കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സഖ്യം കേന്ദ്രം ഭരിക്കുന്ന കാലത്ത് ഉന്നതതല അഴിമതികള്‍ തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ലോക്പാല്‍ നിയമം ഇപ്പോഴും തട്ടിന്‍പുറത്ത് പൊടിച്ചുകിടക്കുകയാണ്. 2014 ജനുവരി 16ന് ബില്‍ പ്രാബല്യത്തില്‍ വന്നെങ്കിലും തുടര്‍ നടപടിയെടുക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ധൈര്യം കാണിച്ചിട്ടില്ല. പ്രധാനമന്ത്രി ഉള്‍പ്പെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ അധികാരമുള്ള ലോക്പാലിന് ജീവന്‍ കൊടുത്താല്‍ കെണിയിലാകുന്നത് തങ്ങള്‍ തന്നെയാണെന്ന് കേന്ദ്രത്തിന് ഉറപ്പുണ്ട്. വിവാദ കോലാഹലങ്ങള്‍ക്കൊടുവില്‍ പാസാക്കിയ ബില്ലിന് മൂര്‍ച്ച പോരെന്ന് പറഞ്ഞ് ഒച്ചവെച്ച പ്രധാന രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെപ്പോലും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് അക്കാലത്ത് പാര്‍ട്ടി ആവശ്യപ്പെട്ടത്. അന്വേഷണം നേരിടുന്ന മന്ത്രി രാജിവെക്കണമെന്നും അവര്‍ ശാഠ്യം പിടിച്ചിരുന്നു. ലോക്പാല്‍ മാതൃകയില്‍ ലോകായുക്തയെ കേരളത്തില്‍ കൊണ്ടുവന്നത് തങ്ങളാണെന്ന അവകാശവാദത്തിന്റെ മൊത്തവിതരണക്കാര്‍ കൂടിയാണ് സി.പി.എമ്മെന്ന് വിസ്മരിക്കരുത്. പക്ഷേ, ഇപ്പോള്‍ കേന്ദ്രത്തില്‍ ബി. ജെ.പിയെപ്പോലെ സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും ലോകായുക്തയെ പേടിക്കുകയാണ്. അഴിമതിക്കാരുടെ ഉറക്കംകെടുത്തുന്ന അത്തരം സംവിധാധനങ്ങള്‍ ഇപ്പോഴുള്ളതുപോലെ ചിറകുവെച്ച് പറക്കേണ്ടെന്നാണ് പിണറായി സര്‍ക്കാറിന്റെ തീരുമാനം.
പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയെ പല്ലും നഖവുമൊക്കെ അടിച്ചുകൊഴിച്ച് മൂലക്കിടണമെന്ന് സര്‍ക്കാര്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. 1998ല്‍ നായനാര്‍ സര്‍ക്കാര്‍ പാസാക്കിയ ലോകായുക്ത നിയമത്തില്‍ ഭരണഘടനാവിരുദ്ധമായ ചില വകുപ്പുകളുണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടെത്തല്‍. പക്ഷേ, സി.പി.എമ്മിന്റെ പുതിയ നീക്കത്തിനുപിന്നില്‍ ചില ഉള്‍ഭയങ്ങളാണെന്ന് നാട്ടുകാര്‍ക്ക് അറിയാം. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ലോകായുക്തയുടെ അടിയേറ്റു വീണ മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ഗതി തന്നെയാണ് മുഖ്യമന്ത്രിക്കും വരാനിരിക്കുന്നതെന്ന് പാര്‍ട്ടി കരുതുന്നു. സുപ്രീംകോടതിവരെ പോയിട്ടുപോലും ജലീലിന് രക്ഷ കിട്ടിയിട്ടില്ല. അതോടൊപ്പം കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍. ബിന്ദുവിനെതിരെയുള്ള പരാതിയിലും അടുത്ത മാസം വാദം കേള്‍ക്കാനിരിക്കുകയാണ്. ഒരിക്കല്‍ കൊണ്ടറിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും കണ്ടറിഞ്ഞില്ലെങ്കില്‍ പുലിവാലു പിടിക്കേണ്ടിവരുമെന്ന് സര്‍ക്കാറിന് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയതിന് പിണറായിക്കെതിരെയുള്ള കേസില്‍ ഫെബ്രുവരി നാലിന് ലോകായുക്ത അന്തിമ വാദം കേള്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് എതിരായിരിക്കും വിധിയെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒരുമുഴം മുമ്പേ എറിഞ്ഞ് ലോകായുക്തയെ കുരുക്കിട്ടു പിടിക്കുന്നത്. അഴിമതിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വിധി തള്ളാനും കൊള്ളാനും സൗകര്യമൊരുക്കിയാല്‍ മുഖ്യമന്ത്രി അനായാസം രക്ഷപ്പെടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
ഭരണം കയ്യിലുള്ളപ്പോള്‍ എന്തുമാകാമെന്ന അഹങ്കാരത്തിന്റെ പുറത്താണ് സി.പി.എമ്മിന്റെ യാത്ര. നിയമഭേദഗതിയിലൂടെ ലോകായുക്തയുടെ വിധി തള്ളാനുള്ള അധികാരം കൈവശപ്പെടുത്തിയാല്‍ അപകടം ഒഴിവാകുമെന്ന് പിണറായി ആലോചിക്കുന്നു. ഇടതുമുന്നണി പോലും അറിയാതെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കുന്നത്. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സി.പി.എം-സി.പി.ഐ സെക്രട്ടറിമാര്‍ നടത്താറുള്ള പതിവ് കൂടിക്കാഴ്ചയില്‍ പോലും ഇതേക്കുറിച്ച് സൂചന നല്‍കിയില്ല. ഘടകക്ഷികളെ അറിയിക്കാതെ കൊണ്ടുവരുന്ന നിയമ ഭേദഗതിയുടെ കാര്യത്തില്‍ സി.പി.ഐക്ക് അമര്‍ഷമുണ്ടെങ്കിലും ഭരണത്തിന്റെ ആലസ്യത്തില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കള്‍ കോലാഹലങ്ങളുണ്ടാക്കി ഇപ്പോള്‍ അനുഭവിക്കുന്ന സുഖം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്റെ പ്രതികരണം വ്യക്തമാക്കുന്നു. ലോക്പാല്‍, ലോകായുക്ത വിഷയങ്ങളില്‍ എല്‍.ഡി.എഫിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് വിവാദ ഓര്‍ഡിനന്‍സ്. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ഭരണപരമായ കാര്യങ്ങള്‍ മുന്നണിയില്‍ പൊതുചര്‍ച്ചക്ക് എടുക്കാറില്ലെന്നത് മറ്റൊരു കാര്യം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ സമീപനത്തെ ചോദ്യംചെയ്യാന്‍ ധൈര്യമുള്ള ഒരാള്‍ പോലും മുന്നണിയിലില്ല. ഇനിയൊരാള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതും വെറുതെയാണ്. ജനാധിപത്യപരമായി ഇടതുമുന്നണി അത്രമാത്രം ദുര്‍ബലമായിക്കഴിഞ്ഞു.