X
    Categories: More

വിദ്വേഷ പ്രസംഗങ്ങള്‍ എഴുതിത്തള്ളുമ്പോള്‍

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വഖഫ് വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ പരാമര്‍ശം നടത്തിയ സുരേഷ്ഗോപിക്കും വാവര് പള്ളിയെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപായിരുന്നു കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണ് അന്വേഷണത്തിന് പോലും തയാറാകാതെ പൊലീസിന്റെ ഏകപക്ഷിയമായ നടപടി പിണറായി പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനവും തീര്‍ത്തും പക്ഷപാതപരവും ആസൂത്രിതവുമായ അവരുടെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ നല്‍കുന്ന പിന്തുണയും കേരളത്തില്‍ പരസ്യമായിത്തീര്‍ന്ന രഹസ്യമാണ്. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും ലഭിക്കാത്ത ഈ പിന്തുണ അഭംഗുരം തുടരുന്നുവെന്നത് തിരിച്ചടികളില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ല എന്ന സര്‍ക്കാറിന്റെ പ്രഖ്യാപനമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പെട്ടി വിവാദമായും കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലുകളായും ഈ അവിശുദ്ധ ബാന്ധവം മറനിക്കിപ്പുറത്തുവരികയും മതേതര വിശ്വാസികളില്‍ നിന്ന് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ ഒത്തുതീര്‍പ്പെന്നത് സി.പി.എം തുടങ്ങിവെച്ചിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയ ത്തിലേക്കുള്ള വിരല്‍ചൂണ്ടലാണ്.

കേരള പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണത്തിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെ ആരംഭംകുറിച്ചതാണ്. സിറാജുന്നിസ എന്ന പതിനൊന്നുകാരി പാലക്കാട്ടെ പുതുപ്പള്ളിത്തെരുവില്‍ കൊല്ലപ്പെടാന്‍ കാരണമായത് എ.ജി രമണ്‍ ശ്രീവാസ്തവയുടെ ആക്രോശമായിരുനന്നുവെങ്കില്‍ അതേ രമണ്‍ ശ്രീവാസ്തവയെ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി നിയോഗിച്ചുകൊണ്ട് തുടക്കമിട്ട നീക്കങ്ങള്‍ക്ക് പിന്നീട് ഒരിടവേളപോലും ഉണ്ടായിട്ടില്ല. 2017 ആഗസ്റ്റ് 17ന് കന്യാ കുമാരിയില്‍ പൊലീസില്‍ ആര്‍.എസ്.എസ് വിങ് പഠന ശിബിരം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുകയുണ്ടായി. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്നപേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകരെ പിണറായിയുടെ പൊലീസ് അറസ്റ്റുചെയ്തത് കേരളത്തെ ഞെട്ടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹതിക്ക് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലക്കെതിരായ ആര്‍.എസ്.എസിന്റെ വ്യാജ പ്രചരണത്തിന് വളംവെച്ചുനല്‍കാനും കേരള പൊലീസ് കിണഞ്ഞുശ്രമിക്കുന്നതും ഇതിന്റെ ഉദാഹരണം തന്നെ. പിണറായി സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിസാരമായ സംഭവങ്ങളില്‍ പോലും ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെടുമ്പോള്‍ ഇതേ പൊലീസ് തന്നെയാണ് ആര്‍.എസ്.എസുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസുകള്‍ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതും. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും നിരവിധി തവണ കൂടിക്കാഴ്ച്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിലെന്താണ് അല്‍ഭുതപ്പെടാനുള്ളതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ആവര്‍ത്തിച്ചത്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ലോക്നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു എന്നുമാത്രമല്ല, വിരമിച്ച ശേഷം ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൊച്ചി മെട്രോയുടെ എം.ഡിയായി നിയമിക്കുകയും ചെയ്യുകയുണ്ടായി. 2018 ല്‍ ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദുഐക്യവേദി കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കാന്‍ മടികാണിക്കാതിരുന്നതും ഈ പൊലീസ് തന്നെയാണ്. പിണറായി അധികാരമേറ്റ കാലംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം ഭരണപക്ഷ എം.എല്‍.എ പി.വി. അന്‍വര്‍തന്നെ ഈയിടെ തുറന്നു പറയുകയുണ്ടായി സി.പി.ഐ നേതാവ് ആനിരാജയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ആനിരാജക്ക് മൗനിയാകേണ്ടിവന്നപ്പോള്‍ അന്‍വറിന് മുന്നണി തന്നെ വിടേണ്ടിവന്നു എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് കേന്ദ്രനേത്യത്വത്തിന്റെ ആശിര്‍വാദത്തോടെ യോഗാചാര്യന്‍ ശ്രിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ തുടര്‍ചയായ ഈ ബന്ധം കൊണ്ടുംകൊടുത്തും മുന്നേറുകയാണ്. കേരള പൊലീസ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുമ്പോള്‍ പിണറായിക്ക് ലഭിക്കുന്ന ആനുകൂല്യം തനിക്കെതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അനേ ഷണത്തില്‍നിന്നുള്ള പൂര്‍ണ സംരക്ഷണമാണ്.

 

webdesk17: