X

‘രക്ഷാ’പ്രവര്‍ത്തനം കോടതി കയറുമ്പോള്‍

നവകേരള സദസിനിടെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടേത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിന് ആധാരമായ പ്രസ്താവന മുഖ്യമന്ത്രി നടത്തി യിരുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും നിയമം കൈയ്യിലെടുക്കാനും ഡി.വൈ.എഫ്.ഐക്കാര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയുടെ അനന്തരഫലം മാസങ്ങളോളം കേരളം കലാപഭൂമിയായി മാറി എന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി. പൊലീസ് നോക്കുകുത്തിയായിത്തീര്‍ന്നപ്പോള്‍ അവരുടെ ലാത്തി കൈവശപ്പെടുത്തി പിണറായിയുടെ ഗണ്‍മാന്‍ പോലും പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുകയുണ്ടായി. സ്ഥലകാല ബോധമില്ലാതെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ ഈ ഗുണ്ടാ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരില്‍ പലരും ഇപ്പോഴും രോഗക്കിടക്കയില്‍ തന്നെ കഴിയുകയാണ്. അത്രമേല്‍ മൃഗീയമായ ആക്രമണമാണ് പിണറായി വിജയന്റെ പ്രോത്സാ ഹനത്തില്‍ നടന്നത്.

കണ്ണൂര്‍ ജില്ലയില്‍ വെച്ചായിരുന്നു ഈ നരനായാട്ടിന്റെ തുടക്കം. നവകേരള സദസ്സ് തളിപ്പറമ്പിലേക്കെത്തുമ്പോള്‍ പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തദവസരത്തില്‍ അവിടെയെ ത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധക്കാരെ ക്രൂരമാ യ മര്‍ദ്ദിക്കുകയായിരുന്നു. ഈ നീചകൃത്യത്തെയാണ് ‘ര ക്ഷാപ്രവര്‍ത്തന’മായി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. വിഷയം പ്രതിപക്ഷം സഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയപ്പോഴും ഇതേ നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബസിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. തന്റെ പ്രസ്താവന സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അതിന്‍മേല്‍ ഉറച്ചുനിന്ന പിണറായി വിജയന് പക്ഷേ കേരളത്തിലെ ജനങ്ങള്‍ കഠിന ശിക്ഷയാണ് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി ഈ രക്ഷാപ്രവര്‍ത്തനപ്രയോഗത്തെ ഇടതുകക്ഷികള്‍ തന്നെ വിലയിരുത്തുക യുണ്ടായി. കോടികള്‍ ചിലവഴിച്ച് പി.ആര്‍ ഏജന്‍സികള്‍ മിനുക്കിയെടുത്ത പിണറായി വിജയന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നതിനും അദ്ദേഹത്തിന്റെ ഗതകാല ചരിത്രം അനാവരണം ചെയ്യപ്പെടുന്നതിനും ഈപ്രയോഗം കാരണമായിത്തീരുകയും ചെയ്തു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളീയരുടെ ഹൃദയത്തില്‍ ചിരസ്മരണ നേടിക്കൊടുത്ത യു.ഡി.എഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക യാത്രയുടെ ബദലായിട്ടായിരുന്നു പിണറായി സര്‍ക്കാറിന്റെ നവകേരള സദസ്സ്. എന്നാല്‍ ഒരുകോടിയിലേറെ രൂപ ചിലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബ സില്‍ നിന്ന് തുടങ്ങിയ ഈ അത്യാഡംബര യാത്ര തുടക്ക ത്തില്‍ തന്നെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു. വിമര്‍ശന ശരങ്ങളോടെ കാസര്‍കോട്ടുനിന്നാരംഭിച്ച യാത്ര കണ്ണൂരെത്തിയപ്പോയേക്കും ലക്ഷ്യത്തില്‍ നിന്ന് തീര്‍ത്തും വ്യതിചലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. യാത്ര കടന്നുപോകുന്ന വഴികളിലെ പ്രതിഷേധവും അതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയുള്ള ഭീകരാക്രമണങ്ങളും മാത്രമായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിന്ന നില്‍പ്പില്‍ ആയിരക്കണക്കായ ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക യാത്രയും ചരിത്രത്തില്‍ ഇടംപിടിച്ചതെങ്കില്‍ ഒരുഫയലില്‍പോലും തീരുമാനമാകാതെയായിരുന്നു പിണറായിയുടെയും സം ത്തിന്റെയും യാത്ര. ഡി.വൈ.എഫ്.ഐയുടെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയുമെല്ലാം അഴിഞ്ഞാട്ടത്തെ പൊലീസ് നിസംഗതയോടെ കൈകാര്യം ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആര്‍.എസ്.എസ് ബാന്ധവത്തിന്റെയും വിദ്വേഷ പ്രചാരണത്തിന്റെയും പുരംകലക്കലിന്റെയുമെല്ലാം ആരോപണ ശരങ്ങളാല്‍ പിടയുമ്പോഴാണ് ഇടിത്തീപോലെ പിണറായി വിജയന്റെ തലയില്‍ ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട കേസും വന്നുപതിച്ചിരിക്കുന്നത്. ഏകാധിപതികളെക്കൊണ്ട് കണക്കുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടല്ലാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

webdesk13: