സുഫ്‌യാന്‍ അബ്ദുസ്സലാം
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കേവലഭൂരിപക്ഷവും മറികടന്ന് മറ്റൊരു അട്ടിമറിക്കും ഇടം കൊടുക്കാതെ സംസ്ഥാനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് കുതിക്കുമ്പോള്‍ രാജ്യത്തുടനീളം ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ ഉയരുകയാണ്. 1952 മുതല്‍ 1978 വരെ തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് ആദ്യമായി ഭരണം നഷ്ടപ്പെട്ടത് 1983 ലായിരുന്നു. നിജലിംഗപ്പ, ദേവരാജ് അരസ്, ഗുണ്ടുറാവു തുടങ്ങിയ പ്രമുഖരിലൂടെ വളര്‍ന്നു പന്തലിച്ച കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ രൂപം കൊണ്ട ആഭ്യന്തര പ്രശ്‌നങ്ങളും അടിയന്തരാവസ്ഥ സമ്മാനിച്ച ദുരിതങ്ങളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സന്ദര്‍ഭത്തില്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ 1983 ല്‍ ജനതാപാര്‍ട്ടി സംസ്ഥാന ഭരണം പിടിച്ചടക്കുകയായിരുന്നു. കോണ്‍ഗ്രസ് ക്ഷീണിച്ചപ്പോള്‍ ജനത വിജയിക്കുക മാത്രമല്ല, അത് ബി.ജെ.പിക്ക് ബീജാവാപം നല്‍കുകയും ചെയ്തു. ഒന്നുമില്ലാതിരുന്ന ബി.ജെ.പി 1983 ല്‍ 18 സീറ്റുകളാണ് നേടിയത്. 1989 ല്‍ വീരേന്ദ്ര പാട്ടീല്‍, എസ്.ബങ്കാരപ്പ, വീരപ്പ മൊയ്‌ലി എന്നിവരിലൂടെ കോണ്‍ഗ്രസ് സംസ്ഥാനഭരണം തിരിച്ചുപിടിക്കുകയും ബി.ജെ.പിയെ കേവലം 4 എന്ന അക്കത്തിലേക്ക് ഒതുക്കുകയും ചെയ്തുവെങ്കിലും അത് അധികം നീണ്ടുനിന്നില്ല. ജനത മാറി പകരം ജനതാദള്‍ രൂപം കൊണ്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. എച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തില്‍ 1994 ല്‍ അവര്‍ സംസ്ഥാനഭരണം പിടിച്ചടക്കി. ബാബരി മസ്ജിദിന്റെ തകര്‍ച്ച ശേഷം നടന്ന ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അവരുടെ സ്വാധീനം ഗണ്യമായി വര്‍ധിപ്പിക്കുകയും 40 സീറ്റുകള്‍ നേടി കോണ്‍ഗ്രസിനേക്കാള്‍ മുന്നിലെത്തി പ്രധാന പ്രതിപക്ഷ കക്ഷിയായി മാറുകയും ചെയ്തു. കോണ്‍ഗ്രസ് അന്ന് 34 സീറ്റുകള്‍ മാത്രമാണ് നേടിയിരുന്നത്. 1999 ല്‍ എസ്.എം.കൃഷ്ണയിലൂടെ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചെങ്കിലും അപ്പോഴേക്കും പ്രധാന പ്രതിപക്ഷ കക്ഷിയായി ബി.ജെ.പി മാറിയിരുന്നു.
2004 ബി.ജെ.പിക്ക് ഏറെ ഭാഗ്യം ലഭിച്ച വര്‍ഷമാണ്. കര്‍ണാടകയുടെ പൂര്‍ണ നിയന്ത്രണം അവരിലേക്ക് വന്നുചേരാന്‍ സഹായകമായ സംഭവങ്ങള്‍ അരങ്ങേറിയത് ആ വര്‍ഷമാണ്. 2004 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് ജെ.ഡി എസിന്റെ പിന്തുണ നേടി സര്‍ക്കാറുണ്ടാക്കിയെങ്കിലും 2006 ല്‍ ജെ.ഡി.എസ് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചു ബി.ജെ.പിക്ക് പിന്തുണ നല്‍കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ബി.ജെ.പി നടത്തിയ കുതിരക്കച്ചവടത്തില്‍ ജെ.ഡി.എസ് കൂട്ടുകക്ഷിയായി. ജെ.ഡി.എസ്. നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. ഭരണക്കൊതി പൂണ്ട ജെ.ഡി.എസിന് എന്നാല്‍ ഈ നീക്കം ഭാവിയില്‍ വലിയ നഷ്ടമാണ് വരുത്തിവച്ചത്. 2008 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കേവലം 28 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 110 സീറ്റുകള്‍ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാന ഭരണം കൈപ്പിടിയില്‍ ഒതുക്കി. കോണ്‍ഗ്രസിന് 80 സീറ്റുകള്‍ ലഭിച്ചു അഭിമാനം കാത്തു. 2013 ല്‍ സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ 122 സീറ്റുകളുമായി കോണ്‍ഗ്രസ് തിരിച്ചുവരികയും ചെയ്തു. 2018 ല്‍ 104 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായെങ്കിലും 80 സീറ്റ് നേടിയ കോണ്‍ഗ്രസും 38 സീറ്റ് നേടിയ ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കി. എന്നാല്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തില്‍ സര്‍ക്കാര്‍ തകര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 15 എം.എല്‍.എ മാരെ ചാക്കിട്ട് പിടിച്ച് രാജിവെപ്പിക്കുകയും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റ് കൂടുതല്‍ ലഭിച്ച് 116 എന്ന നമ്പറോടെ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയല്ല അവര്‍ക്ക് അധികാരം ലഭിച്ചത്. അധികാരത്തിലെത്തിയപ്പോഴെല്ലാം വര്‍ഗീയതയുടെ മൂര്‍ത്തീമല്‍ ഭാവമായി അവര്‍ മാറുകയും ചെയ്തു. ഹിജാബ്, ഹലാല്‍, മതപരിവര്‍ത്തനം, ലൗ ജിഹാദ്, മുസ്‌ലിം സംവരണം തുടങ്ങിയ പ്രചാരണങ്ങളിലൂടെ ഹിന്ദുത്വ വികാരം ആളിക്കത്തിക്കാന്‍ അവര്‍ ശ്രമിച്ചു. െ്രെകസ്തവ ദേവാലയങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുമെതിരെ അവര്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. മതപരമായി നിര്‍ബന്ധമെന്ന് മുസ്‌ലിം സ്ത്രീകള്‍ വിശ്വസിക്കുന്ന അവരുടെ ശിരോവസ്ത്രം കലാലയങ്ങളില്‍ നിരോധിച്ചു. ഇക്കാരണത്താല്‍ ഒട്ടനവധി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പോലും സാധിച്ചില്ല.
ശക്തമായ വര്‍ഗീയത അഴിച്ചുവിട്ടുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ പോലും അവര്‍ കൊഴുപ്പിച്ചത്. അതിനുവേണ്ടിയായിരുന്നു തുടക്കത്തില്‍ തന്നെ മുസ്‌ലിം സംവരണം റദ്ദാക്കി പകരം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നടപടി സുപ്രീംകോടതിയെ പോലും ചൊടിപ്പിച്ചു. ‘ദ കേരള സ്‌റ്റോറി’ എന്ന വര്‍ഗീയ വിഷം വമിപ്പിക്കുന്ന സിനിമ എല്ലാവരും കാണണമെന്ന് മോദി പ്രസ്താവനയിറക്കിയത് കര്‍ണാടകയില്‍ വെച്ചായിരുന്നു. ഭീകര സംഘടനയായ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ അതിനെപ്പോലും വര്‍ഗീയമായി ദുര്‍വ്യാഖ്യാനിച്ച മോദിയുടെ ലക്ഷ്യം കര്‍ണാടകയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ബജ്‌റംഗ് ബലി എന്ന ഹനുമാന്‍ സ്വാമിയെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നും അതുകൊണ്ട് ഹനുമാന്‍ ഭക്തര്‍ തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്കണമെന്നുമായിരുന്നു മോദി ഇളക്കിവിട്ടത്. സകല തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചുകൊണ്ടായിരുന്നു മോദിയുടെയും അമിത്ഷായുടെയും ഓരോ പ്രസ്താവനകളും ചുവടുവെപ്പുകളും. എന്നാല്‍ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും വര്‍ഗീയ ചേരിതിരിവുണ്ടാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കി.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാര്‍, സിദ്ധരാമയ്യ, യു.ടി.ഖാദര്‍ എന്നിവര്‍ക്ക് പുറമെ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി, സോണിയഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് അഭിമാനകരമായ ഈ വിജയം. തെരഞ്ഞെടുപ്പ് വേളയില്‍ അക്ഷീണം ഓടിനടന്ന ഓരോ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും വിജയമാണിത്. മതേതരത്വത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച കന്നഡ മക്കളുടെ കഠിനപ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടം. എന്നാല്‍ വിജയം ഉറച്ചതോടെ പ്രയത്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ പാടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നത് തെരഞ്ഞെടുപ്പാണത്. ഇനിയും അവിശ്രമം, അവിരാമം പ്രവര്‍ത്തിച്ചു മുന്നേറാന്‍ കന്നഡ മക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.
ഈ നേട്ടം രാജ്യത്തിന് മാതൃകയാണ്. ഇന്ത്യയുടെ ആത്മാവിനെ കണ്ടറിഞ്ഞ കോണ്‍ഗ്രസ് ആശയങ്ങള്‍ക്ക് മാത്രമേ രാജ്യത്തെ വര്‍ഗീയ വിധ്വംസക അസ്വസ്ഥതകളില്‍ നിന്നും തിരിച്ചുകൊണ്ടുവന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കൂ. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയും വൈരം വളര്‍ത്തിയുമാണ് സംഘ്പരിവാര്‍ അവരുടെ ലക്ഷ്യം നേടിയിരുന്നത്. അയല്പക്കങ്ങളില്‍ സ്‌നേഹത്തോടെയും ഒരുമയുടെയും കഴിഞ്ഞുവരുന്ന ഹൈന്ദവ െ്രെകസ്തവ മുസ്‌ലിം സഹോദരങ്ങള്‍ക്കിടയില്‍ മതിലുകള്‍ കെട്ടി അവരെ പരസ്പരം കൊല്ലിക്കുക എന്ന ക്രൂരമായ തന്ത്രമാണ് അവര്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്ന വിഡീയോകള്‍ അതാണ് തെളിയിക്കുന്നത്. സിന്ദൂരമണിഞ്ഞ ഹൈന്ദവസ്ത്രീകളും പര്‍ദ്ദയണിഞ്ഞ മുസ്‌ലിം സ്ത്രീകളും കുരിശുധരിച്ച െ്രെകസ്തവസ്ത്രീകളും ഒരുപോലെ ആഘോഷങ്ങളില്‍ പങ്കെടുത്ത് അവരുടെ സന്തോഷം പങ്കുവെക്കുന്നത് ഇതാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനും ഇതര മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കും കര്‍ണാടകയില്‍ ഇനി പിടിപ്പത് ജോലിയുണ്ട്. വിശ്രമമില്ലാതെ മതേതരത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. സംഘ്പരിവാര്‍ വ്രണപ്പെടുത്തിയ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും തെളിനീരുകള്‍ തളിക്കാന്‍ അവര്‍ക്ക് കഴിയണം.