ന്യൂഡല്‍ഹി: കുടിയേറ്റക്കാരെ സംബന്ധിച്ച ഒരു വിവരവുമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പാര്‍ലമെന്റിലെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കുടിയേറ്റക്കാരെ സംബന്ധിച്ച ഒരു വിവരവും കേന്ദ്ര സര്‍ക്കാറിന്റെ കൈവശമില്ലെങ്കില്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം കോടി അനുവദിക്കുന്നതെങ്ങനെയെന്ന ചോദ്യവുമായാണ് തരൂര്‍ രംഗത്തെത്തിയത്.
നല്ല വാര്‍ത്തയും മോശം വാര്‍ത്തയും എന്ന ട്വീറ്റ്ില്‍ ബിജെപിയോട് ചോദ്യങ്ങളള്‍ പാടില്ല എന്ന ഹാഷ്ടാഗിലായിരുന്നു തരൂരിന്റെ ചോദ്യം.
കുടിയേറ്റക്കാര്‍ക്കായി 3 ലക്ഷം കോടി ചെലവഴിക്കുമെന്ന് സര്‍ക്കാര്‍. എന്നാല്‍ എത്ര പേരുണ്ടെന്നോ എവിടെയാണെന്നോ ഒരു വിവരവുമില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനോട് പറയുന്നു. കുടിയേറ്റക്കാരെക്കുറിച്ച് സര്‍ക്കാരിന് ഒരു വിവരവുമില്ലെങ്കില്‍, അവര്‍ എങ്ങനെ ഈ ഫണ്ട് അനുവദിക്കും?, കുടിയേറ്റക്കാര്‍ക്കും വെന്റിലേറ്ററുകള്‍ക്കുമായി പിഎം-കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 3 കോടി രൂപ ചെലവഴിത്ത മെയ് മാസത്തിലെ റിപ്പോര്‍ട്ട് പങ്കുവെച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍, മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നതോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമോ ധനസഹായമോ നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മഹാമാരിക്കിടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, ‘കോവിഡ് -19 കുടിയേറ്റ തൊഴിലാളികളില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് ശൂന്യവേളയില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി എംപി മനോജ് ധാ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശൂന്യവേളയില്‍ വിഷയം ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി രംഗത്തെത്തിയത്. ഇന്നലെ പിരിഞ്ഞ രാജ്യസഭ ഇന്ന് 9 മണിക്ക് ആരംഭിച്ചു.
അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നതിനും മരിച്ചു വീഴുന്നതിനും ലോകം മുഴുവന്‍ സാക്ഷിയാണെന്നും മോദി സര്‍ക്കാര്‍ മാത്രം ആ വാര്‍ത്തയറിഞ്ഞില്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.