X

ജയലളിതക്കെതിരെ ഗുരുതര ആരോപണവുമായി കമല്‍ഹാസന്‍

kamal haasan jayalalitha died issue

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്‍. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായാണ് ഉലകനായകന്‍ രംഗത്തെത്തിയത്. പണം താന്‍ സ്വീകരിക്കാത്തതിനാലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും തന്റെ ‘വിശ്വരൂപം’ സിനിമ ജയലളിത നിരോധിച്ചതെന്നും കമലഹാസന്‍ പറഞ്ഞു.

സോണിയ സിങിന്റെ ‘ഇന്ത്യയെ നിര്‍വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ’ എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസന്‍ വിവാദ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍ ജയലളിതയെ ‘മഹാറാണി’ എന്നാണ് കമലഹാസന്‍ വിശേഷിപ്പിച്ചത്.

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്ക് വേണ്ടി ‘വിശ്വരൂപ’ത്തിന്റെ ടെലിവിഷന്‍ അവകാശം ആവശ്യപ്പെട്ട് ജയലളിതയുടെ കൂട്ടാളി തന്നെ സമീപിച്ചിരുന്നു. ജയലളിത സ്വാധീനമുള്ള ആളായിരുന്നതിനാല്‍ തനിക്ക് ആ നിര്‍ദ്ദേശം സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അവകാശത്തിനുള്ള പ്രതിഫലമായി തനിക്ക് അവര്‍ കള്ളപ്പണം വാഗ്ദാനം ചെയ്തപ്പോള്‍ താന്‍ ആ കരാറില്‍ നിന്നും പിന്മാറി. തന്റെ ആത്മാഭിമാനത്തെ ജയലളിത വിലകുറച്ച് കണ്ടുവെന്നും കമലഹാസന്‍ പറഞ്ഞു. തുടര്‍ന്ന് ജയലളിതയുടെ കൂട്ടാളികളില്‍ ഒരാളായ ഒരു പൊലീസ് മേധാവിയും ‘ജയ ടി.വി’യുടെ തലവനും കൂടിചേര്‍ന്ന് ‘വിശ്വരൂപം’ തീയറ്ററില്‍ പോയി കണ്ടുവെന്നും ഇവരാണ് ചിത്രം കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് ജയലളിതയോട് പറഞ്ഞതെന്നും കമലഹാസന്‍ പറഞ്ഞു. തുടര്‍ന്ന് തന്നോട് വിരോധമുണ്ടായിരുന്ന ജയലളിത ചിത്രം നിരോധിക്കുകയായിരുന്നു.

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രധാന കാരണവും ജയലളിതയാണ്. ഇതെല്ലാം ചെയ്താൽ ഞാൻ പോയി കാലുപിടിക്കുമെന്നാണ് അവർ കരുതിയത്. എന്നാല്‍ താന്‍ ആത്മാഭിമാനിയാണെന്നതിനെ കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു. അന്ന് ചിത്രം നിരോധിച്ചതിനെ തുടര്‍ന്ന് താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തെ നിരോധനത്തില്‍ നിന്നും രക്ഷിച്ചെടുത്തതെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. 2013ലാണ് ഏറെ വിവാദങ്ങള്‍ക്ക് നടുവില്‍ ‘വിശ്വരൂപം’ റിലീസ് ചെയ്തത്. വിലക്കുകള്‍ കോടതി വഴി നീക്കിയ ശേഷം ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ലൊസാഞ്ചലസില്‍ നടത്താന്‍ തീരുമാനിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പിന്നീട് പുറത്തിറങ്ങിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും തന്റെ പ്രസ്താവനകള്‍ കൊണ്ടു തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞുനിന്ന ആളായിരുന്നു കമല്‍ ഹാസന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി വിവാദങ്ങള്‍ക്ക് തിരികൊളുത്തി നിറഞ്ഞുനില്‍ക്കാനുള്ള ഒരുക്കത്തിലാണ് ഉലക നായകനും പാര്‍ട്ടിയും.

chandrika: