X

സാഹസികത അവിവേകത്തിന് വഴിമാറുമ്പോള്‍

എം.പി അബ്ദുല്‍ സുബൈര്‍

ആധുനികതയുടെ മാസ്മരികതയില്‍ വേഗതയുടെ ഉന്നതിയില്‍ ജീവിതം മറന്ന ഒരു വിഭാഗമാണ് സാഹസികത എന്ന തോന്നലില്‍ എന്തിനും തയ്യാറായ ന്യൂ ജനറേഷന്‍. ഇവരുടെ യാത്ര പ്രത്യേകിച്ച് ഇരുചക്ര വാഹന ഉപയോഗം അശാന്തിയുടെ അനന്തതയിലേക്ക് നീങ്ങുന്നത്. നിയമത്തെ കുറിച്ചുള്ള അജ്ഞതയല്ല അനുസരിക്കില്ലെന്ന വാശിയില്‍ നിന്നാണ് സാഹസികത അവിവേകത്തിന് വഴിമാറുന്നത്. ഇരുചക്ര വാഹനം സ്വന്തമാക്കിയാല്‍ ആദ്യമായി ചെയ്യുന്നത് ആ വാഹനത്തിന്റെ യാത്ര സുരക്ഷക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ (റിയര്‍ വ്യൂ മിറര്‍, ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്, സൈലന്‍സര്‍, ഹാര്‍ഡില്‍ ബാര്‍ തുടങ്ങിയവ) അഴിച്ചുമാറ്റുക എന്നതാണ്. പിന്നീടുള്ളയാത്ര ആരുണ്ടിവിടെ എന്നെ പിടിച്ചുകെട്ടാന്‍ എന്ന ഭാവത്തില്‍. ഈ അശ്വമേധത്തിന്റെ പര്യവസാനം മിക്കതും ദുരന്തമാണ്. സമൂഹത്തിന്റെ അല്ലെങ്കില്‍ കുടുംബത്തിന്റെ കണ്ണീരാണ് പിന്നെ കാണുക. പിന്നെ വിധിയെ പഴിച്ച് കാലം കഴിക്കും. വാട്ടര്‍ ബെഡുകളിലും വീല്‍ചെയറുകളിലും ഊന്നുവടികളിലും ശേഷിച്ച ജീവിതം കഴിച്ചുകൂട്ടുന്നവര്‍ സമൂഹത്തില്‍ വര്‍ധിക്കുന്നു. ഒരല്‍പം ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അമിത വേഗത ആപത്താണെന്നും ഒരിക്കലും എത്താതിരിക്കുന്നതിലും എത്രയോ ഭേദം അല്‍പം വൈകി എത്തുന്നതാണെന്നും റോഡ് നിയമങ്ങള്‍ രക്ഷക്കാണ് എന്നും വിചാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വിധി മറിച്ചാകുമായിരുന്നു.

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ശരിയായ വിധത്തില്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ കാര്യമുള്ളൂ. മറ്റാര്‍ക്കോ വേണ്ടിയാവരുത്. ഗുണമേന്‍മയുള്ള ഹെല്‍മറ്റ് നിര്‍ദ്ദേശാനുസരണം ധരിച്ച് മാത്രം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പുനര്‍ജന്മമായി അഭിമാനത്തോടെ പറയുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇരുചക്രവാഹനങ്ങളിലെ എല്ലാവരും ഹെല്‍മെറ്റ് അണിയണമെന്ന് നിര്‍ദ്ദേശം വന്നത്. ജീവീതം നടുറോഡില്‍ തകര്‍ത്ത് കളയാനുള്ളതല്ല സന്തോഷിച്ച് കുടുംബത്തോടെ ആസ്വദിച്ച് നന്മ ചെയ്ത് ജീവിക്കാനുള്ളതാണ്. മക്കളുടെ പഠനകാര്യത്തിലും മറ്റും പ്രോത്സാഹനം നല്‍കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത പക്വത എത്താത്ത കുട്ടികള്‍ക്ക് വാഹനം വാങ്ങികൊടുക്കുന്ന രക്ഷിതാക്കളുമുണ്ട്. പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാതാപിതാക്കളുടെ മൗനാനുവാദത്തോടെ ദുരുപയോഗം ചെയ്യുന്ന സാഹചര്യവും വിരളമല്ല. സ്‌കൂളുകളില്‍ പി.ടി.എ മീറ്റിംഗിന് അമ്മമാരെ എത്തിക്കുന്നത് മോട്ടോര്‍ സൈക്കിളില്‍ അതേ സ്‌കൂളിലെ കുട്ടികള്‍ തന്നെ എന്നത് വിരോധാഭാസം തന്നെയല്ലെ? ഇത്തരത്തിലുള്ള പ്രവര്‍ത്തി മൂലം ദുരന്ത മുഖങ്ങളില്‍പെട്ട് ജീവിതകാലം മുഴുവന്‍ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട് തീരാദുഃഖവുമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞ് മാറാനാകുമോ?

പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതിവരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്‌കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് തടയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത് വരുന്നതാണ് പതിവ്. രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ഒത്തൊരുമിച്ച് പക്വതയില്ലാത്തവരുടെ ഡ്രൈവിംഗ് കര്‍ശനമായും തടയേണ്ടതാണ്. പുതിയ വാഹന നിയമത്തിലെ ശിക്ഷ കടുത്തതാണ് എന്നും ആധുനിക ഇലക്ട്രോണിക്‌സ് ഉപകരങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന വാഹനങ്ങള്‍ വിറ്റാല്‍ പോലും പിഴ അടക്കാന്‍ തികയാതെ വരുമെന്നും മനസ്സിലാക്കുക.

അപകടം വരുത്തുന്ന ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും ലൈസന്‍സ് എടുത്ത് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളിലാണ്. അത് അവരുടെ പരിചയകുറവും അമിതമായ ആത്മവിശ്വാസവുംമൂലം സംഭവിക്കുന്നതാണ്. ഡ്രൈവിംഗ് ആരംഭിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ മിതവേഗത്തില്‍ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാഹന സാന്ദ്രത ഏറെ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കാര്യക്ഷമതയോടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷമയോടുകൂടി വാഹനം ഓടിച്ചെങ്കില്‍ മാത്രമേ സുരക്ഷിതയാത്ര ഉറപ്പ് വരുത്താനാകൂ. ഡ്രൈവിംഗ് എന്ന ജോലിക്കിടെ മറ്റു പ്രവര്‍ത്തനങ്ങള്‍ (മൊബൈല്‍ ഫോണ്‍, വെള്ളം കുടിക്കുക, റേഡിയോ ട്യൂണിംഗ് തുടങ്ങിയവ) നിര്‍ബന്ധമായും ഒഴിവാക്കിയേ മതിയാവൂ. ഡ്രൈവ് ചെയ്യുമ്പോള്‍ നൂറ് ശതമാനം ശ്രദ്ധയും ഡ്രൈവിംഗില്‍ തന്നെയാവണം. കൊച്ചുകുട്ടികളെ മടിയിലിരുത്തിയുള്ള ഡ്രൈവിംഗും ഉറക്കിനെ വെല്ലുവിളിച്ചുള്ള ഡ്രൈവിംഗും ലഹരിക്കടിമപ്പെട്ടുള്ള ഡ്രൈവിംഗും നിരുല്‍സാഹപ്പെടുത്തണം.

2018 ന് ശേഷം പുതുതായി വന്നുചേര്‍ന്ന പ്രതിഭാസമാണ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും വിനോദയാത്രകളിലും പഠനയാത്രകളിലും ഉള്ള സാഹസികത എന്നറിയപ്പെടുന്ന യുവതയുടെ വഴിവിട്ട ആഭാസങ്ങള്‍. ശബ്ദ മലിനീകരണത്തിലൂന്നിയ ആഭാസങ്ങളും ഡാന്‍സിംഗ് ലൈറ്റുകളും ചെന്നെത്തിക്കുന്നത് നന്മയേക്കാളേറെ തിന്‍മയിലേക്കാണ്. പാട്ടിനൊപ്പം താളംപിടിച്ച് ഗിയര്‍ ലിവര്‍ മറ്റുള്ളവരെ ഏല്‍പിച്ച് മാസ്മരികതയുടെ അനുഭൂതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ പ്രവൃത്തി നാം കണ്ടതാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ നിലവിലെ ശിക്ഷ മതിയാവില്ല. വാഹന ഉടമകള്‍ നിലനില്‍പ്പിനായി പുതിയ ട്രെന്റിലേക്ക് മാറുമ്പോള്‍ യാത്രകള്‍ ദുരന്തത്തിലേക്ക് വഴിമാറുന്നു. അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കളും അധ്യാപകരും ഡ്രൈവര്‍മാരും അതിന്റെ ഭാഗമാകുന്നു. അല്‍പം അശ്രദ്ധ ആയുസിന്റെ കണ്ണീരാണെന്നതും നിങ്ങളുടെ ഈ മൗനം കാത്തിരിക്കുന്നവരുടെ കണ്ണീരിലാണ് അവസാനിക്കുക എന്ന പ്രപഞ്ച സത്യം മനസിലാക്കുക.

കൂടെ യാത്രചെയ്യുന്ന യാത്രാസംഘ മേധാവിമാരും ടൂര്‍ ഓപറേറ്റര്‍മാരും വാഹന ഉടമകള്‍ക്കും ഇതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. അവരുടെ മൗനം ഇവര്‍ക്ക് പ്രോത്സാഹനമാണ്. സാഹസികതക്ക് ഉത്സാഹം കൂട്ടുന്ന എല്ലാത്തരം ഉപകരണങ്ങളും ഇത്തരം യാത്രകളില്‍ ബന്ധപെട്ടവര്‍ ഒരുക്കിവെക്കുന്നു എന്നത് ഭയപ്പെടുത്തുന്നു. വാഹന നിയമം അവര്‍ക്കതിരെ ഉപയോഗിച്ചാല്‍ മാത്രം ഈ കുറ്റങ്ങള്‍ കുറയുകയില്ല. ഇത്തരത്തിലുള്ളവര്‍ക്കെതിരെ ഐ.പി.സി പ്രകാരം ക്രിമിനല്‍ കേസ് എടുത്താല്‍ മാത്രമേ ഇവ പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. വാഹനാപകടങ്ങള്‍ ആകസ്മികവും മനുഷ്യ ശേഷിക്ക് അപ്പുറവുമായി സംഭവിക്കുന്നതിനാല്‍ വാഹന യാത്ര തുടങ്ങുന്നതിന് മുമ്പ് ഈ വാഹനം നിങ്ങള്‍ക്ക് അധീനപ്പെടുത്തി തന്ന പ്രപഞ്ച നാഥനെ സ്മരിച്ച് അവനില്‍ ഭരമേല്‍പ്പിച്ചുകൊണ്ടാകട്ടെ യാത്രകള്‍.
(തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ആ ണ് ലേഖകന്‍)

Test User: