യു.പി അബ്ദുറഹ്മാന്‍
മൈസൂര്‍: മൈസൂര്‍ ദസറയെ നെഞ്ചേറ്റി നാടും നഗരവും. പ്രശസ്തമായ മൈസൂര്‍ കൊട്ടാരം, മൈസൂര്‍ വൃന്ദാവനം, ശ്രീരംഗപട്ടണം, ടിപ്പു സുല്‍ത്താന്‍ കോട്ട, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുത ദീപാലങ്കരങ്ങളാല്‍ പ്രഭാപൂരിതമാണ്. എല്ലാ ദിവസവും വൈകീട്ട് 6 മണി മുതല്‍ ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്‍മാരും സംഗീതഞ്ജരും നര്‍ത്തകരും അണിനിരക്കുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ കാണാന്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണനുഭവപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും ദസറ ആഘോഷത്തിന് ആളുകളെത്തുന്നുണ്ട്. ദസറ ദിവസങ്ങളില്‍ സസ്യാഹാരമായ ‘ബാത്ത്’ വീടുകളില്‍ പ്രത്യേകമായി ഉണ്ടാക്കുന്നു. 29ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര (ദസറ)യോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.