X

ഹരിദ്വാറില്‍ മണി മുഴങ്ങുമ്പോള്‍-ഉബൈദ് കോട്ടുമല

ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ നിന്നുള്ള പ്രാര്‍ത്ഥനാഗീതവും മുസ്‌ലിം പള്ളികളിലെ ബാങ്കൊലിയും ഹൈന്ദവ ക്ഷേത്രത്തിലെ ശംഖൊലി നാദവും ഒരേ സമയം മുഴങ്ങുന്നതിനെ ഭാരതത്തിന്റെ സുന്ദരമായ ഭൂതകാല പ്രഭാതത്തെയാണ് കവി വര്‍ണിച്ചിട്ടുള്ളത്. ഇന്ന് പള്ളികളില്‍ നിന്നുള്ള ബാങ്കൊലിയും ചര്‍ച്ചുകളിലെ പ്രാര്‍ത്ഥനാ ഗീതങ്ങളും ചിലരെ അസ്വസ്തമാക്കുന്നുണ്ട്. മസ്ജിദ്കളുടെ മിനാരങ്ങള്‍ അവര്‍ തകര്‍ക്കുന്നു, ചര്‍ച്ചുകളും യേശുവിന്റെ പ്രതിമകളും നിലംപരിശാക്കുന്നു. ക്രിസ്തുമസ് ദിനത്തിലെ ആരാധനകളും മുസ്‌ലിം പള്ളികളിലും പൊതു ഇടങ്ങളിലുമുള്ള ജുമുഅ, ഈദ് പ്രാര്‍ത്ഥനകളും അവര്‍ തടസപ്പെടുത്തുന്നു. അക്രമം ഭയന്ന് ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് ഹരിയാനയിലെ മുസ്‌ലിംകള്‍ ഡല്‍ഹിലേക്ക് പോകേണ്ട സ്ഥിതി വന്നിരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കച്ചവടം ചെയ്യാനുള്ള സ്വാതന്ത്രം അഹിന്ദുക്കള്‍ക്ക് നിഷേധിക്കപ്പെടുന്നു. ജയ് ശ്രീറാം വിളിക്കാത്തവര്‍ക്ക് നേരെ ഫാഷിസത്തിന്റെ ബുള്‍ഡോസറുകള്‍ നിരത്തപ്പെടുന്നു. രാമനവമി ദിനത്തോടും ഹനുമാന്‍ ജയന്തിയോടും അനുബന്ധിച്ച് നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് ഉന്മൂലന പ്രക്രിയകള്‍ ഊര്‍ജിതമാകുന്നു.

ഏകദേശം ആറ് മാസം മുമ്പാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന സന്യാസി സമ്മേളനം നടന്നത്. മുസ്‌ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് കൊണ്ടാണ് ആ സന്യാസി സമ്മേളനം സമാപിച്ചിട്ടുള്ളത്. ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാനും അതേ സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്യുന്നത് ഏത് സന്യാസി ധര്‍മമാണ്?.പാദരക്ഷ ധരിക്കാതെ നടന്നുപോയ സന്യാസിമാരെക്കുറിച്ചാണ് ഭാരത്തിന്റെ ചരിത്രം വാചാലമായിട്ടുള്ളത്. ചെറു പ്രാണികളുടെ ജീവന് പോലും വിലകല്‍പ്പിച്ചവരായിരുന്നു ഭാരതത്തിലെ സന്യാസിമാര്‍. ആ സൂക്ഷ്മതയാണ് ചെരുപ്പ് ധരിക്കാതെ വഴി നടക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

ഈ സനാതന ധര്‍മം എങ്ങിനെയാണ് ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?. നിലം ഉഴുത് വൃത്തിയാക്കുന്നത് പോലും കുറ്റകരമാണെന്നാണ് ബുദ്ധ മതത്തിന്റെ ദര്‍ശനം. അടുപ്പിലേക്ക് വിറക് വെക്കുമ്പോള്‍ മൂന്ന് തവണ നിലത്തടിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ അനുയായികളായ സൂഫി വര്യന്മാരും ഭാരതത്തെ പഠിപ്പിച്ചത് ഇതേ ധര്‍മം തന്നെയാണ്. ‘ഒരു പീഢയുറുമ്പിനെപ്പോലും നോവിക്കരുതെന്നുള്ളനുകമ്പയും സതാ കരുണാകരാ.’ എന്ന് ആത്മോപദേശ ശതകത്തില്‍ ശ്രീ നാരായണ ഗുരു പറഞ്ഞുവെച്ചതും ഈ ഒരു ധര്‍മം തന്നെ. പിന്നെ എവിടെ നിന്നാണ് ഹരിദ്വാറിലെ സന്യാസിമാര്‍ക്ക് പുതിയ ബോധോദയം ഉണ്ടായത്. അത് സന്യാസത്തിന്റെ ധര്‍മമല്ലെന്നും മറിച്ച് ആര്‍.എസ്.എസ് ധര്‍മമാണെന്നുമുള്ള തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. ഇതേ ഉത്തരാഖണ്ഡില്‍ തന്നെയാണ് ഈദ് ഗാഹ് നടത്താന്‍ കോടികള്‍ വിലമതിപ്പുള്ള ഭൂമി ഇസ്‌ലാം മത വിശ്വാസികള്‍ക്ക് വിട്ട് കൊടുക്കാന്‍ ഹൈന്ദവ സഹോദരിമാരായ സരോജയും അനിതയും മുന്നോട്ട് വന്നിട്ടുള്ളത്. മഹാരാഷ്ട്രയിലെ കെല്‍വാഡ് ഗ്രാമം മുസ്‌ലിംകളില്ലാത്ത പ്രദേശമാണ്. അവിടെ നിന്ന് പണം സ്വരൂപിച്ചാണ് കിലോ മീറ്റര്‍ അകലെയുള്ള കിനോലയിലെ മസ്ജിദിലേക്ക് ചെറിയ പെരുന്നാള്‍ സമ്മാനമായി ഹിന്ദു സഹോദരന്മാര്‍ ബാങ്ക് വിളിക്കായി ഉച്ചഭാഷിണി സമ്മാനിച്ചതും. പള്ളികളിലെ ഉച്ചഭാഷിണി നിരോധനത്തിന് കോടതികളും സര്‍ക്കാരുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇത്തരം സൗഹൃദ സന്ദേശങ്ങള്‍ ഉയര്‍ന്ന് വരുന്നത് മതേതരത്വത്തിന് ധൈര്യം പകരുന്നുണ്ട്.

ഇന്ത്യയില്‍ ഇനി അഹിന്ദുക്കളില്ലെന്നും പകരം നാല് തരം ഹിന്ദു വിഭാഗങ്ങളായി മറ്റുള്ളവരെ തരംതിരിക്കുന്നുവെന്നുമാണ് ആര്‍.എസ്.എസ് ആചാര്യന്‍ മോഹന്‍ ഭഗവത് പ്രഖ്യാപിച്ചിട്ടുള്ളത്. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു, ഇതില്‍ സൗഹൃദമില്ലാത്ത ഹിന്ദുവിന്റെയും അജ്ഞനായ ഹിന്ദുവിന്റെയും കൂട്ടത്തിലാണ് മുസ്‌ലിം അടക്കമുള്ള മറ്റു മത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യം ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങുകയാണ്. പൗരത്വവും മുത്വലാഖും കശ്മീര്‍ പ്രത്യേക പദവിയും രാമക്ഷേത്രവും ഇനി ഏക സിവില്‍ കോഡും എല്ലാം കൂടി ആകുമ്പോള്‍ അത് പൂര്‍ണത കൈവരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പാക്കിസ്ഥാനെപ്പോലെ ഒരു സ്വേഛാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് വീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍. ലോക രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സ്ഥിതി വിലയിരുത്തി റാങ്കിംഗ് പുറത്തിറക്കുന്ന ആഗോള ഏജന്‍സിയാണ് വീഡം ഇന്‍സ്റ്റിറ്റ്യൂട്ട്. ആഗോളതലത്തില്‍ രാജ്യങ്ങളുടെ സ്വാതന്തൃ നിലവാരം വിലയിരുത്തി സൂചിക പുറത്തിറക്കുന്ന ഫ്രീഡം ഹൗസ് എന്ന ഏജന്‍സി സൂചിപ്പിക്കുന്നത് ഇന്ത്യ അര്‍ദ്ധ സ്വാതന്ത്ര്യ രാജ്യമായി മാറിയിരിക്കുന്നുവെന്നാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയിലും ഇന്ത്യയുടെ നിലവാരം താഴ്ന്ന് നൂറ്റി അന്‍പതില്‍ എത്തി നില്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ക്കുപോലും വിചാരണത്തടവുകാരനാക്കപ്പെടുന്നു!. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രിയെ വേദിയിലിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിമര്‍ശിച്ചതും ജനാധിപത്യത്തില്‍ നിന്നുള്ള ഈ വ്യതിചലനത്തെയാണ്. എല്ലാം കണ്ടും കേട്ടും ജുഡീഷ്യറി ജാഗ്രതയോടെ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ആ വിമര്‍ശനം. വെറുപ്പിന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ആര്‍ജ്ജവമുള്ള ന്യായാധിപര്‍ ഉണ്ടെന്നത് ജനാധിപത്യത്തിന് ശക്തി പകരുന്നുണ്ട്.

വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ രാജ്യത്തിന്റെ തലപ്പത്തിരുന്ന് ഭരണം നിര്‍വ്വഹിച്ച 108 റിട്ടയേഡ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. പാര്‍ലമെന്റിന്റെ കവാടത്തിങ്കല്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒരു മഹത് വചനമുണ്ട്. ‘ ഏകം സത് വിപ്ര ; ബഹുതാ വതന്തി ‘ സത്യം ഒന്നാണ്. ജ്ഞാനികള്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിച്ചു എന്നര്‍ത്ഥം വരുന്ന ആപ്തവാക്യം. മതേതരത്വത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ആപ്തവാക്യമാണിത്. ദൈവം ഒന്നാണ്. ആ ദൈവത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളാണ് ഓരോ മതങ്ങളും എന്ന് സൂചിപ്പിക്കുന്ന ആപ്തവാക്യം. ഈ ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് നെഹ്‌റു അടക്കമുള്ള പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനില്‍ക്കുന്നിടത്തോളം ഈ മതേതര ധര്‍മം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധ്യതയുണ്ടെന്നത് തീര്‍ച്ചയാണ്. മതേതരത്വത്തെ പ്രോത്സാഹിപ്പിച്ചതിനാലാണ് ഗാന്ധിയും നെഹ്രുവും ബി.ജെ.പിയുടെ ശത്രുവായത്. ഭരണഘടനയില്‍ മതേതരത്വും എന്ന വാക്ക് ഉള്‍പ്പെടുത്തിയതാണ് അമ്പേദ്ക്കറെ അവരുടെ ശത്രുവാക്കി മാറ്റിയിട്ടുള്ളത്. പാര്‍ലമെന്റിനകത്ത് ഗാന്ധിയുടെ ചിത്രത്തിനൊപ്പം അനാഛാദനം ചെയ്യപ്പെട്ടിട്ടുള്ളത് ഗോഡ്‌സെയുടെ ചിത്രമാണ്. കേന്ദ്ര മന്ത്രിമാരുടെ തലക്ക് മീതെ തൂങ്ങിക്കൊണ്ടിരിക്കുന്നത് ഗോഡ്‌സെയുടെ പടമാണ്. ഗാന്ധി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തതെന്ന ചരിത്രം നിര്‍മ്മിക്കാനാണ് ശ്രമം നടക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയും ആ വ്യാജ നിര്‍മ്മിതിയെ രാഷ്ട്രീയ മൂലധനമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് ആധികാരികവും ഒദ്യോഗികവുമാക്കുന്നതിനുള്ള യജ്ഞമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

നാനാത്വത്തില്‍ ഏകത്വം എന്നതിന് പകരം ഏകത്വത്തിന്റെ നിര്‍മ്മിതിയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. അത് നിലനില്‍ക്കേണ്ടതുണ്ട്. മതത്തിന്റെ പേരില്‍ പൗരന്മാരെ അക്രമിക്കുകയും ആട്ടിയോടിപ്പിക്കുകയും അവരുടെ വാസസ്ഥലങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ബംഗാളി കവിയുടെ വാക്കുകള്‍ പ്രശസ്തമാണ്. ‘ദേശ് മഠേ മഠീ കാദോയ് ; ദേശ് മഠേ മനുഷ് ലോയ് ‘ രാജ്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളിലുള്ള ഭൂപ്രദേശങ്ങളല്ല, മറിച്ച് ആ ഭൂ പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളാണ്. റൂസ്സോ പറഞ്ഞതും അതാണ്. ജനങ്ങളാണ് രാജ്യം . രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാക്കി അവരെ പൗരത്വത്തിന്റെ പേരിലും മതത്തിന്റെ പേരിലും അന്യവല്‍ക്കരിച്ച് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുന്നതല്ല രാജ്യ സ്‌നേഹവും ജനാധിപത്യവും. മറിച്ച് രാജ്യ വാസികളുടെ സംരക്ഷണവും അവകാശവും ഉറപ്പ് വരുത്തുക എന്നതാണ് ജനാധിപത്യത്തിന്റെ ധര്‍മ്മം. അതിലേക്ക് വഴി നടക്കാന്‍ ഭാരതത്തിന് സാധിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

Chandrika Web: