കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതം ഉറപ്പാക്കാനെന്ന പേരില്‍ പണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടിയാണ് സി.പി.എം. അങ്ങനെയൊരു പ്രസ്ഥാനം സ്ത്രീ വിരുദ്ധമാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ പാര്‍ട്ടി സഖാക്കള്‍ക്ക് പൊള്ളുക സ്വാഭാവികം. സ്ത്രീകളെ തോള്‍ ചേര്‍ത്തി നിര്‍ത്തി നവോത്ഥാനം സംരക്ഷിച്ചത് തങ്ങളല്ലേ എന്നായിരിക്കും അവരുടെ ചോദ്യം. വനിതകള്‍ ഏതെല്ലാം വിധത്തില്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോഴെല്ലാം പട വാളുയര്‍ത്താന്‍ തങ്ങള്‍ മാത്രമേ ഭൂമി മലയാളത്തില്‍ ഉള്ളൂ എന്ന് അവകാശപ്പെടാന്‍ പാര്‍ട്ടി എക്കാലവും മുന്നിലുമാണ്. എന്നാലിപ്പോള്‍ നിയമസഭയില്‍ പോലും സ്ത്രീകളെ നോക്കി അതിനീചിമായി അധിക്ഷേപിക്കുന്ന സാമാചികരായി സ്വന്തം നേതാക്കള്‍ മാറുന്നത് കാണുമ്പോള്‍ കമ്യൂണിസം അല്‍പം തലക്കു പിടിച്ചവര്‍ക്കുപോലും ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവരുന്നു.
വടകരയില്‍ സി.പി.എമ്മിനെ കശക്കിയെറിഞ്ഞ് നിയമസഭയില്‍ എത്തിയ കെ.കെ രമക്കെതിരെ നിന്ദ്യമായ വാക്കുകളാണ് സി.പി.എം നേതാക്കള്‍ എറിഞ്ഞുകൊണ്ടിരിക്കുന്നത്. കെ.കെ രമ ഒറ്റുകാരിയാണെന്നും അതിനു കിട്ടിയ പാരിതോഷികമാണ് എം.എല്‍.എ സ്ഥാനമെന്നും അധികം അഹങ്കരിക്കരുതെന്നുമുള്ള എളമരം കരീമിന്റെ വിമര്‍ശനത്തിന് പിന്നാലെ മുന്‍ മന്ത്രി എം.എം മണി നിയമസഭയില്‍ അങ്ങേയറ്റം വൃത്തികെട്ട പദ പ്രയോഗങ്ങളാണ് നടത്തിയത്. ഇവിടെയാരു മഹതി വിധവയായത് അവരുടെ വിധിയാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ ആഹ്ലാദിപ്പിച്ചിരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് സ്ത്രീകളെ നോക്കി തെറി വിളിക്കുകയും ഗോഷ്ഠി കാണിക്കുകയും ചെയ്യുന്ന മണിയുടെ നാവിന് ചങ്ങലയിടാന്‍ അവര്‍ തയാറാകാത്തത്. എന്തു തോന്നിവാസം വിളിച്ചു കൂവിയാലും പാര്‍ട്ടി തന്നോടൊപ്പമുണ്ടെന്ന ധൈര്യം അദ്ദേഹത്തിനുണ്ട്. സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം ആനി രാജക്കെതിരെ വാളെടുക്കാനുള്ള കാരണവും മറ്റൊന്നല്ല. അവര്‍ ഡല്‍ഹിയിലല്ലേ എന്നും ഇവിടെയല്ലല്ലോ ഉണ്ടാക്കുന്നതെന്നുമുള്ള പരാമര്‍ശം സി.പി.ഐയില്‍ ചിലരെ ചൊടിപ്പിച്ചെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ആനി രാജ എന്തോ വലിയ അപരാധം ചെയ്തതുപോലെയാണ് സംസാരിച്ചത്. മണി പറഞ്ഞത് നിയമസഭയിലാണെന്നും അതിന് പരിഹാരം കാണേണ്ടത് സ്പീക്കറാണെന്നുമാണ് സി.പി.ഐ നിലപാട്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയുടെ ഭാര്യയാണ് ആനി രാജ. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ കുരച്ചു ചാടിയിട്ടും പാര്‍ട്ടി നേതാക്കള്‍ നിശബ്ദത പാലിക്കുകയും അദ്ദേഹത്തെ പരോക്ഷമായി തഴുകുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഭരണവും മന്ത്രിസ്ഥാനങ്ങളും ഒഴിവാക്കി ആനി രാജയുടെ കൂടെ നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അവരുടെ ന്യായം. അധികാരം കിട്ടുമെങ്കില്‍ എന്ത് വിഴുപ്പും പേറാന്‍ ഇടതു പാര്‍ട്ടികള്‍ തയാറാണെന്നാണ് സി.പി.ഐ നല്‍കുന്നത്. പാര്‍ട്ടിയുടെ സമുന്നതയായ നേതാവിനെ പരസ്യമായി അവഹേളിച്ചിട്ടും അവര്‍ക്ക് കുലുക്കമില്ല.
രമക്കെതിരെയുള്ള മണിയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമാണന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആനി രാജ പറഞ്ഞത്. ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് അതെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. മാന്യതയുടെ അതിര്‍വരുമ്പുകളില്‍ ഒതുങ്ങിയുള്ള അവരുടെ വിമര്‍ശനത്തെ സ്ത്രീ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ചാണ് മണി നേരിട്ടത്. മുമ്പ് കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയപ്പോഴും ആനി രാജയെ പാര്‍ട്ടി സംസ്ഥാന ഘടകം കയ്യൊഴിയുകയായിരുന്നു. ദേശീയ നേതാവ് സംസ്ഥാന വിഷയങ്ങളില്‍ ഇടപെടരുതെന്നായിരുന്നു സംസ്ഥാന നേതാക്കള്‍ പറഞ്ഞത്.
സി.പി.എം മാത്രമല്ല, അവരോടൊപ്പം നില്‍ക്കുന്ന സി.പി.ഐയും സ്ത്രീ വിരുദ്ധമാണെന്ന് പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ നേതാക്കളാണെന്ന നോട്ടം പോലും അവര്‍ക്കില്ല. സ്ത്രീവിരുദ്ധതയെന്നാല്‍ സ്ത്രീകളോടുള്ള വിരോധമല്ല. സ്ത്രീകളുടെ ഉയര്‍ച്ചയിലും പുരോഗതിയിലുമുള്ള വിരോധവും അസഹിഷ്ണുതയുമാണ്. കെ.കെ. രമയ്‌ക്കെതിരെയും ആനി രാജയ്‌ക്കെതിരെയും തിരിയാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നത് മറ്റൊന്നല്ല. സ്ത്രീയാണെങ്കില്‍ മിണ്ടരുതെന്നും അടങ്ങിയിരിക്കണമെന്നുമാണ് സി.പി.എമ്മും സി.പി.ഐയും പറഞ്ഞുകൊണ്ടിരിക്കുന്നത്. നവോത്ഥാനം വിളമ്പിയും വനിതാ മതില്‍ കെട്ടിയും കേരളത്തിലെ സ്ത്രീ സമൂഹത്തെ തുടര്‍ന്നും വഞ്ചിക്കാമെന്നായിരിക്കും ഇടതു നേതാക്കളുടെ മനസിലിരിപ്പ്. എന്നാല്‍ സ്ത്രീകള്‍ പാര്‍ട്ടിയുടെ ഒത്തുതീര്‍പ്പിന് വഴങ്ങണമെന്നതൊക്കെ പണ്ട്. കേരളം പഴയ കേരളമല്ലെന്നെങ്കിലും ഇടതുപക്ഷം ചുരുങ്ങിയ പക്ഷം മനസിലാക്കുന്നത് നല്ലതാണ്.