.

2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം മതേതര സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പണവും പദവികളും വെച്ചുനീട്ടി മാത്രല്ല, ഭയപ്പെടുത്തിയുമാണ് എം. എല്‍.എമാരെ വശത്താക്കുന്നത്. എതിരാളികളെ ചാക്കിട്ടുപിടിക്കുമ്പോള്‍ കൂടെനിന്നാല്‍ ലഭിക്കുന്ന നേട്ടങ്ങളുടെ പട്ടികയോടൊപ്പം വിസമ്മതിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കുകൂടി ബി.ജെ.പി വിരല്‍ചൂണ്ടുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പല്ലും നഖവും നല്‍കി എതിരാളികളെ വേട്ടയാടുകയാണ് ബി.ജെ.പി ഭരണകൂടം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്പകരം ബി.ജെ.പിയുടെ വേട്ടപ്പട്ടികളായി അധ:പതിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. കൂറുമാറിയ എം.എല്‍.എമാര്‍ക്ക് കോടികള്‍ കോഴ ലഭിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ഇ.ഡി അന്വേഷിക്കേണ്ടതാണ്. പക്ഷേ, ആ എം.എല്‍.മാരുടെ വീടുകളിലേക്ക് ഇ.ഡി ഇതുവരെയും എത്തിനോക്കാത്തത് ഉന്നതങ്ങളില്‍ നടക്കുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Test User: