ന്യൂഡല്‍ഹി: തുച്ഛമായ കടം ബാങ്കില്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ കുടുംബ സമേതം ആത്മഹത്യ ചെയ്യുന്ന ഇന്ത്യയില്‍ ശതകോടീശ്വരന്‍മാന്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങുന്നത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. കോടിക്കണക്കിന് രൂപ വെട്ടിച്ച് വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്ക് പിന്നാലെ നീരവ് മോദിയെന്ന കോടീശ്വരനും രാജ്യത്തെ കബളിപ്പിച്ച് മുങ്ങി. ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഈ തട്ടിപ്പെന്ന് അറിയുമ്പോഴാണ് രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നത്.
വിജയ് മല്യ
കിങ് ഫിഷര്‍ മദ്യക്കമ്പനിയുടെ ഉടമയായ വിജയ് മല്യയാണ് തട്ടിപ്പുകാരില്‍ പ്രമുഖന്‍. 9,000 കോടി രൂപ മല്യ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്നു. 2016 മാര്‍ച്ചിലാണ് ബാങ്കുകള്‍ മല്യക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യാസഭാംഗം എന്ന നിലയിലുള്ള നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു 62കാരനായ മല്യയുടെ നാടുവിടല്‍. കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യാ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നല്‍കിയ കേസില്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വാദം നടക്കുകയാണ്. മല്യയുടെ കടബാധ്യതകളെക്കുറിച്ചു വിവരമില്ലെന്ന കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത് ഇയാളുടെ രാഷ്ട്രീയ സ്വാധീനത്തിന് തെളിവാണ്.
ലളിത് മോദി
പ്രഥമ ഐ.പി.എല്‍ ചെയര്‍മാന്‍. ഐ.പി.എല്ലിലെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് ലളിത് മോദി ഇന്ത്യയില്‍ നിന്നും കടന്നത്. 2010ല്‍ പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലം നടന്നതിന്റെ മറവിലാണ് ലളിത് മോദി 125 കോടിയുടെ തട്ടിപ്പ് നടത്തിയത്. കുടുംബസമേതം ലണ്ടനിലേക്ക് മുങ്ങിയ 52കാരന്‍ അവിടെ സുഖജീവിതം നയിക്കുകയാണിപ്പോള്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോദിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ വിവാദമായിരുന്നു. ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കാന്‍ വസുന്ധര രാജെ നല്‍കിയ സത്യവാങ്മൂലം പുറത്തായിരുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ നേട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ലണ്ടന്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്.
ദീപക് തല്‍വാര്‍
രാജ്യം തേടുന്ന മറ്റൊരു സാമ്പത്തിക കുറ്റവാളി. കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റായ തല്‍വാറിനെതിരെ ആദായ നികുതി വകുപ്പ് നല്‍കിയ അഞ്ചു കേസുകളാണ് നിലവിലുള്ളത്. ഇയാളുടെ സഹായത്തോടെ പല വ്യക്തികളുടെയും കോര്‍പറേറ്റ് ബാങ്ക് അക്കൗണ്ടുകളിലേയും ശതകോടികള്‍ നികുതി രഹിത രാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് ആരോപണം. 10,000 കോടിയുടെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് തന്നെ യു.എ.ഇലേക്ക് കടന്നു. അവിടം വിട്ടുപോകുന്നതിന് വിലക്ക് നേരിടുകയാണ് ഇപ്പോള്‍.
സഞ്ജയ് ഭണ്ഡാരി
ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം നേരിടുന്നത്. കടലാസ് കമ്പനികളുടെ പേരില്‍ നടത്തിയ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ ഓഫീസില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ പല രഹസ്യരേഖകളും കണ്ടെടുത്തു. പ്രതിരോധ മന്ത്രാലയവുമായ ബന്ധപ്പെട്ട രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ആയുധ ഇടപാടുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരം ഡല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ നേപ്പാള്‍ വഴി ഇയാള്‍ രക്ഷപ്പെട്ടു.
നീരവ് മോദി
പ്രമുഖ ആഭരണ ഡിസൈനര്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഇയാ ള്‍ സ്വിറ്റ്‌സര്‍ല ന്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ ആമിയും ബിസിനസ് പങ്കാളിയും സഹോദരനുമായ വിശാലും ഇയാള്‍ക്കൊപ്പം രാജ്യം വിട്ടിട്ടുണ്ട്.