X

എയര്‍ ഇന്ത്യയെ ടാറ്റ റാഞ്ചുമ്പോള്‍-എഡിറ്റോറിയല്‍

ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. രണ്ട് കണ്ടെയ്‌നറുകളില്‍ എത്തിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടി രൂപ വിലയുണ്ട്. ആര്‍ക്കുവേണ്ടി ആരായിരുന്നു അത് അയച്ചതെന്ന ചോദ്യം പുകമറക്കുള്ളില്‍ അവശേഷിക്കുകയാണ്. മയക്കുമരുന്നിന്റെ അളവ്, കള്ളക്കടത്തിന് ഉപയോഗിച്ച മാര്‍ഗം തുടങ്ങി പലതുകൊണ്ടും ശ്രദ്ധേയമാണ് ഗുജറാത്തിലെ ഹെറോയിന്‍ വേട്ട. പക്ഷേ, അതിനേക്കാളേറെ ചര്‍ച്ചയായത് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിന്റെ അപകടങ്ങളായിരുന്നു.

ലോകത്തെ തന്നെ ഏറ്റവും വലിയ മയക്കുമുരുന്ന് വേട്ടയെന്ന്് വിശേഷിപ്പിക്കാവുന്ന സംഭവത്തോട് തുറമുഖം കൈവശംവെക്കുന്ന അദാനി ഗ്രൂപ്പ് ഉദാസീനമായ രീതിയിലാണ് പ്രതികരിച്ചത്. തുറമുഖത്തിന്റെ നടത്തിപ്പു ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അവിടെ എത്തുന്ന ചരക്ക് പരിശോധിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു ഗ്രൂപ്പിന്റെ നിലപാട്. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന എന്തെങ്കിലും തുറമുഖത്ത് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കല്‍ തങ്ങളുടെ പണിയല്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സമ്പത്തില്‍ കണ്ണു നട്ട് ലാഭത്തെക്കുറിച്ച് മാത്രമേ അദാനിക്ക് ചിന്തിക്കേണ്ടതുള്ളൂ. ദേശീയ താല്‍പര്യങ്ങളോ രാജ്യസുരക്ഷയോ അവര്‍ക്ക് പ്രശ്‌നമല്ല. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് വിറ്റിരിക്കുന്നത്.

എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറിയിരിക്കുന്നത് 18,000 കോടി രൂപക്കാണ്. ഇതിനുപുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ എയര്‍ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും ഇനി ടാറ്റ സണ്‍സിന് സ്വന്തമായിരിക്കും. ജെ.ആര്‍.ഡി ടാറ്റ തുടങ്ങിവെക്കുകയും 1953ല്‍ ദേശസാത്കരിക്കുകയും ചെയ്ത കമ്പനി ഗ്രൂപ്പിന്റെ കൈയില്‍തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഒരു വ്യവസായ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനും സന്തോഷിക്കാനും ഏറെ വക നല്‍കുന്ന ഇടപാട് പക്ഷേ, ഭാവിയില്‍ രാജ്യത്തിന് എത്രമാത്രം അപകടം ചെയ്യുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാനാവില്ല. കോടികളുടെ നഷ്ടമാണ് എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അതൊരു ന്യായീകരണം മാത്രമാണ്. നടത്തിപ്പിലെ പിടിപ്പുകേടുകളാണ് കടബാധ്യതക്ക് കാരണമെന്ന് എയര്‍ ഇന്ത്യയുടെ തലപ്പത്ത് പ്രവര്‍ത്തിച്ചവരില്‍ പലരും സമ്മതിച്ചിട്ടുണ്ട്.

ടാറ്റക്ക് കൈമാറുന്നതോടെ എല്ലാം ശരിയാകുമെന്നും കമ്പനി രക്ഷപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭരണകൂടത്തെക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരുന്നത് അപമാനകരവും അപകടകരവുമാണ്. എന്തുകൊണ്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ തളര്‍ന്നുപോകുന്നുവെന്ന ചോദ്യത്തിനും ഏറെ പ്രസക്തിയുണ്ട്. ഔദ്യോഗിക സംവിധാനങ്ങളെല്ലാം കൈവശമുണ്ടായിട്ടും ഒരു കമ്പനിയെ ലാഭത്തിലോടിക്കാന്‍ സ്വകാര്യ കുത്തകകളെ കാത്തിരിക്കേണ്ടിവരുന്നത് ഭരണകൂടത്തിന്റെ ഗതികേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എയര്‍ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ലെന്നതാണ് മറ്റൊരു സത്യം. കമ്പനിയെ സ്വാഭാവിക മരണത്തിലേക്ക് വിട്ട് വന്‍കിടകക്കാര്‍ക്ക് കച്ചവടം നടത്താന്‍ അവസരമൊരുക്കുകയെന്ന തന്ത്രം കൂടി കേന്ദ്ര സര്‍ക്കാര്‍ ഇതോടൊപ്പം ആലോചിച്ചിട്ടുണ്ടാവും.

തുറമുഖങ്ങളും വ്യോമയാനവുമെല്ലാം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നിരിക്കെ എതിര്‍പ്പുകള്‍ വകവെക്കാതെ സര്‍ക്കാര്‍ വില്‍പന തുടരുകയാണ്. വരുമാന സ്രോതസ്സുകള്‍ അത്രയും വന്‍കിടക്കാര്‍ക്ക് പണയപ്പെടുത്തുകയും ചില്ലിക്കാശ് വാങ്ങി അധികാരക്കസേര ഉറപ്പിക്കുകയുമാണ് ബി.ജെ.പി. പാവങ്ങളെ അവഗണിച്ച് കുത്തക മുതലാളിമാര്‍ക്കുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരന്‍ മരിച്ചുവീണാലും അതിസമ്പന്നന് തളര്‍ച്ച പറ്റരുതെന്ന് ബി.ജെ.പിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്. വന്‍കിടക്കാരെ ആശ്രയിച്ചാണല്ലോ പാര്‍ട്ടിയുടെ നിലനില്‍പ്പ്.

നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ മാത്രമല്ല, ലാഭമുണ്ടാക്കുന്നവയും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വന്‍ ലാഭമുണ്ടാക്കുന്നതായിട്ടുകൂടി അദാനിക്ക് കൈമാറുകയായിരുന്നു. കേരളത്തിലെ വിഴിഞ്ഞമടക്കം 11 തുറമുഖങ്ങളും തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവങ്ങളും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന് നീക്കമുണ്ട്. ടെലികോം, വൈദ്യുതി, പ്രകൃതിവാതകം, ഖനനം, വ്യോമയാനം, തുറമുഖം, അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങി രാജ്യത്തിന്റെ പ്രധാന സ്വത്തെല്ലാം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം പദ്ധതി തയാറാക്കിക്കഴിഞ്ഞു. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പേരില്‍ മൊത്തം ആറ് ലക്ഷം കോടി രൂപയുടെ ആസ്തിയാണ് സ്വകാര്യവത്കരിക്കുന്നത്. 2025നകം രാജ്യത്തെ എയര്‍പോര്‍ട്ടുകളും റെയില്‍വേയും പ്രധാന സ്‌പോര്‍ട്‌സ് സ്റ്റേഡിഡയങ്ങള്‍ വരെ സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കാന്‍ സജീവ നീക്കങ്ങള്‍ നടക്കുന്നുണ്ട്. എല്‍.ഐ.സി, ബി.പി. സി.എല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബി.ഇ.എം.എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ്. ഇങ്ങനെ പോയാല്‍ കുത്തകവത്കരണം പിടിമുറുക്കുകയും രാജ്യത്തിന്റെ നിയന്ത്രണം സ്വകാര്യ വ്യക്തികളുടെ കൈകളില്‍ വരുകയും ചെയ്യാനുള്ള സാധ്യത വിദൂരമല്ല. ഉള്ളത് നഷ്ടപ്പെടുത്തുകയല്ലാതെ പുതിയതൊന്നും മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. തുടര്‍ന്നും വിറ്റഴിക്കല്‍ തുടരാനാണ് സാധ്യത. അതിന് രാജ്യം കനത്ത വില നല്‍കേണ്ടിയും വരും.

 

Test User: