X

ഉന്നത പദവികള്‍ ഇഷ്ടദാനമാകുമ്പോള്‍-എഡിറ്റോറിയല്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളെ ഏറെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു പിന്‍വാതില്‍ നിയമനം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വരിനില്‍ക്കുന്നവരെ മറികടന്ന് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കെട്ടടങ്ങുകയാണുണ്ടായത്. കെ.ടി ജലീലിന്റെ മന്ത്രിക്കസേര പോലും തെറിച്ചത് നിയമന വിവാദക്കൊടുങ്കാറ്റിലാണ്. ഭരണത്തിന്റെ രണ്ടാമൂഴത്തിലും നിയമങ്ങള്‍ കാറ്റില്‍പറത്തി പാര്‍ട്ടി സില്‍ബന്ധികളെ തിരുകാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഇടതുസര്‍ക്കാരെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ നിയമനം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ കെണിയില്‍ വീണിരിക്കുകയാണ്.

ഊണും ഉറക്കുമൊഴിച്ച് രാപകല്‍ പാര്‍ട്ടിക്കുവേണ്ടി ഓടി നടക്കുന്ന പാര്‍ട്ടി നേതാക്കളുടെ കുടുംബം പട്ടിണിയാകാതിരിക്കാന്‍ ഭരണ സ്വാധീനമുപയോഗിച്ച് ഭാര്യമാര്‍ക്ക് ഉന്നത പദവികള്‍ ദാനം ചെയ്യുന്ന സംഭവം ആദ്യത്തേതല്ല. പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയന് ഉയര്‍ന്ന യോഗ്യതയുള്ള നിരവധി പേരെ തഴഞ്ഞ് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതും മുന്‍ എം.പി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിന്‍ സര്‍വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറാക്കിയതും എം.ബി രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമെല്ലാം യോഗ്യതകള്‍ അട്ടിമറിച്ചും അര്‍ഹരായവരെ തഴഞ്ഞുമാണെന്ന ആരോപണം ശക്തമാണ്. നേതാക്കളുടെ ഭാര്യമാരായത് ഒരു അയോഗ്യതയാണോ എന്നാണിപ്പോള്‍ സി.പി.എമ്മിന്റെ മറുചോദ്യം. അങ്ങനെയൊരു ചോദ്യത്തിലൂടെ ഓട്ടയടക്കാവുന്ന രൂപത്തിലല്ല പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയ നിയമനങ്ങള്‍. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ റാങ്ക് പട്ടികയിലുള്ളവരെ പോലും നോക്കുകുത്തികളാക്കി സ്വന്തക്കാരെ തിരുകാന്‍ സി.പി.എം നേതൃത്വത്തിന് അല്‍പം പോലും ലജ്ജയില്ല. നേരത്തെ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറായി നിയമിച്ചതും വലിയ വിവാദമായിരുന്നു.
ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ കടുത്ത നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം ഇവര്‍ക്കില്ല. ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവുമെല്ലാം ഒരുമിച്ചുകൂട്ടിയാണ് പ്രിയക്ക് അധ്യാപന പരിചയമുണ്ടെന്ന് അധികൃതര്‍ വാദിക്കുന്നത്. മാത്രമല്ല, റിസര്‍ച്ച് സ്‌കോറിന്റെ വിശദാംശങ്ങള്‍ പരിഗണിക്കുമ്പോഴും ചുരുക്കപ്പട്ടികയിലുള്ള ആറ് ഉദ്യോഗര്‍ഥികളില്‍ രാഗേഷിന്റെ ഭാര്യ ഏറെ പിന്നിലാണ്. എന്നിട്ടും അവര്‍ ഇന്റര്‍വ്യൂവില്‍ ഏറെ മുന്നിലെത്തിയെന്നതാണ് ഏറെ വിചിത്രം. യു.ജി.സി ആവശ്യപ്പെടുന്ന യോഗ്യതകള്‍ എല്ലാമുള്ളവര്‍ പിന്നിലാവുകയും ചെയ്തു. പ്രിയ വര്‍ഗീസ് സി. പി.എം നേതാവിന്റെ ഭാര്യയായതുകൊണ്ട് മാത്രമാണ് അങ്ങനെ സംഭവിച്ചതെന്ന് വ്യക്തം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി കൂട്ടിച്ചേര്‍ത്ത് നിയമന വാതില്‍ തുറന്നുകൊടുക്കുമായിരുന്നോ? കോവിഡ് പേടിയെല്ലാം നാട് നീങ്ങുകയും യൂണിവേഴ്‌സിറ്റികള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഓണ്‍ലൈനാക്കിയത് തട്ടിപ്പിന് കളമൊരുക്കാനായിരുന്നു.

പ്രിയ വര്‍ഗീസിന്റെ നിയമനത്തെ ന്യായീകരിക്കുന്നതില്‍ പ്രധാനി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രനാണ്. അദ്ദേഹത്തിന് എക്സ്റ്റന്‍ഷന്‍ കൊടുക്കാനിരിക്കെയാണ് ഇന്റര്‍വ്യൂവും നിയമനവുമെല്ലാം നടന്നത്. ഒത്തുകളിച്ച് ഇരുപക്ഷവും സ്വന്തം കാര്യം ഭദ്രമാക്കിയിരിക്കുന്നു. അതിനുവേണ്ടി നിയമഭേദഗതിക്കുപോലും ഇടതു മന്ത്രിസഭ ധൈര്യം കാട്ടിയെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടിക്കൊടുത്തതില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടസം നില്‍ക്കുമെന്ന് അറിയാവുന്നതുകൊണ്ട് സര്‍ക്കാര്‍ ഒരു മുഴം മുമ്പേ എറിയുകയായിരുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കണ്ണില്‍ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്കുള്ളതല്ല. പകരം രാഷ്ട്രീയ മുതലെടുപ്പിനുള്ള കേന്ദ്രമായി മാത്രമാണ് അവര്‍ അതിനെ കാണുന്നത്. പുതിയ സംഭവ വികാസങ്ങള്‍ അക്കാര്യം തുറന്നുകാട്ടുകയും ചെയ്യുന്നു.

Test User: