X
    Categories: MoreWorld

അമേരിക്ക വിധിയെഴുതുമ്പോള്‍

തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായ 2024 ലെ ഏറ്റവും ശ്രദ്ധേയമായ ജനവിധി നാളെ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപദവികളിലൊന്നായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് കമലാ ഹാരിസിലൂടെ ആദ്യമായി ഒരു വനിത അവരോധിക്കപ്പെടുമോ അതോ തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഡൊണാള്‍ഡ് ട്രംപ് ചരിത്രം രചിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഒരു ഘട്ടത്തില്‍ സര്‍വേകളിലെല്ലാം വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയിരുന്ന കമല അവസാനത്തില്‍ പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിലൂടെ ഫലം തീര്‍ത്തും പ്രവചനാതീതമായിരിക്കുകയാണ്. വീറും വാശിയുംകൊണ്ട് മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസാധാരണത്തം കൊണ്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സംഭവബഹുലമായിരുന്നു.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ട്രംപും ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി നിലവിലെ പ്രസിഡന്റ് ജോബൈഡനുമായിരുന്നു പ്രധാന എതിരാളികള്‍. എന്നാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടമായ സംവാദങ്ങളില്‍ ബൈഡന് കാലിടറുകയും ട്രംപ് ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെ അപകടം മണത്ത ഡെമോക്രാറ്റുകള്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും നിലവിലെ വൈസ്പ്രസിഡന്റ് കമലക്ക് അവസരം നല്‍കുകയുമായിരുന്നു. പ്രായാധിക്യം മൂലമുള്ള ഓര്‍മക്കുറവായിരുന്നു ബൈഡന് വിനയായത്. മറവിവുമൂലം പൊതു ഇടങ്ങളില്‍ അദ്ദേഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന വാക് പിഴകള്‍ ട്രംപ് പ്രചാരണവിഷയമാക്കിയ ഘട്ടത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തിലും ഓര്‍മക്കുറവ് ബൈഡനെ അലട്ടിയത്. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നുറപ്പായതോടെ ഡെമോക്രാറ്റുകള്‍ അദ്ദേഹത്തെ മാറ്റുകയെന്ന കടുത്ത തീരുമാനത്തിലേക്കെത്തുകയായിരുന്നു.

കമലാ ഹാരിസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ സാഹചര്യങ്ങള്‍ മാറിമറിയുകയും തുടക്കത്തില്‍ അവര്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. പാര്‍ട്ടി കണ്‍വെന്‍ഷനിലെ മിന്നും പ്രകടനം ട്രംപിന് വ്യക്തമായ സാധ്യത കല്‍പിച്ചിരുന്ന മാധ്യമങ്ങള്‍ വരെ മലക്കം മറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ജനപിന്തുണയില്‍ അഞ്ചുശതമാനത്തിന്റെ വരെ വ്യത്യാസം അവര്‍ ട്രംപുമായി നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ ശക്തമായ തിരിച്ചുവരവിനാണ് തിരഞ്ഞെടുപ്പിന്റെ അവസാന നാളുകള്‍ സാക്ഷ്യംവഹിക്കുന്നത്. ഏറ്റവും പുതിയ എന്‍ബിസി ന്യൂസ് സര്‍വേ പ്രകാരം, കമല ഹാരിസിന്റെ ദേശീയതലത്തിലെ ലീഡ് വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായിരുന്ന അഞ്ചുപോയിന്റിന്റെ ലീഡ് നഷ്ടപ്പെട്ട് ഇരുവരും സമാസമം ആയിരിക്കുകയാണ്. എബിസി ന്യൂസ്/ഇപ്സോസ് സര്‍വേയില്‍, സാധ്യതയുള്ള വോട്ടര്‍മാരില്‍ കമലയ്ക്ക് 50 ശതമാനത്തിന്റെ പിന്തുണയുണ്ട്. കഴിഞ്ഞമാസം ഇത് 52 ശതമാനമായിരുന്നു. അതേ സമയം, ട്രംപ് തന്റെ നില, 46ല്‍ നിന്ന് 48 ആയി മെച്ചപ്പെടുത്തുകയും ചെയ്തു. സമാനമാണ് സിബിഎസ്/ യൂഗോവ് ഫലങ്ങളും ഒക്ടോബര്‍ 12,13 ദിവസങ്ങളില്‍ പുറത്തിറക്കിയ ന്യൂ യോര്‍ക്ക് ടൈംസ്/സിയാന കോളജ് സര്‍വേയില്‍, കമല രിസിന് കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ 78 ശതമാനവും ഹിസ് പാനിക് വോട്ടര്‍മാര്‍ക്കിടയില്‍ 56 ശതമാനവും പിന്തുണ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ക്ക് 2016ലും 2020ലും ലഭിച്ചതിനേക്കാള്‍ വളരെ കുറവാണ്. പ്രധാന മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലും അരിസോണ, ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിന്‍സ്‌കോസിന്‍ എന്നിവിടങ്ങളിലും കമലയുടെ ജനസമ്മിതിയില്‍ ഇടിവ് സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വിജയിക്കാന്‍ ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത ട്രംപ് വ്യക്തിഹത്യക്കും വംശീയ അധിക്ഷേപത്തിനുമൊന്നും പ്രചാരണ രംഗത്ത് ഒരവധിയും നല്‍കിയിട്ടില്ല. എന്നിട്ടും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന തിരിച്ചുവരവ് ആശങ്കാജനകമാണ് എന്നതിനേക്കാളുപരി രാജ്യത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനംകൂടിയാണ്. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ പ്രതീക്ഷയോടെയായിരുന്നു യു.എസ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോബൈഡനെ പ്രസിഡന്റ് കസേരയില്‍ പിടിച്ചിരുത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളും നയങ്ങളും മറന്നു മുന്‍ പ്രസിഡന്റ് ട്രംപിന്റെ വഴിയിലാണ് അദ്ദേഹം സഞ്ചരിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈലിന്റെ കൈപിടിച്ച് ട്രംപിന്റെയും മുമ്പേ സഞ്ചരിക്കാന്‍ പറ്റുമോ എന്നായിരുന്നു ബൈഡന്റെ അന്വേഷണം. ഫലസ്തീന്‍ ജനതയുടെ ഉന്മൂല നാശം ലക്ഷ്യംവെച്ചുള്ള സയണിസ്റ്റ് ഭീകരതക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ സംഘര്‍ഷഭരിതമാക്കുന്നതിന് ഇസ്രാഈലിന് പ്രചോദനമായി നിലയുറപ്പിച്ചും ആ ലക്ഷ്യം അദ്ദേഹം നേടുകയും ചെയ്തു. ഡെമോക്രാറ്റുകളുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് മറ്റൊരു ട്രംപ് തന്നെയായി ബൈഡന്‍ മാറിയതോടെ ആര്‍ക്കുവോട്ടുനല്‍കണമെന്ന ആശങ്ക അമേരിക്കക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

webdesk17: