X

ഫാസിസം ചുവടുറപ്പിക്കുമ്പോള്‍- പ്രൊഫ: പി.കെ.കെ തങ്ങള്‍

പ്രൊഫ: പി.കെ.കെ തങ്ങള്‍

ഒരു വ്യക്തിയെന്ന അടിസ്ഥാന തലംമുതല്‍ കുടുംബനാഥന്‍, നാട്ടുപ്രമാണി, അധികാരി മുതല്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ഘടന തുടര്‍ന്നാണല്ലോ കാലം ഇന്നെത്തി നില്‍ക്കുന്ന സമൂഹ ഘടനയില്‍ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. സമൂഹഭദ്രതയ്ക്ക് എവിടെയും എപ്പോഴും ആവശ്യമായിട്ടുള്ളത് സൗഹൃദവും പരസ്പരധാരണയും തിരിച്ചറിവുമാണ്. വിദ്യാഭ്യാസ നിലവാരംവെച്ചല്ലാതെ മനുഷ്യനില്‍ നിക്ഷിപ്തമായ സാമാന്യ ബുദ്ധിയിലൂടെ തന്നെ പരസ്പരം വിലയിരുത്താനുള്ള കഴിവ് ഓരോ വ്യക്തിയിലുമുണ്ട്. മുഖപ്രസാദം, കാരുണ്യമൂറുന്ന ദര്‍ശനം, മധുരവചനം എന്നിവ ഉത്തമ മനുഷ്യന്റെ ലക്ഷണങ്ങളായി എണ്ണപ്പെടുന്നവയാണ്. രക്ഷിതാക്കളില്‍ നിന്നും, ഗുരുനാഥന്മാരില്‍ നിന്നും, മുതിര്‍ന്നവരില്‍ നിന്ന് പൊതുവെയും ഈ ഗുണങ്ങള്‍ ഒരാള്‍ക്ക് അനുഭവപ്പെടുമ്പോള്‍ അടിത്തറയിടപ്പെടുന്നത് സൗഹൃദപൂര്‍ണ്ണമായ ഒരു ബന്ധത്തിനാണ്. ഈ ലക്ഷണങ്ങള്‍ പുലര്‍ത്തുന്നവരില്‍ നിന്നും വെറും ഭാവങ്ങള്‍ മാത്രമല്ല, നല്ല പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ പ്രതീക്ഷിക്കും. മനുഷ്യസമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പിന്റെ നിദാനം ഈയൊരു പരസ്പര വിശ്വാസമാണ്. അതില്ലാതായാല്‍ തല്‍സ്ഥാനത്ത് ഉടലെടുക്കുന്നത് കുശുമ്പും, കുന്നായ്മയും, പകയും, വെറുപ്പും ആത്യന്തികമായി ശത്രുതയുമായിരിക്കും. ശത്രുത പുലര്‍ത്തുന്നവനെപ്പോലും ഉത്തമഗുണങ്ങള്‍ കൊണ്ട് മിത്രമാക്കിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ ചരിത്രത്തില്‍ ഉടനീളം നമുക്ക് കണ്ടെത്താനാകും. ശത്രുതാഭാവം പുലര്‍ത്തുക മൂലം മനുഷ്യക്കുരുതികളും ലോകചരിത്രത്തില്‍ ഇടം പിടിച്ചതല്ലേ! മനുഷ്യ സമൂഹമെന്ന യന്ത്രത്തിന്റെ ചാക്രികത സുഗമമാവണമെങ്കില്‍ സ്‌നേഹമാകുന്ന എണ്ണ പുരട്ടിയേ മതിയാകൂ. അല്ലാത്ത പക്ഷം ബന്ധങ്ങള്‍ തുരുമ്പെടുത്ത് അകാലത്തില്‍ പൊട്ടിത്തകരും. ഒരു വ്യക്തിയാണെങ്കിലും ഒരു ആശയമാണെങ്കിലും ഒരിക്കലും ഏകപക്ഷീയമായ, സ്വാര്‍ത്ഥനിലപാടുകള്‍ അവലംബിക്കാവതല്ല. അവകാശങ്ങളും അവസരങ്ങളും അപരന്റേതുകൂടിയാണെന്ന് പ്രവാചകന്മാരും മഹത്തുക്കളും പഠിപ്പിച്ച ഗുണപാഠങ്ങള്‍ വിസ്മരിക്കാവതല്ല. ജനങ്ങളുമായി ഇടപെടുന്നേടത്ത് വിനയവും വിട്ടുവീഴ്ചയുമാണ് കൂടെയുണ്ടാവേണ്ടത്, മറിച്ച് ഹുങ്കും താന്‍പോരിമയുമല്ല. വിനയവും നന്മയും വിതച്ചാല്‍ പതിന്മടങ്ങായി അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാം, കാലാതിവര്‍ത്തിയായി. അത്തരക്കാര്‍ക്കുള്ളതാണ് സ്വര്‍ഗീയത എന്ന പരമമായ വിധി.

