X

മണിപ്പൂർ എന്ന് പറയുമ്പോൾ അദ്ദേഹം കരുതിയത് കരീന കപൂർ എന്നാണ്; മോദിയെ ട്രോളി കോൺഗ്രസ്

കപൂര്‍ കുടുംബവുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് കോണ്‍ഗ്രസ്. ‘ഞങ്ങള്‍ മണിപ്പൂര്‍ എന്ന് പറയുമ്പോള്‍ മോദി ചിന്തിക്കുന്നത് കരീന കപൂര്‍ എന്നാണ്?’ -ഇതായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ പരിഹാസം.

കലാപബാധിത മേഖലയായ മണിപ്പൂര്‍ മോദി അവഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്ത് നടന്ന വംശീയ കലാപത്തില്‍ 200ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നിട്ടും മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാന്‍ പ്രധാനമന്ത്രി തയാറായില്ല എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിരന്തരം ഉന്നയിക്കുന്ന ആരോപണം.

ചൊവ്വാഴ്ചയാണ് മോദിയെ രാജ് കപൂര്‍ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാന്‍ കരീന കപൂര്‍, കരീഷ്മ കപൂര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, റിദ്ദിമ കപൂര്‍ സാഹ്നി, നീതു കപൂര്‍, ആദര്‍ ജെയിന്‍, അര്‍മാന്‍ ജെയിന്‍ എന്നിവരടങ്ങുന്ന സംഘം എത്തിയത്. ഇവര്‍ മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു.

രാജ് കപൂറിന്റെ പേരക്കുട്ടിയായ കരീന കപൂര്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് എത്തിയത്. മോദിക്കൊപ്പമുള്ള നിരവധി ഫോട്ടോകളും കരീന പുറത്തുവിട്ടു. കരീനയുടെ മക്കള്‍ക്ക് മോദി ഓട്ടോഗ്രാഫ് നല്‍കുന്നതാണ് അതിലൊരു ചിത്രം. ഡിസംബര്‍ 13ന് രാജ് കപൂറിന്റെ 100ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

webdesk13: