”ജനാധിപത്യമെന്നത് സര്‍ക്കാരിന്റെ ഒരുരൂപമല്ല. അതൊരുതരം സാമൂഹികസംവിധാനമാണ് ”എന്ന് പറഞ്ഞത് ഇന്ത്യയുടെ ഭരണഘടനാശില്‍പിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഡോ. ഭീംറാവു അംബേദ്കറാണ്. ഇന്ത്യന്‍ജനാധിപത്യം അതിന്റെ നിര്‍ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൗരസ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്ത് മുന്‍കാലത്തേക്കാള്‍ കുത്തനെ താഴേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിധഅന്താരാഷ്ട്രസംഘടനകള്‍ അടുത്തിടെ പഠനനാന്തരം പ്രഖ്യാപിക്കുകയുണ്ടായി. അതിന് ആക്കംകൂട്ടുന്ന മറ്റൊന്നാണ് കഴിഞ്ഞദിവസം രാജ്യത്തെ 12 പാര്‍ലമെന്റംഗങ്ങളെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള മോദിസര്‍ക്കാര്‍ നടപടി. കഴിഞ്ഞ പാര്‍ലമെന്റ്‌സമ്മേളനത്തില്‍ നിയമങ്ങള്‍ ചര്‍ച്ചകൂടാതെ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയെന്ന് പറഞ്ഞ് 12 അംഗങ്ങളെയാണ് തിങ്കളാഴ്ച സ്പീക്കര്‍ എം.വെങ്കയ്യനായിഡു സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സാധാരണഗതിയില്‍ ഒരുസമ്മേളനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെപേരില്‍ അതേസമ്മേളനത്തിലാണ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുക എന്നിരിക്കെ അടുത്തസമ്മേളനത്തില്‍നിന്ന് അതിന്റെ ആദ്യദിവസംതന്നെ സമ്മേളനംതീരുംവരെ പൂര്‍ണമായും അംഗങ്ങളെ പുറത്താക്കുന്നനടപടി രാജ്യത്തിന്റെ പാര്‍ലമെന്ററിചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ജനങ്ങളുടെ സമ്മതിദാനാവകാശത്തിലൂടെ വിജയിച്ച് ഭരണഘടനാപരമായി സത്യപ്രതിജ്ഞയിലൂടെ പാര്‍ലമെന്റംഗങ്ങളായി എത്തിയ ജനനേതാക്കളെ അവരുടെ മൗലികമായ ഉത്തരവാദിത്ത നിര്‍ഹണത്തില്‍നിന്ന് നീക്കുക എന്നത് പാര്‍ലമെന്ററി സംവിധാനത്തോടും ജനാധിപത്യത്തോടും ചെയ്യുന്ന കൊടുംക്രൂരതയാണ്; ജനാധിപത്യക്കശാപ്പാണ്. പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനമാണിത്.
രാജ്യസഭയില്‍ തിങ്കളാഴ്ച പാര്‍ലമെന്ററികാര്യമന്ത്രി പ്രഹഌദ്‌ജോഷി അവതരിപ്പിച്ച പുറത്താക്കല്‍ പ്രമേയമാണ് ഭരണകക്ഷിയംഗങ്ങളുടെ പിന്തുണയോടെ സ്പീക്കര്‍ അംഗീകരിച്ച് പാസാക്കിയെടുത്തത്. നടപ്പുശീതകാലസമ്മേളനം തീരുംവരെ മേല്‍പറഞ്ഞ അംഗങ്ങള്‍ വീട്ടിലിരിക്കട്ടെ എന്നാണ് സര്‍ക്കാരിന്റെയും മനസിലിരിപ്പ്. ഈസഭയില്‍ ചര്‍ച്ചക്കുവരുന്നതും പാസാക്കുന്നതുമായ ബില്ലുകളിലും പ്രമേയങ്ങളിലുമൊന്നിലും മേല്‍അംഗങ്ങള്‍ക്ക് ഇനി റോളില്ലെന്നര്‍ത്ഥം. ഇത്രമാത്രം ജനാധിപത്യവിരുദ്ധത എന്തിനാണ് സര്‍ക്കാരും സ്പീക്കറും പ്രകടിപ്പിച്ചതെന്ന ചോദ്യമാണിപ്പോള്‍ രാജ്യത്തെ ജനങ്ങളില്‍നിന്നുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞസമ്മേളനത്തിന്റെ അവസാനദിവസമായ ഓഗസ്റ്റ് 11ന് ജനറല്‍ഇന്‍ഷൂറന്‍സ് ഭേദഗതി നിയമമാണ് കാര്യമായ ചര്‍ച്ചക്കോ സംവാദത്തിനോ പാര്‍ലമെന്റിന്റെ സംയുക്തസ്റ്റാന്റിംഗ് സമിതികളുടെ പരിശോധനക്കോ അനുമതിനല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് അവരുടെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയെടുത്തത്. സ്വാഭാവികമായും പാര്‍ലമെന്റംഗങ്ങള്‍ക്ക് ഇതിനെതിരെ പ്രതികരിക്കേണ്ട സാങ്കേതികവും നിയമപരവും ധാര്‍മികവുമായ ബാധ്യതയുണ്ട്. അതാണവര്‍ അന്ന് സഭയില്‍ചെയ്തതും. ഭൂരിപക്ഷമുണ്ടായിട്ടും ജനങ്ങളുടെ പിന്തുണലഭിക്കാതെ സര്‍ക്കാര്‍ തോറ്റുപിന്‍വലിച്ച കാര്‍ഷികകരിനിയമങ്ങളുടെ കാര്യത്തില്‍ ലോക്‌സഭയില്‍ നടന്നതും മറ്റൊന്നല്ല.രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം മുഴക്കുമ്പോള്‍ അവരെ തടയുന്നതിനും ശാരീരികമായി കൈകാര്യം ചെയ്യുന്നതിനുമാണ് സഭക്കകത്തുണ്ടായിരുന്ന മാര്‍ഷല്‍മാര്‍ ശ്രമിച്ചത്. ഉന്തിനും തള്ളിനുമിടെ ബിനോയ്‌വിശ്വത്തിനും മറ്റും പരിക്കേറ്റു. ചില്ലുതകര്‍ന്നു. വനിതാ അംഗമായ തൃണമൂലിന്റെ ശാന്ത ഛേത്രിയെപോലും മാര്‍ഷലുകള്‍ കൈയ്യേറ്റംചെയ്തു.
ഭരണപക്ഷം അവരുടെ ഭൂരിപക്ഷമുപയോഗിച്ച് അവതരിപ്പിക്കുന്നതും ചര്‍ച്ചക്കെടുക്കുന്നതും പാസാക്കുന്നതുമായ വിവിധ ബില്ലുകളിലും പ്രമേയങ്ങളിലും അനങ്ങാതെയിരുന്ന് ഓശാനപാടി ഒപ്പുവെക്കുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മമമെന്നാണോ മോദിസര്‍ക്കാരും ബി.ജെ.പിയും കരുതിയിരിക്കുന്നത്. പാര്‍ലമെന്റ് ചേരുമ്പോള്‍ പലപ്പോഴും മന്ത്രിമാരോ പ്രധാനമന്ത്രിതന്നെയോ ഹാജരാകുന്നില്ലെന്ന പരാതി നേരത്തെതന്നെ ഈ സര്‍ക്കാരിനെതിരെയുണ്ട്. പ്രതിപക്ഷത്തിന് നേതൃപദവികൂടി നല്‍കാതെയാണ് ഭരണപക്ഷം സ്വന്തം അധികാരശക്തിയുപയോഗിച്ച് തങ്ങളുടെ ഇച്ഛക്ക് ഓരോ ബില്ലും പാസാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞസമ്മേളനത്തില്‍ പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ ഏതാണ്ട് മുഴുവന്‍സമയവും അപഹരിക്കപ്പെട്ടു. സര്‍ക്കാറിന്റെ നിഷേധാത്മകനിലപാടായിരുന്നു അതിന് കാരണം. കേരളത്തിലെ ഇടതുപക്ഷം 2015ല്‍ നിയമസഭയില്‍ കാട്ടിക്കൂട്ടിയതുപോലുള്ള നാണംകെട്ട പ്രവൃത്തികള്‍നോക്കുമ്പോള്‍ രാജ്യസഭയിലേത് എത്രമാത്രം മാന്യമായ പ്രവൃത്തിയാണെന്ന് കാണാവുന്നതേയുള്ളൂ. 2001ല്‍ ഇതേ ബി.ജെ.പിയുടെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി സര്‍ക്കാരുകള്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കേണ്ട ആവശ്യകത ഊന്നിപ്പറയുകയുണ്ടായിട്ടുണ്ട്. സര്‍ക്കാറല്ല, ജനങ്ങളാണ് പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയുമൊക്കെ മേലെയെന്ന ബോധ്യമുണ്ടാകാത്തതാണിതിനെല്ലാം കാരണം. ഇക്കഴിഞ്ഞ ഭരണഘടനാദിനത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞതാണ് ഇവിടെ ഓര്‍ക്കേണ്ടത്.’ നിയമങ്ങളുടെ ഫലങ്ങളറിയാതെ അവ പാസാക്കുന്നതാണ് വലിയപ്രശ്‌നങ്ങള്‍ക്ക് കാരണം.’ ഇതാണ് പ്രതിപക്ഷവും ജനങ്ങളും ഓര്‍മിപ്പിക്കുന്നതും.