മഞ്ചേരി : മലപ്പുറത്ത് വിരുന്നെത്തിയ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീട പോരാട്ടത്തിന് രണ്ട് സെമി മാത്രം ദൂരമുള്ളപ്പോള്‍ പയ്യനാട്ടെയും, കോട്ടപ്പടിയിലെയും കാണികള്‍ക്ക് എല്ലാ ടീമുകളും നല്‍കിയത് നൂറ് മാര്‍ക്ക്.
കാണികള്‍ അവര്‍ക്കിഷ്ടമുള്ള ടീമിനെ എല്ലാം മറന്ന് പ്രോത്സാഹിപ്പിക്കുമ്പോാഴും എതിര് ടീമിന്റെ മുന്നേറ്റങ്ങളെയും, എതിര് ടീമിലെ കളിക്കാരനെ കബളിപ്പിക്കുന്നതിനെയുമെല്ലാം വലിയ കയ്യടികളോടെ പ്രോത്സാഹിപ്പിക്കുന്നത് ഇവിടെയെല്ലാതെ മറ്റെവിടെയും കാണാന്‍ കഴിയില്ലെന്ന് ടീം കോച്ചുമാരും, കളിക്കാരും ഉറച്ചു പറയുന്നു.
കേരളവുമായി കളിക്കാനിറങ്ങുന്ന മറ്റു സംസ്ഥന കളിക്കാര്‍ക്ക് കളത്തിലിറങ്ങുന്നത് വരെ ഗാലറിയുടെ സമ്മര്‍ദ്ധത്തെ കുറിച്ച് ആശങ്കയുണ്ടാകുമെങ്കിലും കളി തുടങ്ങിയാല്‍ അവര്‍ക്കും ലഭിക്കുന്ന പ്രോത്സാഹനം അവരുടെ കളിയെ തന്നെ സ്വാധീനിക്കുന്നുണ്ട്. കേരളത്തിനെതിരെ സമ്മര്‍ദ്ധമില്ലാതെ കളിക്കാന്‍ ഇതിലൂടെ മറ്റു ടീമുകള്‍ക്ക് സാധിക്കുന്നുവെന്ന് നാല് സെമി ടീമുകളുടെയും പരിശീലകര്‍ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാവണം മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നതും. ബിഗ് സല്യൂട്ടാണ് കാണികള്‍ക്ക്.