ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ പുഴയിലേക്ക് തെറിച്ചു വീണ നാലാമത്തെ ആള്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിയത്. നാളെ രാവിലെ സ്‌കൂബ ടീം എത്തി തിരച്ചില്‍ പുനരാരംഭിക്കും.
തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. വളവു തിരിഞ്ഞ ഉടനെയാണ് പാളത്തില്‍ ഇവരെ കണ്ടതെന്നും പലതവണ ഹോണ്‍ അടിച്ചെന്നും എമര്‍ജന്‍സി ഹോണും മുഴക്കിയെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. എന്നാല്‍ അവര്‍ വളരെ അടുത്തായിരുന്നെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും തനിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.
ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.