അഡ്വ. പി.പി റഊഫ്
1921 ലെ മലബാര്‍ കലാപത്തില്‍ രക്തസാക്ഷിത്വം വഹിച്ച ഇരുനൂറോളം ധീരദേശാഭിമാനികളുടെ പേര് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്ററി റിസര്‍ച്ച് പ്രസിദ്ധീകരിച്ച (Dictionary of Mtaryrs of India’s Freedom struggle) സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ICHR) തീരുമാനം ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതി ധീര രക്തസാക്ഷിത്വം വഹിച്ച ദേശാഭിമാനികളുടെ ത്യാഗത്തെ തമസ്‌കരിക്കുന്നതുമാണ്.
കൃത്യമായ ആസൂത്രണത്തോടെ ബോധിപ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ ഈ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്റ് അഡ്മിനിസ്‌ട്രേഷന്‍) ഓംജീം ഉപാധ്യായ്, അംഗങ്ങളായ ഡോക്ടര്‍ ഹിമാന്‍ഷൂ ചതുര്‍വേദി, ഐസക് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാനദണ്ഡമാക്കിയാണ് ധീര രക്തസാക്ഷികളെ അപമാനിക്കുന്ന നടപടികളിലേക്ക് ഐ.സി.എച്ച്.ആര്‍ കടന്നത്. 3 അംഗ സമിതി ബോധിപ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ മലബാര്‍ കലാപത്തെ കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ സമിതി പരിശോധിക്കുകയുണ്ടായിട്ടില്ലെന്നും മലബാര്‍ ഡിസ്ട്രിക്ട് കലക്ടര്‍ തോമസിന്റെയും പൊലീസ് സുപ്രണ്ട് ഹിച്ച് കോക്കിന്റെയും ആമു സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ മേധാവികള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ പടച്ചുണ്ടാക്കിയ കുറ്റപത്രങ്ങളെയും കലാപത്തെ എന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ള ചില സ്ഥാപിത താല്‍പര്യക്കാരുടെ വാദങ്ങളെയും മുന്‍നിര്‍ത്തി തയാറാക്കിയ സബ് കമ്മിറ്റി റിപ്പോര്‍ട്ട് മാനദണ്ഡമാക്കിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും പ്രത്യേകിച്ച് മലബാര്‍ കലാപത്തെയും വികലമായി ചിത്രീകരിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ പടച്ചുണ്ടാക്കിയ രേഖകളും ചില കേട്ടുകേള്‍വികളും മാത്രമാണ് തീരുമാനത്തിന് പിന്നില്‍. മലബാര്‍ കലാപത്തിലെ പല സംഭവങ്ങള്‍ക്കും ദൃക്‌സാക്ഷികളും അതിനെ സംബന്ധിച്ച് എശൃേെ വമിറ ശിളീൃാമശേീി ഉള്ള പ്രമുഖ നേതാക്കന്മാരുമായ എം.പി നാരായണ മേനോന്‍, മഞ്ചേരി രാമയ്യര്‍, ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍, യു. ഗോപാലമേനോന്‍, മൊയ്തുമൗലവി, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ഇത് സംബന്ധിച്ച് എഴുതിയ ലേഖനങ്ങളോ അവര്‍ ഈ വിഷയത്തില്‍ നടത്തിയ പ്രസംഗങ്ങളോ മലബാര്‍ കലാപത്തെ കുറിച്ച് കെ.എന്‍ പണിക്കര്‍, ഡോക്ടര്‍ എം.ജി.എസ് നാരായണന്‍, കെ.കെ. എന്‍ കുറുപ്പ്, ഡോ. എല്‍.ആര്‍.എസ് ലക്ഷ്മി, ഡോ. എം. ഗംഗാധരന്‍ എന്നീ ചരിത്രകാരന്മാര്‍ എഴുതിയ പുസ്തകങ്ങളും പരിശോധിക്കാതെയാണ് ഐ.സി.എച്ച്.ആര്‍ സബ്കമ്മിറ്റി ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത്. മലബാര്‍ കലാപത്തിന്റെ ചരിത്ര പശ്ചാത്തലവും പരിശോധിച്ചില്ല.
ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചുനിന്നാലുള്ള അപകടാവസ്ഥ മനസ്സിലാക്കിയ മലബാര്‍ ജില്ലാ കലക്ടര്‍ തോമസ്, ഡിസ്ട്രിക്റ്റ് പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് ഉള്‍പ്പെടെയുള്ളവര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും ആരംഭിച്ചു. മാധവന്‍നായര്‍, ഗോപാലമേനോന്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി എന്നിവരോ മറ്റു ഖിലാഫത്ത് നേതാക്കന്മാരോ ഏറനാട് താലൂക്കില്‍ യാതൊരു പൊതുയോഗത്തിനും പങ്കെടുക്കരുതെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്നങ്ങോട്ട് ഖിലാഫത്ത് പ്രസ്ഥാനം പൊളിക്കാനും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ അവിശ്വാസം ഉണ്ടാക്കാനുള്ള ശ്രമവുമാണ് ബ്രിട്ടീഷുകാര്‍ നടത്തിയത്. അന്നത്തെ ജന്മിമാരില്‍ മഹാഭൂരിപക്ഷവും ഹിന്ദു കുടുംബങ്ങള്‍ ആയിരുന്നതിനാല്‍ അവര്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്നായിരുന്നു ആജ്ഞാനുവര്‍ത്തികളായ അഞ്ചാം പത്തികള്‍ മുഖേന ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചത്. അതേസമയം ഖിലാഫത്ത് പ്രസ്ഥാനത്തിന് മുന്‍പില്‍ നിന്നിരുന്ന മുസ്‌ലിം നാമധാരികളെയൊക്കെ പൊലീസ് വേട്ടയാടാനും ആരംഭിച്ചു. ഈ വേട്ടയാടലാണ് ഖിലാഫത്ത് പ്രസ്ഥാനത്തെ പല സ്ഥലങ്ങളിലും അക്രമങ്ങളിലേക്ക് നയിച്ചത്.
ലക്ഷ്യങ്ങള്‍ക്ക് നിരക്കുന്നതല്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഖിലാഫത്തിന്റെ തലവന്മാരായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരും ഇടപെട്ടതും ഹിന്ദു സഹോദരന്മാരുടെ വീടുകള്‍ക്ക് പല ദേശങ്ങളിലും മുസ്‌ലിം സമുദായാംഗങ്ങളെ കാവല്‍ നിര്‍ത്തിയതും ‘ദേശീയവാദിയും മുസ്‌ലിം പക്ഷപാതി എന്ന ആക്ഷേപം കേള്‍ക്കാത്തയാളുമായ മൊയ്തുമൗലവി തന്റെ ആത്മകഥയില്‍ പലയിടത്തായി പറയുന്നുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരാത വാഴ്ചക്കെതിരെ പട പൊരുതി രക്തസാക്ഷിത്വം വഹിച്ച ധീരന്മാരെ അപമാനിക്കും വിധം അവരുടെ പേരുകള്‍ ‘രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന്’ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെയും രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പാദമുദ്രകളെയും ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ പോളിസി നടപ്പാക്കുന്നതിനു വേണ്ടി ഇത്തരം അടവുകള്‍ പുറത്തിറക്കുന്നത്. ചരിത്രം യഥാവിധി രേഖപ്പെടുത്താന്‍ ബാധ്യസ്ഥരായവരാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട ധീരദേശാഭിമാനികളുടെ ചരിത്രം വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത് കൊണ്ടോ വെട്ടിമാറ്റിയത് കൊണ്ടോ ചരിത്രം മാറില്ല. തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറ് കാണിച്ചുകൊടുത്തവരും കൊലക്കയറുകളെ പൂമാലകളെ പോലെ സ്വീകരിച്ചവരുമായ ധീരന്മാര്‍ ആരുടെ കയ്യില്‍ നിന്നും പട്ടും വളയും താമ്രപത്രവും പ്രതീക്ഷിച്ചല്ല മരണം പുല്‍കിയത്. മഹത്തായ ഈ മണ്ണിനു വേണ്ടിയാണ് അവര്‍ ജീവന്‍ വെടിഞ്ഞത്.