X

പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുമ്പോള്‍- എഡിറ്റോറിയല്‍

പോപ്പുലര്‍ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പി.എഫ്.ഐ ആസ്ഥാനങ്ങളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നതോടെ തന്നെ ഇങ്ങനെയൊരു തീരുമാനം ഏതു നിമിഷത്തിലുമുണ്ടാവുമെന്നത് പ്രതീക്ഷിക്കപ്പെട്ടതു തന്നെയാണ്. രാജ്യത്തിനു പുറത്തുള്ള തീവ്രവാദ സംഘടനകളുമായി ബന്ധം, കേരളത്തിലും കര്‍ണാടകയിലുമുള്‍പ്പെടെ വിവിധ കൊലപാതകങ്ങളിലെ പങ്കാളിത്തം, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ പത്തോളം കാരണങ്ങള്‍ നിരത്തിയാണ് മോദി സര്‍ക്കാര്‍ ഈ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. സംഘടനയുടെ മേല്‍ ചുമത്തപ്പെട്ട കാരണങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍ മതേതരത്വത്തിലും സഹിഷ്ണുതയിലുമെല്ലാം വിശ്വസിക്കുന്ന ഏതൊരാളെ സംബന്ധിച്ചടുത്തോളവും എതിരഭിപ്രായത്തിന് വകയില്ലാത്ത ഒരു നടപടി തന്നെയാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജീവവായുവാണ് മതേതരത്വവും ജനാധിപത്യവും. രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആധാരശിലകളായി വിലയിരുത്തപ്പെടുന്ന ഈ രണ്ട് സുപ്രധാന ഘടകങ്ങള്‍ക്കു നേരെയും ഏതുകോണില്‍നിന്നുമുയരുന്ന വെല്ലുവിളികളും മുഖവിലക്കെടുക്കപ്പെടേണ്ടതും അത്തരം പ്രവണതകള്‍ക്കെതിരെ യുക്തമായ നടപടികള്‍ ഉണ്ടാവേണ്ടതും രാജ്യത്തിന്റെ കെട്ടുറപ്പിന് അനിവാര്യമാണ്.

പക്ഷേ ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെ ഭരണകൂടങ്ങളുടെ ഉദ്ദേശശുദ്ധി മര്‍മ പ്രധാനമാണ്. തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാറിനെയും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയേയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസിന്റെ തത്വസംഹിതകളാണെന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയത്തിന്റെ കണികകള്‍ കടന്നുവരാന്‍ കാരണം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പും ശേഷവും ആര്‍.എസ്.എസും ആ പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതമായി തീവ്രഹിന്ദുത്വ സംഘടനകളും രാജ്യത്ത് നടത്തിയിട്ടുള്ള ആക്രമണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഒന്നും രണ്ടും മോദി സര്‍ക്കാറിന്റെ കാലത്തു മാത്രം ന്യൂനപക്ഷങ്ങള്‍ക്കും അധസ്ഥിത വിഭാഗങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം നേരെയുണ്ടായ അതിക്രമങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മൂന്നുതവണ നിരോധിക്കപ്പെട്ടുവെന്നത് മാത്രം മതി ആര്‍.എസ്.എസിന്റെ നിയമ വിരുദ്ധതക്ക് തെളിവായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഏകപക്ഷീയവും ഹിഡന്‍ അജണ്ടകള്‍ മുന്‍നിര്‍ത്തിയുമുള്ളതാണെന്ന വാദം സ്വാഭാവികമായും ഉയരുന്നത്. എന്നാല്‍ പോപുലര്‍ഫ്രണ്ടിനെ പോലെ ആര്‍.എസ്.എസും നിരോധിക്കപ്പെടേണ്ടതാണ് എന്ന മതേതര വിശ്വാസികളുടെ വാദം ഒരു മഹാ അപരാധമായാണ് രാജ്യത്തെ ഭരണകൂടം കാണുന്നത്.

ആര്‍.എസ്.എസ് ആയാലും പോപ്പുലര്‍ ഫ്രണ്ടായാലും ഇത്തരം വിധ്വംസക പ്രസ്ഥാനങ്ങളെ കേവലം നിരോധനങ്ങള്‍ക്കൊണ്ട് മാത്രം നിയന്ത്രിക്കാനാകും എന്നത് മൗഢ്യമാണ്. ഒരു പേരിലല്ലെങ്കില്‍ മറ്റൊരു പേരില്‍ ഈ ഔപചാരികതയെ മറികടക്കാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്നതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഈ ആശയങ്ങളോട് ഐക്യപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങള്‍ വഴുതിപ്പൊകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് തടയിടുക എന്നതാണ് ഒന്നാമതായി ഭരണകൂടം ചെയ്യേണ്ടത്. നമ്മുടെ രാജ്യം നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അക്രമികള്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുന്ന അവസ്ഥ പുതിയതാണ്. അതോടൊപ്പം കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം ശക്തികളോട് കൈകോര്‍ക്കുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയുക എന്ന സമീപനം രാഷ്ട്രീയപാര്‍ട്ടികളും സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ മുന്‍പതിപ്പുകള്‍ക്കും കാലാകാലങ്ങളിലായി ഇവിടുത്തെ ഇടതു സര്‍ക്കാറിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന് ലഭിച്ച പിന്തുണ ഒരിക്കലും മറച്ചുവെക്കാന്‍ കഴിയില്ല. ബാബരി മസ്ജിദിന്റെ ധ്വംസനത്തെതുടര്‍ന്നുണ്ടായ കലുഷിത രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംലീഗിന്റെ സംയമന മാര്‍ഗത്തെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം വിധ്വംസക ശക്തികള്‍ ന്യൂനപക്ഷ സമുദായത്തെ വൈകാരികമായി സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു വെള്ളവും വളവും ലഭിച്ചത് എവിടെ നിന്നായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം മറിച്ചുനോക്കാതെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും മുസ്‌ലിംലീഗ് പാര്‍ട്ടിയും പ്രകടിപ്പിച്ച ഇച്ഛാശക്തിയാണ് വിഷമകരമായ സാഹചര്യത്തെ മറികടക്കാന്‍ ഈ നാടിന് കെല്‍പ്പു നല്‍കിയത്. സ്ഫടികസമാനമായ തെളിമയുള്ള ഈ നിലപാടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ എല്ലാ തരത്തിലുമുള്ള വര്‍ഗീയതയേയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Test User: