X

മണിപ്പുരിനെ കുറിച്ച് ചോദിക്കുമ്പോള്‍ മോദി ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് പറയുന്നു -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: നിരവധി പേരെ കൊല്ലുകയും വീടുകളും സ്ഥാപനങ്ങളും കത്തിക്കുകയും ചെയ്ത മണിപ്പുരിലെ വംശീയ കലാപത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ചാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ നാലുദിവസമായി പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, മോദി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. മണിപ്പുരിനെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്ധമായി.

ഉച്ചയ്ക്ക് സഭ സമ്മേളിച്ചപ്പോള്‍ ചോദ്യോത്തര വേളയുടെ തുടക്കം മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ ‘മണിപ്പുര്‍, മണിപ്പുര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. റൂള്‍ 267 പ്രകാരം മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് 50 അംഗങ്ങള്‍ നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു.

മണിപ്പുരിനെ ചൊല്ലി രാജ്യസഭയില്‍ മന്ത്രി പിയൂഷ് ഗോയലും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വാക്കുതര്‍ക്കം നടത്തി. മോദിക്ക് പകരം ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്താന്‍ തയാറാണെന്നും രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഗോയല്‍ പറഞ്ഞു. ‘ആഭ്യന്തര മന്ത്രി അതിന് തയ്യാറാണ്. അദ്ദേഹം പാലും വെള്ളവും വേര്‍തിരിക്കും’ -അദ്ദേഹം പറഞ്ഞു.

എന്നാല്‍, മോദി സഭയില്‍ വരാത്തതിനെ ഖാര്‍ഗെ ചോദ്യം ചെയ്തു. ‘ഇത്രയും ആളുകള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ആഗ്രഹിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ സംസാരിക്കാന്‍ തയ്യാറാകാത്തത്? എന്തുകൊണ്ടാണ് മോദി സാഹബ് ഇവിടെ വന്ന് സ്ഥിതിഗതികള്‍ വിശദീകരിക്കാത്തത്? പുറത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ മണിപ്പൂരിനെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അദ്ദേഹം തയ്യാറല്ല’ -അദ്ദേഹം പറഞ്ഞു.

ഖാര്‍ഗെയുടെ പരാമര്‍ശങ്ങളെ എതിര്‍ത്ത ഗോയല്‍, പ്രതിപക്ഷം സഭയെ ശല്യപ്പെടുത്തുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ആരോഗ്യകരമായ സംവാദവും ചര്‍ച്ചയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. ‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മണിപ്പുര്‍, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കം. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം’ -ഗോയല്‍ പറഞ്ഞു.

നേരത്തെ, പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യക്കെതിരെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി മോദി പരിഹാസം അഴിച്ചുവിട്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ‘ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ’ – മോദി പറഞ്ഞു. ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘മോദീ, താങ്കള്‍ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മള്‍ ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. എല്ലാ ജനങ്ങള്‍ക്കും ഞങ്ങള്‍ സ്‌നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കും’ -രാഹുല്‍ വ്യക്തമാക്കി.

 

webdesk13: