X

കമ്യൂണിസവും കമ്യൂണലിസവും കൈകോര്‍ക്കുമ്പോള്‍

പ്രൊഫ. പി.കെ.കെ തങ്ങള്‍

സര്‍വസമത്വവാദമെന്ന ശ്രവണ മധുരമായ കമ്യൂണിസം അഥവാ ഭാവനാസമ്പുഷ്ടമായ സാമ്പത്തിക സമീകരണ സിദ്ധാന്തമെന്ന് ഉപജ്ഞാതാക്കളായ കാറല്‍മാക്‌സും ലെനിനുമൊക്കെ പേരിട്ടു വിളിക്കുകയും പിതാക്കളായി ഗണിക്കപ്പെടുന്ന അവര്‍തന്നെ ജന്മനേരം തൊട്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് ആയുസ് പ്രതീക്ഷിച്ചുകൂട എന്ന് പ്രവചിക്കുകയുംചെയ്ത അതികഠിനമായ ജനകീയ പ്രസ്ഥാനമെന്ന നിലയില്‍, തലക്ക് അടിയേറ്റു ചത്ത ഗൗളിയുടെ വാല് പിടയ്ക്കുന്നപോലെ ഇന്ന് കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിയെടും കണ്ടെത്താന്‍ കഴിയാത്തവിധം പൂര്‍ണ്ണ സുഷുപ്തിയിലേക്കോ ചരമത്തിലേക്കോ ആണ്ടു കഴിഞ്ഞ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കമ്യൂണിസം കേരളത്തിലും, മറുവശത്ത് പ്രകടമായും വര്‍ഗീയത എന്ന തുറന്ന അര്‍ത്ഥമുള്ള കമ്യൂണലിസവും വര്‍ഗവെറിയും വംശഹത്യയും (ജിനോസൈഡ്) കൈമുതലാക്കിയ അനുബന്ധ തീവ്രവാദ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന രാജ്യ ഭരണകക്ഷിയും ജനതയെ അടക്കിവാഴുകയും സ്വാതന്ത്ര്യലബ്ധി മുതല്‍ക്കിങ്ങോട്ട് ഇന്ത്യന്‍ ജനത പുലര്‍ത്തിപ്പോന്ന സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന മൗലിക സിദ്ധാന്തത്തെ കുഴിച്ചുമൂടി വര്‍ഗ വിദ്വേഷത്തിന്റെ അഗ്നി ആളിക്കത്തുന്ന നരകമാക്കി മാറ്റാന്‍ വിഷം ചീറ്റുന്ന വര്‍ഗ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കി പിണിയാളുകളെ അണിനിരത്തി ആനന്ദം നുണയുന്ന സാഡിസ്റ്റ് സര്‍ക്കാരിനെയുമാണ് ഇന്ത്യന്‍ ജനസമൂഹം സഹിച്ചുകൊണ്ടിരിക്കുന്നത്. നൂറു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് മനുഷ്യനിര്‍മ്മിതമായ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ലെന്നത് യഥാര്‍ത്ഥത്തില്‍ കാറല്‍മാക്‌സിന്റെ മാത്രം കണ്ടെത്തലൊന്നുമല്ല; മറിച്ച് അതൊരു പ്രകൃതി സത്യമാണ്.

ഏതൊരു ഇന്ത്യന്‍ പൗരനും പൂര്‍ണ്ണമായ പൗരബോധത്തോടെ അഭിമാനപൂര്‍വവും ഭരണഘടന വാഗ്ദത്തം ചെയ്തിരിക്കുന്ന അവകാശങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കാന്‍ മറ്റു വ്യത്യാസങ്ങളൊന്നും തടസ്സമാവാതെ ഭരണഘടനാനുസൃതമായ അവസരങ്ങള്‍ ലഭിക്കേണ്ടതാണ്. അവകാശങ്ങള്‍ ആരുടെയെങ്കിലും ഔദാര്യമല്ല. ഇന്ത്യാരാജ്യത്തെ ഏതെങ്കിലും ഒരു ഇസത്തിന് തീരെഴുതിക്കൊടുത്തിട്ടില്ല. ഇന്ത്യ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണ്. ഭരണഘടനയുടെ ആമുഖം തുടങ്ങുന്നിടത്തുതന്നെ ലിഖിതമായിട്ടുള്ളതാണത്. തുല്യനീതി, അത് സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും എല്ലാവര്‍ക്കും സമാവകാശപ്പെടേണ്ടതാണ്. ചിന്താസ്വാതന്ത്ര്യവും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആരാധനക്കുമുള്ള അവകാശവും എല്ലാവര്‍ക്കും സമമാണ്. അര്‍ഹമായ പദവിക്കുള്ള അവകാശവും പൗരന്മാര്‍ക്ക് സമമാണ്. പരസ്പരം പദവികളിലേക്ക് പ്രോത്സാഹിപ്പിക്കാനുള്ള അവകാശവും പൗരന്മാര്‍ക്കുണ്ട്. ഇവയെല്ലാംതന്നെ തന്റെ വ്യക്തിത്വമെന്ന പോലെതന്നെ രാജ്യത്തിന്റെയും അന്തസും അഭിമാനവും നിലനിര്‍ത്തുന്നതുകൂടിയായിരിക്കണം. ഈ വസ്തുതകളത്രയും 1949 നവംബര്‍ മാസം 26 ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വാഗ്ദത്തം ചെയ്തിട്ടുള്ളവയാണ്. രാജ്യം മുന്നോട്ട്‌വെക്കുന്ന ഈ വസ്തുതകള്‍ രാഷ്ട്രത്തോട് നിറവേറ്റി പൂര്‍ത്തീകരിക്കുകയെന്നത് ഓരോ പൗരന്റെയും കടമയുമാണ്. ഇങ്ങിനെയെല്ലാമാണോ ഈ കാലഘട്ടത്തില്‍ രാജ്യത്തും സംസ്ഥാനത്തും നടന്നുകൊണ്ടിരിക്കുന്നത്? വര്‍ഗീയ ആശയങ്ങളുടെ മേല്‍ക്കോയ്മ കേന്ദ്ര ഭരണ തലത്തിലും കൃത്രിമ രാഷ്ട്രീയ മേല്‍ക്കോയ്മ സംസ്ഥാന തലത്തിലും അല്ലേ നാമിന്നനുഭവിക്കുന്നത്!

കമ്യൂണിസം എന്നത് പാഴ് മുളയാണെന്നതും അതിന്റെ വളര്‍ച്ചയായി പ്രണേതാക്കള്‍ക്ക് അനുഭവപ്പെടുന്നത് അതിന്റെ നാശത്തിലേക്കുള്ള ഗതി വേഗ മുന്നേറ്റം മാത്രമാണെന്നും അവര്‍ക്ക് ബോധ്യം വരിക അത് ജീര്‍ണ്ണിച്ച് കഴിയുമ്പോഴാണ്. സോവിയറ്റ് റഷ്യ ഛിന്നഭിന്നമാകുമെന്ന് അതിന്റെ വളര്‍ച്ചയുടെ കുമിളകള്‍ കണ്ട് സുഖിച്ചവരാരെങ്കിലും കരുതിയിരുന്നോ? ചൈന ഇന്ന് ആശയപരമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തിലല്ലേ. ലോകത്തിന്റെ മുന്നില്‍ ചൈന പിടിച്ചുനില്‍ക്കുന്നത് ആശയപരമായി കുറച്ചൊന്നു കണ്ണടച്ച്, പൗരന്മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്ന കുടില്‍ വ്യവസായങ്ങളുടെയും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും ഉത്പാദനത്തിലും വിപണനത്തിലും കീര്‍ത്തി നേടാന്‍ കഴിഞ്ഞതുകൊണ്ടല്ലേ. നല്ല ആശയങ്ങളിലൂടെയും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ ജനത്തെ ന്യായമായ നിലയില്‍ പിടിച്ചുനിര്‍ത്താനാവൂ. കൃത്രിമ ആശയങ്ങളിലൂടെയും ശൈലികളിലൂടെയും അവരെ എക്കാലവും വ്യാമോഹിപ്പിച്ച് പിടിച്ചുനിര്‍ത്താനാവില്ല. കാരണം ആരുടെയും ചിന്തയും ശേഷിയും മറ്റൊരാള്‍ക്കും എക്കാലത്തേക്കും മരവിപ്പിക്കാനാവില്ല തന്നെ. ഗൗളിയുടെ ഉടല്‍ മൃതിയടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ കാണുന്ന വാല്‍ തലപ്പിന്റെ തുള്ളല്‍, ഒരല്‍പം കഴിയുമ്പോള്‍ അതും നിശ്ചലമാകും. ഈയൊരു ഗതി തന്നെയായിരിക്കും കേന്ദ്ര സര്‍ക്കാറിനും സംഭവിക്കുക.

