X

ഭഗവദ്്ഗീത നിര്‍ബന്ധിത പാഠ്യപദ്ധതിയാക്കുമ്പോള്‍- ടി.കെ പ്രഭാകരകുമാര്‍

ടി.കെ പ്രഭാകരകുമാര്‍

കര്‍ണാടകയിലെ വിദ്യാഭ്യാസ മേഖല സമ്പൂര്‍ണമായും കാവിത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടത്തെ ബി.ജെ. പി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിന്പിറകെ സ്‌കൂളുകളില്‍ ഭഗവദ്ഗീത നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ പോകുകയാണെന്നാണ് പുതിയ വാര്‍ത്ത. ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ ഭഗവദ്ഗീത പഠനം നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക സര്‍ക്കാറും ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. കര്‍ണാടകയിലെ സ്‌കൂളുകളിലും ഭഗവദ്ഗീത നിര്‍ബന്ധ പാഠ്യപദ്ധതിയാക്കുമെന്ന് പ്രൈമറി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ബെംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഗുജറാത്തില്‍ 2022-23 അധ്യയന വര്‍ഷം മുതലാണ് ഗീത പഠനം സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ നിര്‍ദേശങ്ങള്‍ വ്യാഖ്യാനിച്ചാണ് ഇത്തരമൊരു തീരുമാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ആറു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ കഥകളായാണ് ഭഗവദ്ഗീത പഠിപ്പിക്കുകയെന്നും ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ ഗീതാപാരായണമുണ്ടാകുമെന്നുമാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്. ഗീത അടിസ്ഥാനമാക്കി ശ്ലോകം, പാട്ട്, പ്രബന്ധം, കളികള്‍, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുമെന്നും അച്ചടി, ശ്രാവ്യ, ദൃശ്യ പഠനസഹായികള്‍ ലഭ്യമാക്കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതേ രീതിയില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവദ്ഗീതയെ ആധാരമാക്കിയുള്ള പഠനവിഷയങ്ങള്‍ എല്ലാ വിദ്യാര്‍ഥികളിലും അടിച്ചേല്‍പ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഭഗവദ്ഗീത മതഗ്രന്ഥമാണെന്ന് ആധികാരികമായി പറയാനാകില്ലെങ്കിലും അതിന്റെ സ്വത്വം ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ സംസ്‌കാരമാണ്. സംഘ്പരിവാര്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ ഭഗവദ്ഗീതയെ ഗുരുപയോഗം ചെയ്യുന്നുണ്ട്. ഇത് പാഠ്യപദ്ധതിയാക്കിയാല്‍ ഹിന്ദുകുടുംബങ്ങളിലെ കുട്ടികള്‍ മാത്രമല്ല മുസ്‌ലിം-ക്രൈസ്തവ, ജൈന, ബുദ്ധവിഭാഗങ്ങളടക്കമുള്ള ഇതര മതങ്ങളിലെ കുട്ടികളും പഠിക്കേണ്ടിവരും. ഒരു വിശ്വാസപ്രമാണത്തെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങള്‍ മറ്റ് വിശ്വാസപ്രമാണങ്ങള്‍ പുലര്‍ത്തുന്നവര്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും തെറ്റില്ല. എന്നാല്‍ ആ പഠനം സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ അടയാളങ്ങള്‍ പാടില്ലെന്നുപറഞ്ഞാണ് ഹിജാബ് നിരോധിച്ചത്. അപ്പോള്‍ ഭഗവദ്ഗീതയുടെ കാര്യത്തില്‍ ഇത് ബാധകമല്ലേയെന്ന ചോദ്യം പ്രസക്തമാണ്. ഹിജാബ് ഒരു സമുദായത്തിലെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ആ സമുദായത്തിലെ സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രമാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും വരുന്നത് കൊണ്ട് മറ്റാര്‍ക്കും ബുദ്ധിമുട്ടില്ല. ഇതര വിഭാഗങ്ങളിലെ കുട്ടികളുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയവുമല്ല. എന്നിട്ടും അതിന് നിരോധനമേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ സമത്വം നിലനിര്‍ത്തുന്നതിനാണ് ഹിജാബ് നിരോധിച്ചതെന്നാണ് അധികാരികളുടെ വിശദീകരണം. എന്നാല്‍ ഹിജാബ് വിലക്കിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത വര്‍ഗീയ വേര്‍തിരിവുകളും അസമത്വവുമാണ് സംഭവിച്ചിരിക്കുന്നത്. ഭഗവദ്ഗീത പാഠ്യവിഷയമാക്കിയാല്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകും. ഭഗവദ്ഗീത പാഠ്യപദ്ധതിയാക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഖുര്‍ആനും ബൈബിളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പഠിക്കട്ടെ. ഭഗവദ്ഗീത മാത്രം പഠിപ്പിക്കുന്നുവെങ്കില്‍ അതിനെ വിദ്യാഭ്യാസമേഖലയുടെ ഹിന്ദുത്വവത്കരണത്തിന്റെ പൂര്‍ണരൂപമായി മാത്രമേ മതേതരവിശ്വാസികള്‍ക്ക് കാണാന്‍ സാധിക്കൂ.

ഇതിന്റെയൊക്കെ പരിണിതഫലം അങ്ങേയറ്റം ഭീതിദമാണ്. മതസൗഹാര്‍ദത്തോടെ ജീവിച്ച കുട്ടികളില്‍ വര്‍ഗീയവിഷം കുത്തിവെച്ച് പരസ്പരം ശത്രുക്കളാക്കി മാറ്റുകയെന്ന കുടിലബുദ്ധിയാണ് ഇവിടെ വിജയിക്കുന്നത്. സ്വന്തം മതത്തെ സ്‌നേഹിക്കുകയന്നതിലുപരി മറ്റ് മതവിഭാഗങ്ങളോട് വിദ്വേഷവും വെറുപ്പും പുലര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വര്‍ഗീയസ്വഭാവമുള്ള സംഘടനകള്‍ നടത്തുക. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വലയത്തില്‍ അകപ്പെടുന്ന കുട്ടികള്‍ മതഭ്രാന്ത് മൂത്ത് ചെയ്യുന്ന കടുംകൈകള്‍ ഈ തലമുറക്ക് മാത്രമല്ല വരും തലമുറക്കും വരുത്തിവെക്കുക വിനാശമായിരിക്കും. ആ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് ഹിജാബുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ സൂചന നല്‍കുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ പെണ്‍കുട്ടിയെ വിദ്യാര്‍ഥികളടക്കമുള്ള നൂറിലേറെ പേര്‍ ജയ്ശ്രീറാം വിളിച്ച് തടയുകയും കയ്യേറ്റത്തിനിരയാക്കുകയും ചെയ്ത സംഭവം കലാലയങ്ങളില്‍ ഇതുവരെ കാത്തുസൂക്ഷിച്ച മതസൗഹാര്‍ദ സംസ്‌കാരത്തിന് ഗുരുതരമായ കളങ്കമാണ് വരുത്തിവെച്ചത്. വിദ്യാര്‍ഥികളെ ജനാധിപത്യത്തിന്റെയും മതേതതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ പഠിപ്പിക്കുന്നത് വിദ്യാലയങ്ങളിലാണ്. ആ വിദ്യാലയങ്ങളെ തങ്ങളുടെ വര്‍ഗീയ മുതലെടുപ്പുകള്‍ക്കായി ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാര്‍ ശക്തികള്‍ വിദ്യാര്‍ഥി സമൂഹത്തിന് നേരെ കാണിക്കുന്നത് കൊടും ചതിയും കൊടിയ അനീതിയുമാണ്. ജാതിമത കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറത്ത് വിശാലമായ സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ശത്രുത വളര്‍ത്താനാണ് ഇവരുടെ ഇടപെടലുകള്‍ കാരണമായിതീര്‍ന്നിരിക്കുന്നത്. വിഭാഗീയചിന്താഗതികളുമായി വിദ്യാര്‍ഥികള്‍ തമ്മില്‍ സംശയത്തോടെ വീക്ഷിക്കാനും അസഹിഷ്ണുതയോടെ പെരുമാറാനും തുടങ്ങിയാല്‍ കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാന്‍ സാധിക്കുകയില്ല.

രാജ്യത്തെ ഓരോ പൗരനും അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോമിനൊപ്പം കുട്ടികള്‍ക്ക് അവരുടെ വിശ്വാസം അടയാളപ്പെടുത്തുന്ന വേഷം കൂടി ധരിക്കുന്നതിന് ഭരണഘടന വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ധരിക്കുന്ന യൂണിഫോം മറയ്ക്കുന്ന വേഷമല്ല ഹിജാബ്. ഈ സാഹചര്യത്തില്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബിന് നിരോധനം കൊണ്ടുവന്നതിന് പിന്നില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും വിദ്യാഭ്യാസപരമായും കടുത്ത സമര്‍ദത്തിലാക്കുന്നതിന് വേണ്ടിയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല. മുസ്‌ലിം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസപരമായി നേടുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടുന്ന തരത്തിലേക്ക് വരെ ഈ വിലക്കിന്റെ പ്രതിലോമ സ്വഭാവം തീവ്രത കൈവരിച്ചിരിക്കുകയാണ്. ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ കാവിഷാള്‍ ധരിച്ചുകൊണ്ട് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം നടത്തുന്നതായി കണ്ടു. കാവിഷാള്‍ ധരിച്ച് ക്ലാസില്‍ വരരുതെന്ന് ഹിജാബ് ധരിച്ചവര്‍ എവിടെയെങ്കിലും പറഞ്ഞതായി അറിവില്ല. കാവിഷാള്‍ ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അതിന് ഹിജാബ് ധരിച്ചവരെ വിലക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. കാവിഷാള്‍ ധരിച്ച് വരുന്നവരെ ആരെങ്കിലും ആക്രമിച്ച സംഭവം എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹിജാബ് ധരിക്കുന്നതിന്റെ പേരിലുള്ള ഏകപക്ഷീയമായ ആക്രമണങ്ങള്‍ ബോധപൂര്‍വം കലാലയങ്ങളില്‍ കലാപമുണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെ തന്നെയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇതൊരു കര്‍ണാടകയിലെ മാത്രം ആഭ്യന്തര കാര്യമായി തള്ളാനാകില്ല. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച് പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ഥിനികളുടെ പഠനത്തെകൂടി ഇത്തരം സംഭവങ്ങള്‍ ദോഷകരമായി ബാധിക്കുന്നുണ്ട്. ഹിജാബ് വിലക്ക് മൂലമുള്ള പ്രശ്‌നങ്ങള്‍ കാരണം ഇക്കുറി കര്‍ണാടകയില്‍ പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ പോലും സാധിച്ചില്ല. ഇതിനിടയിലാണ് ഭഗവദ്ഗീത വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മതേതര കക്ഷികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് ഫാസിസ്റ്റുകള്‍ക്ക് കൂടുതല്‍ ശക്തിപകരുകയാണ്.

Test User: