ടി.കെ അഷ്‌റഫ്
രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 21 ലേക്ക് ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം അത്യന്തം അപകടകരമാണ്. പ്രത്യക്ഷത്തില്‍ പുരോഗമനപരമായി തോന്നാമെങ്കിലും ഈ തീരുമാനം നിരവധി പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. 2019 ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെയാണ് രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് വിവാഹപ്രായം 21 ലേക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചത്. 2020 ജൂണില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപവല്‍ക്കരിച്ച പഠനസമിതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിസഭ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സമത പാര്‍ട്ടി മുന്‍ നേതാവ് ജയ ജയ്റ്റ്‌ലിയാണ് ഇതിന്റെ അധ്യക്ഷ.പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിച്ച് നിയമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കല്‍ അനിവാര്യമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എം.പിമാര്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി സമരത്തിന്റെ പോര്‍മുഖം തുറന്നുകഴിഞ്ഞു.
വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അംഗീകരിക്കുന്ന ലിബറല്‍ മനസിന്റെ വക്താക്കള്‍ക്ക് ഈ തീരുമാനത്തെ എതിര്‍ക്കുന്നവരോടുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. വസ്തുനിഷ്ഠമായി യാതൊന്നും അവര്‍ക്ക് നിരത്താനില്ല; അസഭ്യവര്‍ഷങ്ങളല്ലാതെ. കരിയറിന്റെയും സാമ്പത്തിക ഭദ്രതയുടെയും പേരില്‍ വിവാഹ പ്രായം 21 ആക്കുന്നതിനെ അംഗീകരിക്കുന്നവര്‍ തീരുമാനം ആരെയാണ് കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്. നിങ്ങള്‍ കാണുന്ന നന്മയല്ല ഇതിലൂടെ പലരും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയണം. പഠിക്കണമെന്നുള്ളവര്‍ക്ക് ഉയര്‍ന്ന് പഠിക്കാന്‍ വിവാഹം ഒരു തടസമല്ല; ഒരുവേള സഹായകമാണ്. എത്രയെത്ര കുടുംബങ്ങള്‍ അതിന്റെ ജീവിക്കുന്ന തെളിവുകളായി നമുക്ക് മുമ്പിലുണ്ട്! വിവാഹം പഠനത്തിന് തടസ്സമാകുമെന്ന ആശങ്കയുള്ളവര്‍ക്ക് 18ല്‍ തന്നെ വിവാഹിതരാകണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ.
ഒരു രാജ്യത്തെ മുഴുവന്‍ അവിവാഹിതരുടെയും വിവാഹം നിര്‍ബന്ധപൂര്‍വം വൈകിപ്പിക്കുന്ന നിയമം അടിച്ചേല്‍പ്പിക്കുകയെന്നത്, ഒരു വ്യക്തി വിവാഹം വൈകിപ്പിച്ച് കൊണ്ടുപോകുന്നതു പോലെ നിസാരമായ കാര്യമല്ല. ഈ നിയമം പാസാകുന്നതു മുതല്‍ 21 ന് മുമ്പുള്ള വിവാഹം ക്രിമിനല്‍ കുറ്റമായി മാറാന്‍ പോവുകയാണ്! അത് ഏതെല്ലാം നിലക്ക് ദുരുപയോഗം ചെയ്യപ്പെടുമെന്ന് കാത്തിരുന്ന് കാണാം. സിവില്‍ വിഷയമായ വിവാഹമോചനം മുത്ത്വലാഖ് നിയമത്തിലൂടെ ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത് നാം കണ്ടതാണ്. ഇതോടുകൂടി വിവാഹം കഴിക്കുന്നതും കുറ്റമായി മാറുകയാണ്! ഇത് വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരാണ്. ഏക സിവില്‍ കോഡിലേക്കുള്ള അപ്രഖ്യാപിത ചുവടുവെപ്പുമാണ്.
