X

മമത മുട്ടുകുത്തിച്ചപ്പോള്‍ മുട്ടിലിഴഞ്ഞ് പിണറായി- അഡ്വ. കെ.എം ഷാജഹാന്‍

അഡ്വ. കെ.എം ഷാജഹാന്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബി.ജെ. പിയുമായി ബന്ധമുണ്ട് എന്ന് ആരോപണം ഉയര്‍ന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ രാജ്ഭവനില്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ തര്‍ക്കമാണ്, നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പ് വെക്കില്ല എന്ന നിലപാടിലേക്ക് ഗവര്‍ണറെ കൊണ്ടെത്തിച്ചത്. ഈ മാധ്യമ പ്രവര്‍ത്തകന്റെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും, ഉത്തരവിനോടൊപ്പം പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ എഴുതിയ ഒരു വിയോജന കുറിപ്പും ഉള്‍പ്പെട്ടിരുന്നു എന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഈ നടപടി തീര്‍ത്തും തെറ്റായി പോയി എന്നും, വിയോജനം ഉണ്ടായിരുന്നു എങ്കില്‍ അക്കാര്യം തന്നോട് വ്യക്തമാക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി നേരിട്ടായിരുന്നു എന്നും, ഒരു ഉദ്യോഗസ്ഥനെ കൊണ്ട് തന്നോടുള്ള വിയോജനം രേഖാമൂലം അറിയിച്ചത് തെറ്റായി പോയി എന്നും നിലപാട് എടുത്ത ഗവര്‍ണര്‍, ഈ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത്‌നിന്ന് നീക്കാതെ, നയപ്രഖ്യാപനത്തില്‍ ഒപ്പ് വെക്കില്ല എന്ന നിലപാട് എടുക്കുകയായിരുന്നു. ഗവര്‍ണറെ ഇക്കാര്യത്തില്‍ അനുനയിപ്പിക്കാന്‍ നിയമമന്ത്രി രാജ്ഭവനില്‍ ചെന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുകയും, വിയോജന കുറിപ്പ് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാം എന്ന് ഗവര്‍ണര്‍ക്ക് ഉറപ്പ് നല്‍കുകയുമായിരുന്നു. ഇതിനെതുടര്‍ന്നാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പ് വെക്കാന്‍ തയാറായത്.

ഗവര്‍ണറുടെ എതിര്‍പ്പ് അംഗീകരിച്ച്‌കൊണ്ട്, മാധ്യമപ്രവര്‍ത്തകനെ രാജ്ഭവനില്‍ നിയമിച്ച് ഉത്തരവില്‍ വിയോജനക്കുറിപ്പെഴുതിയ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയ മുഖ്യമന്ത്രിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് കാരണമാവുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് പൊതുഭരണ സെക്രട്ടറി ഉത്തരവിനോടൊപ്പം വിയോജനകുറിപ്പ് എഴുതിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കിയ ഉദ്യോഗസ്ഥനെ, ഗവര്‍ണറുടെ വിരട്ട് അംഗീകരിച്ച് കൊണ്ട് തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിച്ച പിണറായി വിജയന്റെ തീരുമാനത്തിനെതിരെ ഘടകകക്ഷിയായ സി. പി.ഐ പോലും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. പിണറായി വിജയന്റെ ഇടപെടല്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് സി.പി.ഐ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു.

ഈ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായതിന് സമാനമായ ഒരു സംഭവത്തില്‍, എടുത്ത നിലപാടെന്ത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാദ്ധ്യായ 2021 മെയ് 31 ന് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ടതായിരുന്നു. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥര്‍ ആണ് എന്നതിനാല്‍ ഈ ഉദ്യോഗസ്ഥന് 3 മാസത്തെ കാലാവധി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് 2021 മെയ് 24ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിനിടെ ബംഗാളില്‍ ആഞ്ഞടിച്ച ‘യാസ്’ കൊടുങ്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ ബംഗാളില്‍ ഉണ്ടാക്കുകയുണ്ടായി. യാസ് കൊടുങ്കാറ്റിനെതുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് ബംഗാളിലെ കലൈകുണ്ട എന്ന സ്ഥലത്തെത്തിയിരുന്നു. ഈ അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയും ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാദ്ധ്യായയും പങ്കെടുക്കുകയുണ്ടായില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി, പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിനെ ക്ഷുഭിതരാക്കി. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാദ്ധ്യായക്ക് സേവന കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിന് അയച്ച കത്ത് പൊടുന്നനെ റദ്ദാക്കുകയും, മെയ് 31ന് ഡല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്കില്‍ രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ ഏകപക്ഷീയ നിലപാടിനോട് അതിശക്തമായാണ് മമത ബാനര്‍ജി പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ‘ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണ്’ എന്ന് മമത തുറന്നടിച്ചു. ‘രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നടപടിയാണിത്’ മമത പറഞ്ഞു. അതുകൊണ്ടു തന്നെ, ആലാപന്‍ ബന്ധോപാദ്ധ്യായയെ തിരിച്ചുവിളിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ‘ഈ കത്ത് പിന്‍വലിക്കാനും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ അനുവദിക്കാനും ഞാന്‍ അങ്ങയോട് അഭ്യര്‍ഥിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ദുഷ്ട ലാക്കോടെ പ്രവര്‍ത്തിക്കരുത് എന്ന് ഞാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിക്കുന്നു’ മമത വ്യക്തമാക്കി. അച്ചടക്ക നടപടിയെടുക്കാനാണ് ആലാപന്‍ ബന്ധോപാദ്ധ്യായയെ തിരികെ വിളിക്കുന്നത് എന്ന് ബോധ്യമായ മമത പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇപ്രകാരം പറഞ്ഞു: ‘കാലവധി നീട്ടുന്ന നേരത്തെ ഉള്ള ഉത്തരവ് നിയമപരമായ ചര്‍ച്ചക്ക് ശേഷവും നിലവിലുള്ള നിയമനങ്ങള്‍ക്ക് അനുസൃതവും ആയാണ് പുറത്തിറക്കിയത് എന്ന ഞങ്ങളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആ ഉത്തരവ് നിലനില്‍ക്കും എന്നും സാധുവാണ് എന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് ഈ നിര്‍ണായക മണിക്കൂറില്‍ ചീഫ് സെക്രട്ടറിയെ വിട്ടുതരാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് കഴിയില്ല. ഏറ്റവും പുതിയ ഉത്തരവ്, നിലവിലുള്ള നിയമങ്ങളുടെ വ്യക്തമായ ലംഘനവും പൊതുതാല്‍പര്യത്തിന് എതിരുമാണ്. അതുകൊണ്ട് ഈ ഉത്തരവ് നിലനില്‍ക്കുന്നതല്ല’ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മമത വ്യക്തമാക്കി.

എന്നാല്‍ ആലാപന്‍ ബന്ധോപാദ്ധ്യായയെ വിട്ടുനല്‍കിയാല്‍, കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കും എന്ന് ഉറപ്പായിരുന്നു എന്നതിനാല്‍ മമത ബാനര്‍ജി എന്താണ് ചെയ്തതെന്ന് അറിയാമോ? അവര്‍ ആലാപന്‍ ബന്ധോപാദ്ധ്യയെ കേന്ദ്ര സര്‍ക്കാറിന് വിട്ടുകൊടുക്കാതെ, അദ്ദേഹത്തെകൊണ്ട് ചീഫ് സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ച്, അദ്ദേഹത്തെ തന്റെ മുഖ്യ ഉപദേഷ്ടാവായി ചീഫ് സെക്രട്ടറി റാങ്കില്‍ തന്നെ നിയമിച്ച്, കേന്ദ്ര സര്‍ക്കാരിനോട് പകരം വീട്ടി!

എന്നാല്‍ കേരളത്തിലോ? സംസ്ഥാന സര്‍ക്കാരിന് വേണ്ടി, സര്‍ക്കാറിന്റെ ആവശ്യപ്രകാരം വിയോജനക്കുറിപ്പെഴുതിയ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ, തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കണ്ണുരുട്ടിയപ്പോള്‍, പിണറായി വിജയന്‍ മിനിറ്റുകള്‍ക്കകം ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി! മമത മുട്ടുകുത്തിച്ചപ്പോള്‍, പിണറായി മുട്ടിലിഴഞ്ഞു!

Test User: