പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.