സമസൃഷ്ടികളായി സഹജീവികളെ കാണാതെ, താന്‍ തന്നെയാണ് സര്‍വ്വാധികാരി എന്ന വിധത്തില്‍ മറ്റുള്ളവരെ നോക്കിക്കാണുകയും പെരുമാറുകയും പ്രവര്‍ത്തിക്കുകയും തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുകയും, അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ തുനിയുകയും ചെയ്യുന്ന ഏതൊരാളും ഏതു പരിധിയിലും ഫാസിസ്റ്റ് എന്നാണ് അറിയപ്പെടുക – ഏകശാസനാ നായകന്‍. അത് സാമാന്യ മാനവികതക്കെതിരാണ്. അത്തരം ആശയ പ്രചരണവും, സൈദ്ധാന്തികതചമയ്ക്കലും, നാടുഭരിക്കലുമെല്ലാം ചരിത്രത്തില്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. ഈ ലോകമൊന്നാകെ തങ്ങളുടെ ചൊല്‍പടിക്ക് കീഴിലാണെന്നും തങ്ങളുടെ ഏകാഭിപ്രായമേ ഇവിടെ വിലപ്പോവുകയുള്ളൂവെന്നും അതിനെതിരുനില്‍ക്കുന്നവര്‍ ആരായാലും അവര്‍ക്ക് സര്‍വ്വ നാശം എന്ന് പ്രഖ്യാപിക്കുകയും അത് നടപ്പില്‍ വരുത്തുകയും ഏറെത്താമസിയാതെ അതിന്റെ തിക്തഫലങ്ങള്‍ സ്വയം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുള്ള നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അത്തരക്കാരുടെ ഭാവത്തില്‍ നിന്ന് നാം ചിന്തിച്ച് പോവുക, ഇതെല്ലാം കാട്ടിക്കൂട്ടുന്നവര്‍ ലോകാവസാനം വരെ ജീവിച്ച് അവരുടെ മേല്‍ക്കോയ്മയില്‍ ലോകത്തെ തങ്ങളുടെ ചൊല്‍പടിയില്‍ നിര്‍ത്താനാവുമെന്നാണ്. പക്ഷെ നാം ചിന്തിക്കണം, ഏതൊരു മനുഷ്യന്റെയും ആയുസ്സ് കേവലം പതിറ്റാണ്ടുകള്‍ മാത്രമാണെന്നാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ആചാര്യനായ കാറല്‍മാക്‌സ് ജീവിച്ചത് കേവലം അറുപത്തഞ്ച് വര്‍ഷം, ഹിറ്റലര്‍ അമ്പത്താറ് വര്‍ഷം, ലെനില്‍ അമ്പത്തിനാലുവര്‍ഷം, സ്റ്റാലിന്‍ എഴുപത്തിനാല് വര്‍ഷം, മുസ്സോളിനി അറുപത്തിരണ്ട് വര്‍ഷവും. ഇവരെല്ലാം കരുതിയത് കാലാകാലം ലോകം ഞങ്ങള്‍ക്കൊപ്പമാണെന്നാണ്; അല്പത്വമെന്നല്ലാതെന്ത് പറയാന്‍- തന്നെയുമല്ല ഇവരില്‍ത്തന്നെ തന്‍കൃത കൃത്യതാഘാതം മൂലം ആത്മഹത്യ ചെയ്ത് രംഗമൊഴിയേണ്ടിവന്നവരുമുണ്ടെന്ന വസ്തുത കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്രയ്ക്ക് സ്വീകാര്യമായിരുന്നത്രെ കൈയിലിരിപ്പുകള്‍! ജനലക്ഷങ്ങളെ കൊന്നൊടുക്കി നാട് സ്വര്‍ഗമാക്കാന്‍ തുനിഞ്ഞാല്‍ ഇതല്ലാതെ മറ്റെന്തു ഗതി? എന്ന വസ്തുത എന്തേ മഹാന് ഓര്‍മ്മ വന്നില്ലേ! യുഗാന്തരങ്ങളെ അതിജീവിക്കാന്‍ കെല്പുള്ള നീതി പുസ്തകം എഴുതിയുണ്ടാക്കാന്‍ ഇനിയുമെന്തേ മാര്‍ക്‌സിന്റെ പിന്‍മുറക്കാരിലാര്‍ക്കും കഴിയാത്തത്?

നമ്മുടേത് ഒരു സ്വതന്ത്ര മതേതര ജനാധിപത്യ രാജ്യമാണെന്നതാണ് ഓരോരുത്തരും ഇക്കാലമത്രയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം വരെ നിലനിന്ന അവസ്ഥ. ഒരു പതിറ്റാണ്ട് മുമ്പ് വരെ വളരെ സുതാര്യമായ നിലയില്‍ ഇവിടുത്തെ സാമൂഹികാന്തരീക്ഷം ശാന്തവുമായിരുന്നു. എന്നാല്‍ നിലവിലെ ഭരണവര്‍ഗം പുലര്‍ത്തിപ്പോരുന്നത് ഇതുവരെ നിലനിന്നിരുന്ന സമാധാനാന്തരീക്ഷത്തിന് വിപരീത നിലപാടാണ്. വിവിധ മത-ജാതി-വര്‍ഗ-വര്‍ണങ്ങള്‍ കുടികൊള്ളുന്ന ഇന്ത്യന്‍ ജനസമൂഹത്തെ ഇന്നത്തെ ഭരണാധികാരിയും പിണിയാളുകളും അവരുടെ കാഴ്ചപ്പാടുകള്‍ പ്രമുഖ ന്യൂനപക്ഷത്തിനെതിരെ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏകാഭിപ്രായ തീരുമാനങ്ങളും നടപടികളും ഒന്നിനു പിറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. ഭരണാധിപന്‍ തന്റെ സഹ ഭരണകര്‍ത്താക്കളെപ്പോലും ഗൗനിക്കാതെ ധാഷ്ഠ്യത്തോടെ മനസ്സില്‍ ‘ഓരോന്ന്’ കണക്ക് കൂട്ടി, നടപ്പില്‍ വരുത്തുന്ന ഘട്ടത്തില്‍ മാത്രം മറ്റുള്ളവരെ അറിയിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള ഇടപെടലുകളോ മറുവാക്കുകളോ വരാതിരിക്കാനായുള്ള ചാണക്യ സൂത്രം! താനല്ലാത്തവരോട്, തന്റേതല്ലാത്തവയോട് കടുത്ത വിദ്വേഷം മനസ്സില്‍ നിറച്ച് വെച്ച് കഴിവു കുറഞ്ഞ ദുര്‍ബ്ബലനോട് വൈരാഗ്യം തീര്‍ക്കുന്ന നടപടികള്‍ക്ക് അനുസ്യൂതം നേതൃത്വം നല്‍കി കൊണ്ടിരിക്കുന്നു, എന്നിട്ട് നിസ്സംഗനായി നടിക്കുകയും ചെയ്യുന്നു.ദുര്‍ബ്ബലനായ അപരന് എന്ത് സംഭവിച്ചാലും എനിക്കൊന്നും വരാനില്ല എന്ന ഭാവത്തില്‍ സ്വന്തം അജണ്ടകള്‍ ഒരു ഏകച്ഛത്രാധിപതിയെപ്പോലെ നടപ്പാക്കുന്നു.ഈ രീതി തീര്‍ത്തും ഫാസിസ്റ്റ് രീതി തന്നെയാണ്.ഇവിടെ ഒരു പ്രത്യേകജനവിഭാഗം പാടില്ല എന്ന നിലപാട്- അതോടൊപ്പം അവരെന്ത് ഭക്ഷിക്കണം, അവര്‍ ഏത് വസ്ത്രം എങ്ങിനെ ധരിക്കണം, അവര്‍ ആരെല്ലാമായി പരിചയപ്പെടണം, വിവാഹം കഴിക്കണം, എങ്ങിനെ നഗ്നത മറയ്ക്കണം തുടങ്ങി എല്ലാ വ്യക്തിഗത വിഷയങ്ങളിലും അസംഗതമായി ഇടപെടുകയും എതിരായി നിയമനിര്‍മ്മാണത്തിനൊരുങ്ങുകയും ചെയ്യുന്ന ഭയപ്പെടുത്തല്‍ രീതി ഫാസിസ്റ്റ് സമീപനമല്ലാതെ മറ്റെന്താണ്? തന്നെയുമല്ല ഹിജാബ് എന്ന പ്രത്യേക വിഷയം വളരെ കലുഷിതമാക്കുമ്പോള്‍ തങ്ങളുടെ ഇഷ്ടക്കാരായവര്‍ തലപ്പാവുമായി പട്ടാളത്തില്‍ പങ്കാളിയാവുന്നതില്‍പോലും വിലക്കില്ലാതെ വിഹരിക്കാന്‍ അനുവദിക്കുന്നെങ്കില്‍ ഇതിന് ഫാസിസം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.

ശ്രീബുദ്ധന്‍, അശോക ചക്രവര്‍ത്തി, ശ്രീ ശങ്കരാചാര്യര്‍, മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, അല്ലാമാ ഇഖ്ബാല്‍, സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ തുടങ്ങിയ മഹാരഥന്മാര്‍ പുതുയുഗ ജീവിതത്തിന് മഹത്തായ മാതൃക കാണിച്ചു തന്നിട്ടുള്ള രാജ്യമാണിത്. നമ്മുടെ ഭരണഘടന നമുക്ക്മുമ്പില്‍ അനുവദിച്ചു തന്നിട്ടുള്ള അവകാശങ്ങളും ഒരു ഏക ശാസനാഭരണക്രമത്തിന്റേതല്ല, മറിച്ച് ഒരു തികഞ്ഞ സ്വതന്ത്ര മതേതര രാജ്യത്തിന്റെ പ്രവിശാലമായ ആശയത്തിലധിഷ്ഠിതമായ ഭരണസംവിധാനത്തെയാണ്. അതില്‍ അടിയുറച്ച് വിശ്വസിക്കുന്ന ജനത്തിന്റെ വോട്ട് നേടി അധികാരത്തിലെത്തുകയും, എന്നിട്ട് അവരെ ഒളിച്ചു വെച്ച് സ്വന്തം ഇംഗിതപ്രകാരമുള്ള ഒളിയജണ്ടകള്‍ നടപ്പില്‍ വരുത്തി കരുത്തു കാണിക്കുകയും അതില്‍ പുറംമേനി നടിക്കുകയും ചെയ്യുന്നത് വഞ്ചനയാണ്. ഫാസിസം എന്ന ആംഗലേയപദം ഇന്ന് മലയാളത്തില്‍ പോലും അതിന്റെ മലയാള അര്‍ത്ഥത്തേക്കാള്‍ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു.ഏകശാസനാഭരണം എന്നതിലേറെ ഫാസിസം എന്ന വാക്കിന്റെ അര്‍ത്ഥം കേരളക്കരയിലും ഭരണകൂടം ഏറെക്കുറെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.എന്നു വെച്ചാല്‍ കീഴ്മന്ത്രിമാര്‍ക്കൊന്നും ഒരു ‘വോയ്‌സും’ ഇല്ലാത്ത വിധം അടക്കിയിരുത്തി ഏകാഭിപ്രായ ഭരണക്രമം കേരളത്തിലും നിലനില്‍ക്കുന്നില്ലേയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ചുരുക്കത്തില്‍ കേന്ദ്രഭരണത്തിലും സംസ്ഥാനഭരണത്തിലും നാം ഇന്ന് കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത് ഫലത്തില്‍ ഒരേ തൂവല്‍ പക്ഷികളുടെ വിഹാരങ്ങളാണ്.

അതേ സമയം നാം മനസ്സിലാക്കേണ്ടത് തന്റെ ഭരണത്തില്‍ കീഴില്‍ അടിത്തട്ടുമുതല്‍ മേല്‌പോട്ട് എന്ന ആരോഹണക്രമത്തില്‍ ഒരു പൗരന്‍പോലും അവഗണിക്കപ്പെടരുത്, അഹിതമായ ഒന്നും നടമാടപ്പെടരുത് എന്ന കണിശത ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ടതാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ‘മുമ്പേ ഗമിച്ചീടിന ഗോപു തന്റെ – പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം’ എന്ന പ്രകാരം ക്രമേണ പരിശീലിപ്പിച്ച് പൗരന്മാരെ അവരുടെ സങ്കല്‍പത്തില്‍ പോലുമില്ലാത്ത ഫാസിസ്റ്റ് തീരങ്ങളില്‍ എത്തിക്കാതിരിക്കുക. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അതിന് മുന്‍കൈയെടുക്കുക.

Test User: