X
    Categories: indiaNews

ഉത്തരാഖണ്ഡില്‍ പാര്‍ട്ടി ജയിച്ചപ്പോള്‍ മുഖ്യമന്ത്രി തോറ്റു

ഡറാഡൂണ്‍: സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള 22 വര്‍ഷത്തിനിടെ ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യ ഭരണത്തുടര്‍ച്ചയാണ് ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത്. 2017ല്‍ നേടിയതിനേക്കാള്‍ സീറ്റു കുറഞ്ഞെങ്കിലും ഭരണവിരുദ്ധ തരംഗത്തെ മറികടന്നതിന്റെ ആശ്വാസത്തിലാണ് നേതൃത്വം. പാര്‍ട്ടി ജയിച്ചപ്പോഴും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കതിമ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബി.ജെ.പി വിജയത്തിന്റെ മാറ്റു കുറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന്റെ മാര്‍ജിനിലാണ് ധാമി തോല്‍വി വാങ്ങിയത്.

ഹിന്ദു വോട്ടുബാങ്കില്‍ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമത്രയും. സംസ്ഥാന രൂപീകരണം നടന്ന 2000 മുതല്‍ ബി.ജെ.പിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലേറുന്നതാണ് ഉത്തരാഖണ്ഡിലെ കീഴ്‌വഴക്കം. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായിരുന്നു നറുക്ക്.

ആദ്യം നിത്യാനന്ദ് സ്വാമിയും പിന്നീട് ഭഗത് സിങ് കോഷ്യാരിയും മുഖ്യമന്ത്രിമാരായി. 2002ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നാരായണ്‍ ദത്ത് തിവാരിയായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി. അഞ്ചു വര്‍ഷം തികച്ചു ഭരിച്ചെങ്കിലും ഭരണത്തുടര്‍ച്ച നേടാന്‍ അദ്ദേഹത്തിനായില്ല. 2007ല്‍ വീണ്ടും ബി.ജെ.പി അധികാരത്തിലേക്ക്. 2017നു സമാനമായി മുഖ്യമന്ത്രിമാരെ അന്നും ബി.ജെ.പി മാറിമാറി പരീക്ഷിച്ചു. ആദ്യം ഭുവന്‍ ചന്ദ് ഖണ്ഡൂരി പിന്നീട് രമേശ് പൊക്രിയാല്‍, പിന്നെ വീണ്ടും ഖണ്ഡൂരി. 2012ല്‍ വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. രണ്ടു വര്‍ഷത്തിനു ശേഷം ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍(2017) കോണ്‍ഗ്രസ് വീണു. വീണ്ടും ബി.ജെ.പി. കീഴ്‌വഴക്കമനുസരിച്ച് ഇത്തവണ കോണ്‍ഗ്രസിന് നറുക്കു വീഴേണ്ടതായിരുന്നു. രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

കോവിഡ് അടച്ചിടലും അനുബന്ധമായി വിനോദ സഞ്ചാര മേഖലയിലുണ്ടായ നിയന്ത്രണങ്ങളും ജീവിതോപാധികളെ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഉത്തരാഖണ്ഡ്. പ്രത്യേകിച്ച് കേദാര്‍നാഥ് അടക്കമുള്ള കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ തന്നെ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബി.ജെ.പിക്ക് തലവേദനയായിരുന്നു. 2017 മുതല്‍ അഞ്ചു വര്‍ഷത്തെ ഭരണം തികക്കാന്‍ മൂന്നു മുഖ്യമന്ത്രിമാരെയാണ് പരീക്ഷിക്കേണ്ടി വന്നത്. ത്രിവേന്ദ്ര സിങ് റാവത്തിനായിരുന്നു ആദ്യത്തെ നറുക്ക്. ആഭ്യന്തര വഴക്ക് മൂര്‍ച്ചിച്ചതോടെ 2021ല്‍ അദ്ദേഹത്തെ മാറ്റി തിരത് സിങ് റാവത്തിനെ മുഖ്യമന്ത്രിയായി നിയമിച്ചു. പ്രശ്‌നം അവിടം കൊണ്ടും തീരാതിരുന്നതോടെ 2021ല്‍ വീണ്ടും മുഖ്യമന്ത്രിയെ മാറ്റി. പുഷ്‌കര്‍ സിങ് ധാമിക്കായിരുന്നു അടുത്ത ഊഴം. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതില്‍ മൂന്നു മുഖ്യമന്ത്രിമാരും പരാജയമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ബി.ജെ.പിയുടെ ഈ പോരായ്മകളെ മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചു. കേന്ദ്ര സഹായത്തോടെ നടപ്പാക്കിയ ഛാര്‍ധാം വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള സാന്നിധ്യവും ഭരണ വിരുദ്ധ തരംഗം മറികടക്കാനുള്ള ഉപകരണം ആക്കി മാറ്റുന്നതില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്തു.

സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംഘടനാ ദൗര്‍ബല്യങ്ങളുമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഉത്തരാഖണ്ഡിന്റെ ചുമതല മുഴുവന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹരീഷ് റാവത്തിലായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് റാവത്ത് നടത്തിയ രാഷ്ട്രീയ യാത്ര താഴെ തട്ടില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്നെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കൊപ്പം ഹരീഷ് റാവത്തിനും തോല്‍വി വാങ്ങേണ്ടി വന്നു. 2017നെ അപേക്ഷിച്ച് ഏതാനും സീറ്റ് അധികം നേടാന്‍ കഴിഞ്ഞതു മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം.

Test User: