ഇന്ത്യയിലെ ഭാഷാപരമായ സര്‍വ ഇടപാടുകളും ഹിന്ദിയില്‍ ആക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷനായ മുപ്പതംഗ ഭാഷാ പാര്‍ലമെന്ററികാര്യസമിതി നിര്‍ദേശിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമിതി നല്‍കിയ 112 പേജുള്ള റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വലിയ അപകടമുണ്ടാക്കുന്നതാണെന്ന് ഇതിനകം ഉയര്‍ന്നുകഴിഞ്ഞ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ ഇടംകൊടുക്കുക പോലും ചെയ്യരുതെന്ന ശാഠ്യത്തിന്റെ നെല്ലും പതിരും വേര്‍തിരിക്കുന്നതിന് മുമ്പ് ചില വസ്തുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഭാഷാവൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യയെന്ന രാജ്യം. ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. 12 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഹിന്ദിയെ ആശയവിനിമയത്തിനുള്ള പ്രഥമ ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദിക്ക് രണ്ടോ മൂന്നോ സ്ഥാനമാണുള്ളത്. ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലീഷാണ് രണ്ടാം ഭാഷ.
2011ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയില്‍ 43.63 ശതമാനത്തിന് മാത്രമേ ഹിന്ദി മനസ്സിലാക്കാനും സംസാരിക്കാനും അറിയൂ. 25 ശതമാനം പേരുടെ മാത്രം മാതൃഭാഷയാണ് ഹിന്ദി. ഗുജറാത്തില്‍ പോലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഗുജറാത്തികള്‍ക്ക് ഹിന്ദിയൊരു വിദേശ ഭാഷയെ പോലെയാണെന്ന് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്തിന്റെ സ്ഥിതിയാണിത്. ഗുജറാത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പഠന മാധ്യമം പോലും ഗുജറാത്തിയാണ്. ഏതാനും മാസം മുമ്പ് ജയ്പൂരില്‍ നടന്ന ബി.ജെ.പി ദേശീയ നേതൃ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ മോദി പറഞ്ഞതും ഭാഷാവൈവിധ്യം ഇന്ത്യയുടെ ആത്മാവാണെന്നാണ്. പക്ഷേ, പ്രധാനമന്ത്രിയുടെ വാക്കുകള്‍ കാപട്യം നിറഞ്ഞതാണെന്ന് അമിത് ഷായുടെ കാര്‍മികത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലും ഐ.ഐ.ടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ഹിന്ദി നിര്‍ബന്ധിത പഠന മാധ്യമമാക്കിയില്ലെങ്കില്‍ അമിത്ഷാക്ക് ഉറക്കംവരില്ല. എന്തിനേറെ എംബസി ഇടപാടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കിടയിലെ എഴുത്തുകുത്തുകള്‍ പോലും ഹിന്ദിയിലാക്കണമത്രെ! ഹിന്ദിയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥന് പ്രത്യേക അലവന്‍സും അല്ലാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അടക്കമുള്ള തുടര്‍ നടപടികളും നേരിടേണ്ടിവരും. ഒരു രാഷ്ട്രം ഒരു ഭാഷയെന്ന ഏകാധിപത്യ, ഫാസിസ്റ്റ് നിലപാട് രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ റിപ്പോര്‍ട്ടെന്ന് ആര്‍ക്കും പെട്ടെന്ന് പിടികിട്ടും. അമിത്ഷായുടെ ഹിന്ദു രാഷ്ട്ര മോഹങ്ങള്‍ക്ക് പ്രധാന തടസ്സം ഭാഷാ വൈവിധ്യമാണ്.
കോടിക്കണക്കിന് ആളുകളുടെ നാവിന്‍ തുമ്പില്‍നിന്ന് മാതൃഭാഷയെ അടര്‍ത്തിമാറ്റി മറ്റൊരു ഭാഷയെ പ്രതിഷ്ഠിക്കാനുള്ള ഏത് നീക്കവും രാജ്യത്തെ കീറി മുറിക്കുന്നതിന് തുല്യമാണ്. ഹിന്ദി കേവലമൊരു ഭാഷ മാത്രമാണ്. ആശയവിനിമയ മാധ്യമമെന്നതിനപ്പുറം അതിന് സങ്കുചിത നിറങ്ങളും വ്യാഖ്യാനങ്ങളും നല്‍കാന്‍ ശ്രമിക്കുന്നത് രാജ്യത്തെ വലിയ ദുരന്തത്തിലേക്കാണ് എത്തിക്കുക. ഫെഡറല്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കാനും മറ്റുള്ളവയെ തുടച്ചുനീക്കാനുമാവില്ല. ബി.ജെ.പിയുടെ സമുന്നതരായ നേതാക്കളില്‍ പോലും പലര്‍ക്കും ഹിന്ദി അറിയില്ലെന്നിരിക്കെ രാജ്യത്ത് ഭാഷയുടെ പേരില്‍ കലാപമുണ്ടാക്കാനല്ലാതെ മറ്റെന്തിനാണ് ഇത്തരം നിര്‍ദേശങ്ങളുമായി എഴുന്നള്ളുന്നതെന്ന ചോദ്യത്തിന് അമിത്ഷാ രാജ്യത്തോട് മറുപടി പറയണം. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ഇംഗ്ലീഷിനോടൊപ്പം ഭരണവ്യവഹാരത്തിനുള്ള ഭാഷയായി മാത്രമാണ് ഹിന്ദിയെ ഭരണഘടന കാണുന്നത്. പാര്‍ലമെന്റില്‍ ഹിന്ദിയും ഇംഗ്ലീഷും ആവാം. ഒരു മതവും ഒരു ഭാഷയുമുള്ള രാജ്യമായി ഇന്ത്യയെ ഉടച്ചുവാര്‍ക്കുന്നതിന് രാജ്യത്തെ നൂറുകണക്കിന് പ്രാദേശിക ഭാഷകളെയുടെ അവയുടെ വകഭേദങ്ങളെയും കൊന്നൊടുക്കണമെന്ന് അമിത്ഷാ സ്വപ്‌നം കാണുന്നുണ്ട്. അതൊരു സ്വപ്‌നത്തിനപ്പുറം പോകില്ലെന്ന തിരിച്ചറിവ് സംഘ്പരിവാറിനുണ്ടാകുന്നത് നല്ലതാണ്