മുന്‍ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന കെ.എസ്.ഇ.ബി ചെയര്‍മാന്റെ പ്രസ്താവന, ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തു നടന്ന അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കണക്കു പുസ്തകത്തിലെ പുതിയ ഒരധ്യായമായി മാറിയിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് സ്വീകരിക്കുന്ന നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നടത്തുന്ന സമരങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ബി. അശോക് ഫേസ്ബുക്കില്‍ നല്‍കിയ മറുപടിയിലാണ് എം.എം മണിയുടെ കാലത്ത് വകുപ്പില്‍ നടന്ന നഗ്നമായ നിയമലംഘനങ്ങള്‍ തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്.
കടയ്ക്കു തീപിടിച്ചിട്ടില്ല, നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ഇടുക്കിയിലെ കെ.എസ്.ഇ.ബി ഭൂമി തുഛമായ വിലക്ക് പതിച്ചുനല്‍കാന്‍ ശ്രമം നടന്നു, വൈദ്യുതി ബോര്‍ഡിന്റെ കരാറുകള്‍ ലഭിക്കാന്‍ ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചു, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങിയതിലൂടെ ബോര്‍ഡിന് 600 കോടി രൂപയുടെ നഷ്ടം വരുത്തി, വൈദ്യുതി ബോര്‍ഡും റെഗുലേറ്ററി കമ്മീഷനും അറിയാതെ 6000 ജീവനക്കാര്‍ക്ക് വാട്‌സ് ആപ്പിലൂടെ ബോര്‍ഡില്‍ നിയമനങ്ങള്‍ നല്‍കി, ടെന്‍ഡര്‍ വിവരങ്ങള്‍ ചില ജീവനക്കാര്‍ കരാറുകാര്‍ക്ക് ചോര്‍ത്തി നല്‍കി, ശമ്പള പരിഷ്‌കരണത്തിന് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടിയില്ല തുടങ്ങിയ അതീവ ഗൗരവതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ചെയര്‍മാനെ തള്ളിക്കൊണ്ട് മുന്‍ മന്ത്രി എം.എം മണിയും അദ്ദേഹത്തെ പൂര്‍ണമായും തള്ളാതെ നിലവിലെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും രംഗത്തുവന്നതോടെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ മാനം കൂടി കൈവന്നിരിക്കുകയാണ്. വകുപ്പ് മന്ത്രി അറിഞ്ഞാണോ ചെയര്‍മാന്റെ പ്രസ്താവനയെന്നും മന്ത്രിക്ക് പറയാനുള്ളത് ചെയര്‍മാനെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നുമായിരുന്നു മണിയുടെ പ്രതികരണം. എന്നാല്‍ ചെയര്‍മാനെ പിന്തുണച്ച മന്ത്രി കൃഷ്ണന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ് താന്‍ അറിഞ്ഞല്ല എന്നാണ് പറഞ്ഞത്. ചെയര്‍മാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് അക്കമിട്ടു നിരത്തിയ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ പതിവു ഗിമ്മിക്കുകളുമായി രക്ഷപ്പെടാനുള്ള ശ്രമമാണ് മുന്‍ മന്ത്രി എം.എം മണി നടത്തിയത്.
ഏതായാലും ഇടതു ഭരണകാലത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏതുരീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ഇ.ബി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ ഭരണഘടനാ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും പാര്‍ട്ടി ഓഫീസുപോലെയാണ് സി.പി.എം കൈകാര്യം ചെയ്യാറുള്ളത്. യാതൊരു മാനദണ്ഡവുമില്ലാതെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിനു പുറമേ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമെല്ലാം നേതാക്കള്‍ തീരുമാനിക്കുന്ന അവസ്ഥ. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്തു നടന്ന വ്യാപകമായ അനധികൃത നിയമനം കണ്ട് കേരളം മൂക്കത്തു കൈവെച്ചുപോയതാണ്. തൊഴിലാളികളായെത്തുന്ന സജീവ പാര്‍ട്ടിക്കാര്‍ തൊഴിലെടുക്കുന്നതിനു പകരം സ്ഥാപനങ്ങളുടെ ഭരണം തന്നെ ഏറ്റെടുക്കുകയും അവിടങ്ങളില്‍ തൊഴില്‍ സാഹചര്യങ്ങള്‍ പോലും ഇല്ലാതാക്കുകയും ചെയ്യുന്നു. ആരെങ്കിലും പ്രതികരിച്ചാല്‍ തൊഴിലാളി സംഘശക്തി ഉപയോഗപ്പെടുത്തി അവരെ തകര്‍ത്തുകളയുകയും ചെയ്യുന്നു.
പിന്‍വാതില്‍ നിയമനവും ക്രമക്കേടുകളും കാരണം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങളില്‍ പലതും ഇന്ന് ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. വിവാദത്തിനിരയായ കെ.എസ്.ഇ.ബി നഷ്ടത്തിലോടുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പൊതു മേഖലാ സ്ഥാപനങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയും പാര്‍ട്ടിക്കാരെ അധികാരമേല്‍പ്പിച്ചും അവയുടെ തകര്‍ച്ചക്കു വഴിയൊരുക്കുകയാണിപ്പോള്‍. കെ.എസ്.ഇ.ബി ചെയര്‍മാനെ പോലെ മറ്റു ബോര്‍ഡുകളുടേയും കോര്‍പറേഷനുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയുമെല്ലാം തലപ്പത്തിരിക്കുന്നവര്‍ക്ക് സമാനമായ നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടാകുമെന്നുറപ്പാണ്.