തീര്‍ത്തും വിഷലിപ്തമായ മാനസികാവസ്ഥ നിലനില്‍ക്കുന്ന ഭരണകര്‍ത്താവും പിണിയാളുകളുമായത് കൊണ്ടല്ലേ ഈ ദുര്‍ഘട ഘട്ടത്തിലും ആവുന്നതിങ്ങു പോരട്ടെ എന്ന നിലയില്‍ ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ത്തു അങ്ങോട്ട് അമ്പെയ്തുവിട്ടത്. ഇതുകൂടി കണ്ടതോടെ കേന്ദ്ര സര്‍ക്കാറിന്റെ മനസ്സിലിരിപ്പെന്താണെന്നത് ഇന്ത്യന്‍ ജനത പൂര്‍ണ്ണമായും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുകയാണ്. ലോകമനുഷ്യരേ, നിങ്ങള്‍ സഹോദരീ സഹോദരന്മാരാണ്. നിങ്ങള്‍ ജനിച്ചുവളര്‍ന്നത് ഒരേ പിതാവിന്റെയും മാതാവിന്റെയും സന്താനങ്ങളായിട്ടാണ്. നിങ്ങളുടെ പിതാവ് ആദവും മാതാവ് ഹവ്വയുമാണ്. ഒരു വേര്‍തിരിവും നിങ്ങള്‍ക്കിടയിലില്ല. നിങ്ങള്‍ ദൈവ വിശ്വാസിയാണെങ്കില്‍ നിങ്ങളുടെ അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ നിങ്ങള്‍ വയറുനിറച്ച് ആഹാരം കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസിയാണെന്ന് പറയാന്‍ അര്‍ഹതയില്ല. അയല്‍ക്കാരന്റെ വിശപ്പടക്കാന്‍ കറിയില്‍ അല്‍പം വെള്ളം അധികം ചേര്‍ത്തെങ്കിലും നിങ്ങള്‍ ശ്രമിക്കണം, സ്വര്‍ണ്ണവും വെള്ളിയും (ധനം) നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ പൂഴ്ത്തിവെക്കുന്നവര്‍ക്കാണ് നാശം തുടങ്ങിയ ഒട്ടനേകം മാനവിക വിഷയങ്ങള്‍ മനുഷ്യനെ പഠിപ്പിച്ച് ലോക മാനവികത (ജാതീയതയല്ല തന്നെ)യെന്ന തത്വം മനുഷ്യ വംശത്തെ പഠിപ്പിച്ച മഹിതമായ ആശയ പ്രസ്ഥാനത്തെയാണ് കേന്ദ്ര സര്‍ക്കാറും പിണിയാളുകളും ബദ്ധവൈരികളാക്കുന്നത്. തൊലി നിറം നോക്കിയോ, സമ്പത്ത് നോക്കിയോ ആരെയും വിലയിരുത്താതെ ഒരു പ്രസ്ഥാനത്തെ എന്തിനാണ് ഭരണകൂടം ഇത്രയേറെ ഭയപ്പെട്ട് ഉന്മൂലനത്തിനൊരുങ്ങുന്നത്? ലോകത്ത് ഒരു യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസിയും അപരനെ ഒരുവിധത്തിലും ഉപദ്രവിക്കുകയില്ല. ലോകത്തെവിടെയെങ്കിലും വല്ല മുസ്‌ലിം നാമധാരികളും എന്തെങ്കിലും വിവരക്കേട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇസ് ലാമിന് പുറത്തുള്ളവരോ, മറ്റാര്‍ക്കോ വേണ്ടി വിടുവേല ചെയ്യുന്ന കപടരോ ആണെന്നല്ലാതെ, ഇസ്‌ലാം അത്തരക്കാരെ ആരുടെയും വക്കാലത്തെടുക്കുകയില്ല. ലോക സമാധാനത്തിന് വിരുദ്ധമായി ഒരു വിശ്വാസിയും ചെറുവിരല്‍ പോലും അനക്കില്ല. അധികാരത്തിന്റെ പിന്നാലെ പോവുകയോ അധികാരമുണ്ടെങ്കിലേ വിശ്വാസം പൂര്‍ണ്ണമാവൂ എന്ന അബദ്ധജഡിലമായ നിലപാട് വെച്ച്പുലര്‍ത്തുകയോ ചെയ്യുകയെന്നത് ഒരു വിശ്വാസിക്കും കരണീയമല്ല. ജനാധിപത്യവും മതേതരത്വവുമാണ് രാജ്യത്തിന്റെ ആധാരശിലകള്‍ എന്ന പരമ സത്യം വിസ്മരിക്കുന്ന ഭരണകൂടങ്ങളാണ് ഇന്ന് പൗര സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വിലങ്ങുതടിയാവുന്നത് എന്ന ദു:ഖ സത്യം പറയാതെ വയ്യ. പരമ്പരാഗതമായി ഇന്ത്യാരാജ്യം സര്‍വ സമുദായ മൈത്രിയുടെ ഈറ്റില്ലമാണ്; അടുത്ത കാലത്തായി തകിടംമറിഞ്ഞുവരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും. നാളിതുവരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്ന ഏതൊരു, അല്‍പം പൊതു വിവരമുള്ള വിദേശ പൗരനെയും ആകര്‍ഷിച്ചിരുന്നത് ഇവിടത്തെ സാംസ്‌കാരിക ബഹുസ്വരത വിളിച്ചോതുന്ന ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. എന്നാല്‍ അടുത്തിടെയായി തക്കംനോക്കി സ്ഥലനാമങ്ങളടക്കം മായ്ച്ചു കളയുന്നതാണ് കാണപ്പെടുന്നത്. ഭരണാധികാരികളുടെ ഇത്തരം കുടില മനസ്‌കത എവിടം വരെ ചെന്നെത്തുമെന്നത് പ്രവചിക്കുക വയ്യ. കേള്‍ക്കാന്‍ മധുരമായി തോന്നുമെങ്കിലും കമ്യൂണിസവും കമ്യൂണലിസവും ആത്യന്തികമായി നേര്‍ മാനവികതകയുടെ വൈരികളാണെന്നതില്‍ സംശയമില്ല.

 

 

Test User: