പൗരന്റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം. അമേരിക്കയിലെപോലെ ഇന്ത്യയില്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭരണഘടനയില്‍ പ്രത്യേക വകുപ്പ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 19-ാം വകുപ്പിലൂടെ രാജ്യം അനുവദിച്ചിരിക്കുന്നത് പൗരന്റെ അഭിപ്രായം പറച്ചിലിനും അത് പരസ്യമായി പ്രകടിപ്പിക്കുന്നതിനുമുള്ള മൗലികാവകാശമാണ്. ഭരണകൂടത്തെയും കോടതികളുടെ വിധികളെപോലും വിമര്‍ശിക്കാനും ചോദ്യംചെയ്യാനും വ്യവസ്ഥയും സ്വാതന്ത്ര്യവുമുള്ള നാട്ടില്‍ മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വായമൂടിക്കെട്ടുന്ന പ്രവണത വര്‍ധിച്ചുവരുന്നത്് ഏകാധിപത്യത്തിലേക്കുള്ള ചുവടുവെയ്പാണ്. ബി.ജെ.പി സര്‍ക്കാരിനുകീഴില്‍ അടുത്ത കാലത്തായി പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞത് സുപ്രീംകോടതിതന്നെയാണ്. ഇതിന്റെ ഭാഗമായിവേണം തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിന്റേതായി പുറത്തുവന്ന മറ്റൊരു മാധ്യമമാരണ ഉത്തരവിനെയും കാണാന്‍. മലയാളത്തിലെ വാര്‍ത്താ ടി.വി ചാനലായ ‘മീഡിയവണ്ണി’ന്റെ സംപ്രേഷണം താത്കാലികമായി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിവര-പ്രക്ഷേപണ വകുപ്പിന്റെ ഉത്തരവാണത്. ഹൈക്കോടതി താല്‍കാലികമായി മരവിപ്പിച്ചെങ്കിലും പ്രസ്തുത ഉത്തരവിന്റെ സാധുതയും സാംഗത്യവും അപലപനീയം തന്നെയാണ്.
പ്രസ്തുത വിലക്കിന് കാരണമായി പറയുന്നത് സുരക്ഷാകാരണങ്ങളാണ്. എന്ത് സുരക്ഷിതത്വത്തെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വേവലാതിപ്പെടുന്നതെന്നത് ഊഹം മാത്രമാണ്; അതാകട്ടെ മുന്‍കൂട്ടി അറിയിക്കുകയോ വിശദീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. നിരവധി പേര്‍ കാണുന്നതും നൂറുകണക്കിനുപേര്‍ ജോലി ചെയ്യുന്നതുമായ ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലക്കുമ്പോള്‍ കുറഞ്ഞത് അവരുടെയെങ്കിലും സ്വാതന്ത്ര്യം വിലക്കപ്പെടുകയാണ് ചെയ്യുന്നത്. മീഡിയവണ്ണിനെയും ഏഷ്യാനെറ്റ് ന്യൂസിനെയും മുമ്പും മോദി സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അന്നതിന് പറഞ്ഞകാരണം ഡല്‍ഹി കലാപത്തില്‍ മുസ്്‌ലിം സമുദായത്തിന്അനുകൂലമായി നിലപാടെടുത്തുവെന്നതായിരുന്നു. സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരായ എന്‍.ഡി.വിയെയും സമാനമായി വിലക്കിയിരുന്നു. പക്ഷേ അതെല്ലാം നിശ്ചിതമണിക്കൂറുകള്‍ക്കാണെങ്കില്‍ ഇവിടെയിത് അനിശ്ചിതകാലത്തേക്കാണ്. ഒരു മാധ്യമസ്ഥാപനത്തിന്റെ വാര്‍ത്തകളോടും അഭിപ്രായത്തോടും നിങ്ങള്‍ക്ക് വിയോജിക്കാനോ അവ ഉപയോഗിക്കാതിരിക്കാനോ കഴിയുമെങ്കില്‍ പിന്നെന്തിന് അതിനെ വിലക്കുന്നുവെന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. വാര്‍ത്ത കണ്ട് ആരെങ്കിലും ആയുധമെടുക്കുന്നെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അങ്ങനെയെങ്കില്‍ ഏതു വാര്‍ത്തകള്‍ കണ്ടാണ് നൂറുകണക്കിന് മുസ്്‌ലിംകളെയും ദലിതുകളെയും വടക്കേ ഇന്ത്യയിലെ തെരുവോരങ്ങളിലിട്ട് സംഘ്പരിവാറുകാര്‍ കൂട്ടക്കുരുതി നടത്തിയത്? മോദി കാലത്ത് അഭിപ്രായപ്രകടനത്തിനുള്ള പൗരന്റെ സ്വാതന്ത്ര്യം ആശങ്കാകുലമാംവിധം ഹനിക്കപ്പെട്ടതായി ഇതിനകം പുറത്തുവന്ന പഠനങ്ങള്‍ വെളുപ്പെടുത്തിയിട്ടുണ്ട്. 2020ലെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം സൂചികയില്‍ ഇന്ത്യയുടെസ്ഥാനം ‘പ്രയാസമേറിയ രാജ്യ’ങ്ങളുടെ പട്ടികയിലാണ്. ചൈനയേക്കാള്‍ ഒരുപടി മാത്രം താഴെ. 2019ലെ ലോകമാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ 140-ാം സ്ഥാനമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുള്ളത്. എതിരഭിപ്രായം പറയുന്നവരെ അതേ നാണയത്തില്‍ തിരിച്ച് വിമര്‍ശിക്കുക എന്നതുമാറി ഏതുവിധേനയും അയാളെ ഭത്‌സിക്കുകയും ശാരീരികമായി ഇല്ലാതാക്കുകയും ചെയ്യുന്നരീതി മോദി കാലത്താണ് വര്‍ധിച്ചത്. കോവിഡ് കാലത്ത് ഇതിന്റെയെല്ലാം തീവ്രത കൂടുന്നതാണ് കേരളത്തിലും കണ്ടത്. സര്‍ക്കാര്‍ അനുകൂല മീഡിയകള്‍ക്ക് യാതൊരു ഉലച്ചിലുമില്ലതാനും.
ജനാധിപത്യത്തില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ പൂന്തോട്ടത്തില്‍ പരിലസിക്കുന്ന പലവിധ കുസുമങ്ങളെപോലെയാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് പറയുന്നത് കേള്‍ക്കുന്നതിനുള്ള ക്ഷമയാണ് ജനാധിപത്യമെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. വാര്‍ത്തയെന്നത് വെറും വിവര വിനിമയമല്ലെന്നും ഇര വല്‍കരിക്കപ്പെടുന്നവരുടെ ശബ്ദമാകണമതെന്നും ഉദ്‌ബോധിപ്പിക്കുകയും അതിനായി പത്രങ്ങള്‍ നേരിട്ട് നടത്തുകയും ചെയ്തയാളാണ് ഗാന്ധിജി. ജനാധിപത്യത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ജനവിധിയുടെ അടിസ്ഥാനത്തിലാണെന്നത് നേരുതന്നെ. എന്നാല്‍ അധികാരത്തിലേറിയശേഷം ജനങ്ങളെ തിരിഞ്ഞുനോക്കാതെയും അവരെ ദ്രോഹിക്കുന്നരീതിയിലും നടപടികളും ഉത്തരവുകളും നല്‍കുന്ന രീതി അധികാരികളെതന്നെയാണ് സ്വയമില്ലാതാക്കുന്നത്. ഇന്ത്യയിലെ മാധ്യമ ലോകം സ്തുതി പാഠകരുടെ മാത്രമായി മാറണമോ എന്ന് എല്ലാവരും ചിന്തിക്കേണ്ട കാലമാണിത്. ഈ വിലക്കില്‍ ആഹ്ലാദിക്കുന്ന എല്ലാവരും മറുപടി പറയേണ്ട ഒന്നും.