ടി.എച്ച്. കുഞ്ഞാലി ഹാജി
2001 ല്‍ യു.ഡി.എഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന ഡോ. എം.കെ മുനീര്‍ പൊതു ജനങ്ങള്‍ക്ക് തലസ്ഥാന നഗരിയുമായി അനായാസം ബന്ധം പുലര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രക്കായി ദീര്‍ഘദൃഷ്ടിയോടെ കൊണ്ട് വരാന്‍ ഉദ്ദശിച്ച എക്‌സ്പ്രസ്സ് ഹൈവേ തുടക്കത്തില്‍ തന്നെ ചുവപ്പ് കൊടി വീശിയ പിണറായി വിജയനും എല്‍.ഡി.എഫും വേഗറെയിലിനു വേണ്ടി പച്ചക്കൊടി വീശുന്നത് കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താനെ കഴിയൂ. ഓരോദിവസം ഹൃദയം പൊട്ടി കരയുന്ന സ്ത്രീകളടക്കമുള്ളവരുടെ വേദന കേരള ജനസമൂഹത്തിന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ വീടിനകത്ത് കല്ലിടാന്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി വാതില്‍ ചവിട്ടി പൊളിക്കുന്ന ദൃശ്യം തീര്‍ത്തും സഹിക്കാവുന്നതിലപ്പുറം തന്നെ.
ഇന്നിതാ ഇടപ്പള്ളി മുതല്‍ മംഗളൂരു വരെ ആറുവരിപാത നേരം പുലരുമ്പോഴേക്കും സര്‍ക്കാറിനു അനായാസം സാധിക്കുന്നു. 24 വില്ലേജുകളില്‍ സ്ഥലം ഏറ്റെടുത്ത് അതില്‍ 7 വില്ലേജുകള്‍ കരാര്‍ കമ്പനിയേ ഇതിനകം ഏല്‍പിച്ചു. പുത്തനത്താണിയിലും തേഞ്ഞിപ്പലത്തും കോണ്‍ഗ്രീറ്റു മിക്‌സിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കുകയും, ഒപ്പം തന്നെ കെ.എന്‍.ആര്‍.സി.എല്‍ എന്ന കമ്പനിക്ക് കരാര്‍ കൊടുക്കുകയും ചെയ്തു. 73 കി.മീ ദൂരം 30 മാസം കൊണ്ട്. പൂര്‍ത്തിയാക്കി കൊടുക്കാനാന്ന് വ്യവസ്ഥ. 115 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുക വഴി കേരളത്തിന്റെ പ്രകൃതിയുടെ സാന്തുലനാവസ്ഥ മാറ്റി മറിക്കുന്ന ഈ പിണറായി സ്വപ്‌നം കൊണ്ട് നമ്മുടെ പുഴയും അരുവികളും കൃഷിഇടങ്ങളും ഇവിടുത്തേ പ്രകൃതിയുമൊക്കെ വരും തലമുറക്ക് തീര്‍ത്തും അന്യമായി. പഴമക്കാര്‍ പറയുന്ന കഥകളിലെ കേരളത്തിന്റെ പഴയ രൂമായി മാറും. ലക്ഷകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളി വിട്ട് തന്റെ ഭരണകാല മികവുകൊണ്ട് ഒരു ഭാവന ചിത്രം വരച്ചുകാട്ടാനുള്ള വല്ലാത്ത ഈ തിടുക്കത്തിന് ജനം മറുപടികൊടുക്കണം.
രാജ്യത്തിനകത്തും പുറത്തും പോയി ശരിയായ പഠനം നടത്തി ബന്ധപ്പെട്ട എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും യോഗങ്ങളും ചര്‍ച്ചകളും നടത്തി ഒരു വര്‍ഷത്തോളം കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ജനങ്ങളുടെ ആശങ്ക ദുരീകരിച്ചും മതനേതാക്കളുടെ അഭിപ്രായങ്ങള്‍ കേട്ടും തയ്യാറാക്കിയ പദ്ധതിയായിരുന്നു എക്‌സ്പ്രസ് ഹൈവേ എന്നത്. സര്‍ക്കാരിന്റെ മുന്നില്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ന് ഡോ. എം.കെ മുനീര്‍ എടുത്ത താല്‍പര്യത്തിന്റെ നൂറിലൊരു അംശം പോലും ഇന്നത്തെ സര്‍ക്കാര്‍ കെ റെയിലുമായി ബന്ധപ്പെട്ട് എടുത്തിട്ടില്ലെന്ന് വ്യക്തമാണ്. അക്കാലത്ത് ഇടതുപക്ഷം കാണിച്ച എതിര്‍പ്പുകളെല്ലാം വിഴുങ്ങിക്കളയുകയാണിപ്പോള്‍. ലോകബാങ്കും നബാര്‍ഡും കൂടാതെ അന്നത്തേ മന്‍മോഹന്‍ സിംഗ് സര്‍ക്കാരും എക്‌സ്പര്‌സ് ഹൈവേക്ക് പച്ചക്കൊടി വീശിയിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ചില സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ ശ്രമിച്ചിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോവിഡ് മഹാമാരിക്കിടയില്‍ തൊഴിലില്ലായ്മയും പട്ടിണി മരണങ്ങള്‍ക്കിടയിലാണ് അതിവേഗ റെയിലിന്റെ പേരില്‍ ജനങ്ങളുടെ കിടപ്പാടം പൊളിച്ചു നീക്കാനുള്ള ശ്രമം. ഇത് കേരള ജനസമൂഹം തള്ളിക്കളയുമെന്നുറപ്പാണ്.
പാര്‍ലിമെന്റ് കമ്മിറ്റിയും, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും അന്നത്തേ യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനത്തിന് അനുസരിച്ച് കേരളത്തില്‍ എക്‌സ്പ്രസ്സ് വേ മാത്രമേ മാര്‍ഗ്ഗമായിട്ടുള്ളൂ എന്ന് കേന്ദ്രം വിലയിരുത്തിയിട്ട് പോലും അതു കൊണ്ട് വരാന്‍ കമ്മ്യൂണിസ്റ്റുകള്‍ അനുവദിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ കേരളത്തില്‍ 15 വില്ലേജുകളില്‍ ഒന്നിച്ച് താഹസില്‍ദാര്‍മാരെ ഇറക്കി ഏറ്റെടുക്കാനുള്ള ഭൂമിയില്‍ കല്ലിടല്‍ ആരംഭിച്ചിരിക്കുകയാണ്. കേരളം മൊത്തം വളരെ രഹസ്യമായി ഈ പ്രക്രിയ തുടരുകയാണ്.