ലോകത്തെ 160 ഓളം രാഷ്ട്രങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസോ അതിനു താഴെയോ ആണ്. വ്യത്യസ്ത ജനവിഭാഗങ്ങള്‍ വ്യത്യസ്ത സാമൂഹിക അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഇത്തരമൊരു നിയമം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണതയിലാക്കുകയും ദരിദ്ര കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്യും. ശൈശവ വിവാഹം നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമംതന്നെ ധാരാളം മതി. അത് ശരിയാവിധം നടപ്പിലാക്കാന്‍ ശ്രമിക്കാതെ പ്രായപരിധി വീണ്ടും ഉയര്‍ത്തുന്നത് അപഹാസ്യമാണ്. വാസ്തവത്തില്‍ ഇത് കൂടുതല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാവുകയല്ലേ ചെയ്യുക?. രാജ്യത്തെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനും കരാറില്‍ ഏര്‍പ്പെടാനും സ്വത്ത് കൈവശം വെക്കാനുമുള ഒരു പൗരന്റെ പക്വതയുടെ പ്രായം കണക്കാക്കിയിരിക്കുന്നത് 18 വയസ് ആണെന്നിരിക്കെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ മാത്രം ഈ പ്രായം അനുഗുണമല്ലെന്ന ചിന്താഗതി വിചിത്രമാണ്.
പ്രായമല്ല പക്വതയാണ് വിവാഹത്തിന്റെ മാനദണ്ഡമായി പരിഗണിക്കേണ്ടത്. ഉഭയകക്ഷി സമ്മത പ്രകാരം 18 വയസില്‍ അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിനെ സാധൂകരിക്കുകയും അതേ പ്രായത്തില്‍ വിവാഹത്തിലൂടെയുള്ള ബന്ധത്തില്‍ പ്രവേശിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കുകയും ചെയ്യുന്ന വിചിത്ര നടപടിയാണ് 21 ലേക്ക് വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ സംഭവിക്കുന്നത്. വിവാഹത്തിലൂടെയുള്ള കുടുംബബന്ധങ്ങളാണ് സാമൂഹ്യ ഭദ്രതയ്ക്ക് നിദാനം. അവിഹിത ബന്ധങ്ങളിലൂടെ ലൈംഗിക അരാജകത്വമാണ് അരങ്ങേറുന്നത്. അപ്രഖ്യാപിതമായി ഏകസിവില്‍കോഡ് പ്രയോഗവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ഈ വിഷയത്തെ നിരീക്ഷിക്കുന്നവരുണ്ട്. മുസ്‌ലിം വ്യക്തിനിയമത്തിന് മുകളിലുള്ള കയ്യേറ്റമാണിത്. മാതൃമരണവും പോഷകാഹാരക്കുറവുമൂലമുള്ള ശിശുമരണവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിനു വേണ്ടത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പിലാക്കുകയുമാണ്. വിവാഹപ്രായം വര്‍ധിപ്പിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്നതാണ് വാസ്തവം.
വിവാഹം പഠനത്തിന് തടസമാണെന്ന് തോന്നുന്നവര്‍ക്ക് അത് വൈകിപ്പിക്കാനും രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നവര്‍ക്ക് വിവാഹം നടത്താനും നിലവിലുള്ള നിയമം കൊണ്ട് സാധിക്കും. 21 ലേക്ക് വര്‍ധിപ്പിച്ചാല്‍ രണ്ടാമത് പറഞ്ഞ വിഭാഗത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. അതോടൊപ്പം പിന്നില്‍ നില്‍ക്കുന്നവരെ പ്രത്യേകമായി ബോധവല്‍ക്കരിക്കുകയും വേണം. ഏത് നിയമവും ജനങ്ങള്‍ക്ക് വേണ്ടിയാവണം. അവരുടെ വികാരങ്ങള്‍ മാനിക്കാതെ ചുട്ടെടുക്കുന്ന നിയമങ്ങളെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന ധാരണയല്ല അധികാരികള്‍ക്ക് നല്‍കേണ്ടത്. കൃത്യമായ ബോധവത്കരണം ഈ വിഷയത്തില്‍ നടക്കേണ്ടതുണ്ട്. പൊതുജനവികാരം ഇതിനെതിരെ ഉയരേണ്ടതുണ്ട്. സാധാരണക്കാര്‍ അനുഭവിക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളെയും ധരിപ്പിക്കേണ്ടതുണ്ട്. ാര്‍ലിമെന്റില്‍ വിശദമായ ചര്‍ച്ച നടക്കണം.എം.പിമാര്‍ വിഷയം പഠിച്ച് ഇടപെടണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നയം വ്യക്തമാക്കണം. ജനജീവിതത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയല്ല, ജീവിതം പ്രയാസരഹിതമാക്കിക്കൊടുക്കുകയാണ് ഭരണാധികാരികളുടെ ചുമതല. ഇതിനെയും ഏതെങ്കിലും ഒരു സമുദായത്തിന്റെ പ്രശ്‌നമാക്കി പ്രതിഷേധം വഴിതിരിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം.