X

വിവാദങ്ങള്‍ വിശ്വാസത്തിന് നിഴലിടുമ്പോള്‍

 ടി.എച്ച്. ദാരിമി

മനുഷ്യര്‍ തമ്മില്‍ ഏറ്റവും രൂക്ഷമായി ഏറ്റുമുട്ടുന്ന പടക്കളങ്ങളിലൊന്നായി മതങ്ങള്‍ മാറിയിരിക്കുന്നു എന്നത് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തവും സങ്കടവുമാണ്. മത ബന്ധിയായ വിശ്വാസങ്ങള്‍, അചാരാനുഷ്ഠാനങ്ങള്‍, വേഷാദിചിഹ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ഓരോരുത്തരും എടുത്തും തിരിച്ചും എറിഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങുമിങ്ങും വാരി എറിയുന്നത് പലപ്പോഴും ചോദ്യവും അതിനുളള ഉത്തരവുമല്ല, മറുചോദ്യവും പരിഹാസവുമാണ് എന്നതാണ് രംഗത്തെ കൂടുതല്‍ വഷളാക്കുന്നത് എന്നു നിരീക്ഷിക്കാതെ വയ്യ. ഒരു ചോദ്യത്തെ ഉന്നയിക്കുന്നതിലും നേരിടുന്നതിലും രണ്ട് രീതികളുണ്ട്. ഒന്ന് മാന്യതയെ മുന്‍നിറുത്തിയും മറ്റൊന്ന് വൈകാരികതയെ മുന്‍നിര്‍ത്തിയും. മാന്യതയെ മുന്‍നിര്‍ത്തുന്നവര്‍ അറിയാനും അറിയിക്കാനും പഠിക്കാനും വേണമെന്നുണ്ടെങ്കില്‍ തിരുത്താനും ഉദ്യമിക്കുന്നു. രണ്ടാമത്തെ തരമാകട്ടെ വെല്ലുവിളിക്കുവാനും മേനിനടിക്കുവാനും കടിച്ചു കീറുവാനുമെല്ലാമാണ് ഉദ്യമിക്കുക. ഇവിടെ ഇപ്പോള്‍ അതാണ് കാണുന്നത്. സോഷ്യല്‍ മീഡിയ എന്ന സ്വതന്ത്ര മാധ്യമം കകൈയ്യിലുളളതിനാല്‍ ആര്‍ക്കും എന്തും അവാം എന്ന സാഹചര്യവുമുണ്ട്. രണ്ടാം തരക്കാരാണ് മന്ത്രവും തുപ്പലും, അരവണയും ശര്‍ക്കരയും, ലഹരിയും ജിഹാദുമൊക്കെ കൂട്ടിക്കുഴക്കുന്നത്. അടര്‍ത്തിയെടുത്താല്‍ ഓരോരുത്തരും പറയുന്നതില്‍ ചില കാര്യമൊക്കെ കണ്ടേക്കാം. അതിനെ കുറിച്ചല്ല പറയുന്നത്. ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങളും ചോദ്യോത്തര ആക്രമണ പ്രത്യാക്രമണങ്ങളും ഉണ്ടാക്കുന്ന കലപിലകളും കശപിശകളും ഉണ്ടാക്കി വെക്കുന്ന അനര്‍ഥങ്ങളെ കുറിച്ചാണ്. അവയില്‍ ഒന്നാമത്തേത് അതുണ്ടാക്കുന്ന ഭീതിതമായ നാശമാണ്. മതം, വിശ്വാസം, അനുഷ്ഠാനം തുടങ്ങിയവയുടെ നേരെ വിരല്‍ ചൂണ്ടുകയോ കുറ്റം പറയുകയോ ചെയ്യുന്നതോടെ അതു വല്ലാതെ ആളിക്കത്തുവാന്‍ തുടങ്ങും. കാരണം ലോകത്തെ ഏറ്റവും വേഗതയില്‍ കത്തുന്ന വിറകാണ് മതവും മതം ഉദ്‌ഘോഷിക്കുന്ന വിശ്വാസവും. വിശ്വാസം എന്നത് ഭാഷാപരമായി നിര്‍വചിക്കുമ്പോള്‍ ചെറുതും ദുര്‍ബലവുമാണ്. കാരണം അതിന് പ്രതീക്ഷ, പ്രത്യാശ എന്നൊക്കെയുള്ള അര്‍ഥമേ ഉള്ളൂ. ഒരു ഉറപ്പിന്റെ ധ്വനിയും അതിനു വരുന്നില്ല. സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കുമെന്ന യുക്തിഹീനമായ പ്രതീക്ഷ എന്നാണ് പ്രശസ്ത അമേരിക്കന്‍ ജേര്‍ണലിസ്റ്റ് എച്ച്.എല്‍. മെങ്കെന്‍ അതിന് നല്‍കുന്ന നിര്‍വചനം. ഇത് പക്ഷേ മതത്തിന്റെ പശ്ചാതലത്തിലേക്ക് വരുമ്പോള്‍ അതിന്റെ ഭാവം തീഷ്ണമായി മാറുന്നതു കാണാം. ഇസ്‌ലാമില്‍ വിശ്വാസം കാഠിന്യമുള്ള ഉറപ്പാണ്. അതിന്‍മേലാണ് ഇസ്‌ലാം എന്ന വ്യവസ്ഥിതി മുച്ചൂടും നില്‍ക്കുന്നതും നില്‍ക്കേണ്ടതും. ആ വിശ്വാസമാണല്ലോ സ്വത്തിന്റെയും ജീവന്റെയുമെല്ലാം അര്‍പ്പണത്തിനു വരെ വിശ്വാസിയെ സജ്ജമാക്കുന്നത്. കര്‍മങ്ങളെ ശരിയുടെയും തെറ്റിന്റെയും കള്ളികളിലേക്ക് മാറ്റിത്തിരിക്കുന്നതും വിശ്വാസമാണ്. അതിനാല്‍ ഇസ്‌ലാം മത വിശ്വാസിക്ക് തന്റെ വിശ്വാസം ചെറുതല്ല.

സൂക്ഷ്മമായി വിലയിരുത്തിയാല്‍ മതങ്ങളുടെ എല്ലാം കാര്യം ഇങ്ങനെ തന്നെയാണ്. ബൈബിള്‍ വിശ്വാസത്തെ നിര്‍വചിക്കുന്നത് ഒരു ഉദാഹരണം. അതില്‍ വിശ്വാസം തെളിവിലധിഷ്ഠിതമായ ഉറച്ച ബോധ്യമാണ്. എബ്രായര്‍ക്കെഴുതിയ സുവിശേഷം അതു നിര്‍വചിക്കുന്നത് വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്ഠിതമായ നിശ്ചയവുമാകുന്നു എന്നു പറഞ്ഞു കൊണ്ടാണ്. ലോകത്ത് നിലവിലുള്ള പ്രമുഖ മതങ്ങളില്‍ മറ്റൊന്നാണ് ഹിന്ദുമതം. വൈദിക ധര്‍മം, സനാതന ധര്‍മം എന്നൊക്കെയാണീ മതത്തെ സംബോധന ചെയ്യാന്‍ പറ്റിയ കൃത്യമായ പദങ്ങള്‍. പരമാത്മാവിന്റെ എകത്വമാണ് ഹിന്ദു മതത്തിന്റെ ആദര്‍ശം. ഏകം സത്ത് എന്നാണ് പരമമായ സത്യത്തെ കുറിച്ച് (ഉണ്മ) ഋഗ്വേദം ഉദ്‌ഘോഷിക്കുന്നത്. കണക്കില്ലാത്ത വിശ്വാസ ധാരണകള്‍ ചേര്‍ത്തു വെച്ചാണ് ഹൈന്ദവ ധര്‍മത്തിന്റെ വിശ്വാസ സംഹിത രൂപപ്പെടുന്നത്. അതിനാല്‍ തന്നെ അവര്‍ക്കും ഏറെ ഉറപ്പുള്ളതു തന്നെയാണ് വിശ്വാസം. ചുരുക്കത്തില്‍ ഏതു മതത്തിന്റെയും അനുയായികള്‍ക്ക് ഏറെ ഉറപ്പുള്ള ബോധ്യം തന്നെയാണ് വിശ്വാസം. ഭാഷാപരമായി തോന്നുന്ന ബലക്കുറവുകളൊന്നിനും മതപരമായി വിശ്വാസത്തിനില്ല.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ വിശ്വാസം എന്ന പദത്തിന് സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥഭേദം വരാം. ഞാന്‍ വിശ്വസിക്കുന്നു എന്ന് അശ്രദ്ധമായി പലരും പറയാറുണ്ട്. അതിന്റെ ലളിതമായ അര്‍ത്ഥം ഞാന്‍ മനസിലാക്കുന്നു, ഞാന്‍ കരുതുന്നു എന്നൊക്കെയാണ്. ഞാന്‍ നിന്നെ വിശ്വസിക്കുന്നു എന്നു പറഞ്ഞാല്‍ നീ പറഞ്ഞത് സത്യമെന്ന് ഞാന്‍ ധരിക്കുന്നുവെന്നുമാത്രമാണ്. എന്നാല്‍, മതമീമാംസയില്‍ വിശ്വാസത്തിന്റെ അര്‍ത്ഥം ഏറെ ഗൗരവമുള്ളതാണ്. ദൈവവും മതവുമായാണ് അവിടെ വിശ്വാസത്തിന്റെ ബന്ധം. പ്രപഞ്ചം, പ്രകൃതി, ജീവന്‍, ജനനം, മരണം, മരണാനന്തര ജീവിതം, മോക്ഷം, പാപം, പുണ്യം, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ചുള്ള ഉറച്ച ധാരണകളാണ് ഇവിടെ വിശ്വാസത്തിന്റെ ഉള്ളടക്കം. ജീവിതത്തെ സംബന്ധിച്ച സമഗ്ര ദാര്‍ശനിക വീക്ഷണം എന്ന അര്‍ത്ഥത്തിലാണ് വിശ്വാസം പൊതുവെ മതപരമായ ആഖ്യാനങ്ങളില്‍ പ്രയോഗിക്കപ്പെടുന്നത്.

ഇതിന്റെ വ്യക്തമായ അടയാളമാണ് വിശ്വാസം വിശ്വാസിയെ എന്തിനും സന്നദ്ധനാക്കുന്നു എന്നത്. മറ്റൊന്നാണ് വിശ്വാസത്തിന്റെ പേരില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ലോകത്ത് ഏറെ കാലം നീണ്ടുനിന്നു കത്തി എന്നത്. കുരിശു യുദ്ധങ്ങള്‍ അതിനൊരു ഉദാഹരണമാണ്. പതിനാലോളം വരുന്ന വന്‍ സംഘട്ടനങ്ങളുടെ ഒരു ശ്രേണി ആയിരുന്നു അത്. മറ്റൊന്നാണ് വിശ്വാസത്തിന്റെ ഈ ശക്തിയെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാന്‍ പല സൂത്രശാലികളായ രാഷ്ട്രീയക്കാരും ശ്രമിച്ചത്. വിശ്വാസം ലോക മുസ്‌ലിംകളെ സുന്നി, ശിയാ എന്നിങ്ങനെ രണ്ടായി വിഭജിച്ചതും ഇതേ ആന്തരിക വികാരങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായതും ഒക്കെ ഇതിനുദാഹരിക്കാം. സോവിയറ്റ് യൂണിയന്‍ രൂപീകരിക്കുവാന്‍ കമ്യൂണിസ്റ്റുകള്‍ ദുരുപയോഗപ്പെടുത്തിയതും വിശ്വാസമാണല്ലോ. ഉസ്മാന്‍(റ) വിന്റെ രക്തം പുരണ്ട മുസ്ഹഫ് സാര്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് തിരിച്ചു വാങ്ങിത്തരാം എന്നു പറഞ്ഞായിരുന്നു ബുഖാറയിലെയും തജാക് പ്രവിശ്യയിലെയും വിശ്വാസി മുസ്‌ലിംകളെ കമ്യൂണിസ്റ്റുകള്‍ വീഴ്ത്തിയത്. ബ്രിട്ടീഷുകാര്‍ ഇതേ മുതലെടുപ്പ് പലവുരു നടത്തിയിട്ടുള്ളതാണ്. ശിപായി ലഹളക്ക് കാരണമായ ബോംബ് ഒരു ഉദാഹരണമാണല്ലോ. ഇന്ത്യ വിട്ടുപോകാന്‍ നിര്‍ബന്ധിതരായപ്പോള്‍ അവര്‍ കൃത്യമായി വെച്ച ടൈമര്‍ ബോംബുകളെല്ലാം വിശ്വാസ സമൂഹങ്ങളെ പരസ്പരം പൊട്ടിത്തെറിപ്പിക്കുവാന്‍ പോന്നതായിരുന്നുവല്ലോ. ഈ പ്രധാന്യമാണ് വിശ്വാസത്തെ ഇത്രക്ക് എക്‌സ്‌പ്ലോസീവായി മാറ്റുന്നത്. അതിനാല്‍ മതത്തിന്റെ ചുവയുള്ളതോ മതത്തെയോ വിശ്വാസത്തെയോ നേരിട്ടോ അല്ലാതെയോ ലക്ഷ്യം വെക്കുന്നതോ ആയ ചോദ്യവും ഉത്തരവും ആക്രമണവും പ്രത്യാക്രമണവും ട്രോളുകളും പരിഹാസങ്ങളുമെല്ലാം ശരിയാണെങ്കിലും അല്ലെങ്കിലും വലിയ പൊട്ടിത്തെറി ഉണ്ടാക്കും. പ്രത്യേകിച്ചും അനിയന്ത്രിതമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്ന പൊതുവേദികളില്‍. അതുകൊണ്ടെന്താ എന്നു ചോദിക്കരുത്. അതുകൊണ്ട് വീണ്ടും വിശ്വാസികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കും. അതാവട്ടെ രണ്ടു പേര്‍ തെറ്റിയാലുണ്ടാകുന്നതു പോലെയാകില്ല. മറിച്ച് പരസ്പര ശത്രുതക്ക് വഴിവെക്കുന്നതും മറ്റുള്ളവരിലേക്ക് കൂടി പകരുന്നതുമെല്ലാമായിരിക്കും. അതോടെ ഭൂമിയുടെ സ്വാസ്ഥ്യം നഷ്ടമാകും. പല നിലക്കുമായിരിക്കും അത് പ്രതിധ്വനിക്കുക. വാശികള്‍ ഇറക്കുമ്പോള്‍ കാണുന്നിടത്തെല്ലാം ആഴമുള്ള മുറിവുകളായിരിക്കും.

ഇസ്‌ലാം ഇത്തരം കാര്യങ്ങളെ ജാഗ്രതയോടെയാണ് കാണുന്നത്. അല്ലാഹു പറയുന്നു: അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്. (വിശുദ്ധ ഖുര്‍ആന്‍ 6:108). ഈ സൂക്തത്തിന്റെ ബാഹ്യാര്‍ഥം ആരാധനാ മൂര്‍ത്തികളെയും വിഗ്രഹങ്ങളെയും ചീത്ത പറയരുത് എന്നാണ്. അതിനു കാരണമായി പറയുന്നത് അവരിങ്ങോട്ടും ചീത്ത പറഞ്ഞേക്കും എന്നാണ്. അമാന്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. അതിനാല്‍ കാര്യങ്ങള്‍ മനസിലാക്കുകയോ തിരുത്തുകയോ ചെയ്യുവാന്‍ സഹായമാകുമെന്ന് ഉറച്ച് കരുതാവുന്ന രീതിയിലും ധ്വനിയിലുമുള്ളതല്ലാത്ത അത്തരം വലിച്ചിടലുകള്‍ നല്ലതല്ല. ഒരു നല്ല സമുദായം അതൊഴിവാക്കുകയാണ് വേണ്ടത്.

Test User: