X

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോവുന്നത്; അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന ഹിന്ദുസേനയുടെ വാദത്തില്‍ കോണ്‍ഗ്രസ്‌

അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന ഹിന്ദു സംഘടനയുടെ അവകാശവാദത്തില്‍ വിമര്‍ശനമുന്നയിച്ച് രാജ്യസഭാ എം.പി കപില്‍ സിബല്‍. ക്ഷേത്രമുണ്ടെന്ന ഹിന്ദുസംഘടനയുടെ അവകാശവാദത്തെ തുടര്‍ന്ന് മസ്ജിദിന് നോട്ടീസ് അയച്ച കോടതി നടപടി ആശങ്കാജനകമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാജ്യത്തിനെ ഏത് അവസ്ഥയിലേക്കാണ് കൊണ്ടുപോവുന്നതെന്നും എന്തിനാണിതെന്നും കപില്‍ സിബല്‍ എക്‌സില്‍ കുറിച്ചു.

അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്നവകാശപ്പെടുകയും അതിനാല്‍ സെപ്തംബറില്‍ ആരാധന ആരംഭിക്കാന്‍ നിര്‍ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരുടെ ആവശ്യം. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദര്‍ഗയ്ക്ക് ഏതെങ്കിലും രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി കേസ് അംഗീകരിക്കുകയും ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്തു വകുപ്പിനും നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമാണ് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ഹരജിയില്‍ ആവശ്യപ്പെടുന്നത്.

അജ്മീറിലെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ദയാല്‍ ശാരദ എഴുതിയ പുസ്തകം ഉദ്ധരിച്ച് ഹരജിക്കാരനായ വിഷ്ണു ഗുപ്തയ്ക്കുവേണ്ടിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസിലെ അടുത്ത വാദം 2024 ഡിസംബര്‍ 20 ന് നടക്കും.

നിലവില്‍ ദര്‍ഗ ഉള്ള ഭൂമിയില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നതായും ക്ഷേത്രത്തില്‍ ജലാഭിഷേകങ്ങളും പൂജയും നടന്നിട്ടുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

സമാന സാഹചര്യത്തില്‍ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച സംഭാല്‍ പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഹിന്ദു നേതാവും അഭിഭാഷകനുമായി വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടിരുന്നു.

തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ആറ് പേര്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്ന ഹിന്ദു സംഘടനയുടെ ആവശ്യം.

webdesk13: