X

ഓര്‍മകളുടെ തേരേറി വന്നൊരു ജനനായകന്‍ മടങ്ങിപ്പോകുമ്പോള്‍… – ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞുപോയി ദിവസങ്ങള്‍ കടന്നു പോകുംതോറും ആ ഓര്‍മകള്‍ കൂടുതല്‍ സജീവവും സങ്കടകരവുമായിത്തീരുകയാണ്. മഹത്തായ ആ സാത്വികസാന്നിദ്ധ്യത്തിന്റെ സ്മരണകള്‍ക്ക് പോലും നിഷ്‌കളങ്കമായൊരു ചാരുതയുണ്ട്. പക്ഷേ ഇപ്പോള്‍ അതിലെ ഓരോ രംഗങ്ങളിലും ദു:ഖത്തിന്റെ നിഴല്‍ വീണുകഴിഞ്ഞു. സദാ പുഞ്ചിരി തൂകിനില്‍ക്കുന്ന ആ മുഖമാണ് മനസ്സില്‍ നിറയെ. എപ്പോള്‍, എവിടെ വച്ച് കണ്ടാലും ആ പുഞ്ചിരി വിടര്‍ന്നു. നര്‍മത്തിന്റെ ഒരവസരവും പാഴാക്കുമായിരുന്നില്ല. മഹാന്മാരുടെ ലക്ഷണങ്ങളില്‍ പെട്ടതാണ് മിതമായ നര്‍മം എന്ന യാഥാര്‍ത്ഥ്യത്തെ തങ്ങളുടെ പെരുമാറ്റം എപ്പോഴും അനുസ്മരിപ്പിച്ചു. ചിലപ്പോള്‍ തങ്ങള്‍ ഒന്നും പറയാതെത്തന്നെ മുഖത്തെ പ്രത്യേക ഭാവം കൊണ്ടും നര്‍മം പ്രകടമായി. ഇടക്കണ്ണിട്ട് നോക്കുന്നതും ചുണ്ടുകള്‍ ചെരിച്ച് പുഞ്ചിരിക്കുന്നതും കാണുമ്പോള്‍ തന്നെ നമുക്ക് ചിരി വരുമായിരുന്നു. പറഞ്ഞ തമാശകളേക്കാള്‍ ഒളിപ്പിച്ചുവച്ച തമാശകള്‍ കൂടുതല്‍ രസകരമായി തോന്നിയേക്കും. അത്തരം ഫലിതങ്ങള്‍ ഓര്‍ത്ത് ഇപ്പോള്‍ സങ്കടത്തിനിടയിലും ചിരിവരുന്നു.

പ്രിയപ്പെട്ട തങ്ങളുടെ ചില നര്‍മങ്ങള്‍ കേട്ട് വല്ലാതെ ചിരിച്ചു കുഴഞ്ഞുപോയിട്ടുണ്ട്. വളരെ ‘സീരിയസായ’ നര്‍മങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന ഒഴിവില്‍ മുസ്‌ലിം ലീഗിന്റെ / യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി വന്ദ്യരായ തങ്ങള്‍ ഈയുള്ളവന്റെ പേര് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ സമയം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഔപചാരികമായ തുടക്കം യു.ഡി.എഫ് കണ്‍വെന്‍ഷനാണല്ലോ. അത് ഉദ്ഘാടനം ചെയ്യാനായി തങ്ങളെത്തന്നെ ലഭിക്കണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചു. മറ്റു നേതാക്കളെയെല്ലാം തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികള്‍ തന്നെ ക്ഷണിക്കാമെന്നേറ്റു. വന്ദ്യരായ തങ്ങളെ ക്ഷണിക്കാനും തങ്ങളുടെ സൗകര്യംപോലെ കണ്‍വെന്‍ഷന്‍ തീയതി കുറിക്കാനുമുള്ള ചുമതല ഭാരവാഹികള്‍ എന്നെ ഏല്‍പ്പിക്കുകയും ഞാനത് സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു. (അഭിവന്ദ്യനായ തങ്ങളെ ക്ഷണിക്കേണ്ടത് ഞാന്‍ തന്നെയല്ലേ എന്നതിന്റെ സന്തോഷം). അടുത്തദിവസം കാലത്ത് പാണക്കാട്ട് തങ്ങളുടെ വസതിയിലെത്തി ചെന്ന കാര്യം പറഞ്ഞു. ഉടനെ ഉറപ്പിച്ചു പറഞ്ഞു: ‘ഞാന്‍ വരില്ല, എനിക്ക് വേറെ പണിയുണ്ട്.’ ഞാന്‍ ശരിക്കും പതറി. എന്റെ പേര് പ്രഖ്യാപിച്ച വന്ദ്യനായ തങ്ങള്‍ തന്നെയാണോ ഇപ്പറയുന്നത്? ഞാന്‍ പിന്നെയും അപേക്ഷിച്ചു പറഞ്ഞു: ‘തങ്ങളല്ലേ എന്റെ പേര് പ്രഖ്യാപിച്ചത്, തങ്ങള്‍ തന്നെ വന്നിട്ടല്ലേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു തരേണ്ടത്?’ ‘എന്ത് കണ്‍വെന്‍ഷന്‍, ഏത് കണ്‍വെന്‍ഷന്‍’ എന്നൊക്കെയായിരുന്നു മറുപടി. ഞാനാകെ പ്രയാസത്തില്‍ പെട്ട് നില്‍ക്കെ, പെട്ടെന്ന് തങ്ങള്‍ ചിരിച്ചുകൊണ്ട് കസേരയിലേക്ക് ചെരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു: ‘സമദാനിയെ എം.പി ആക്കുന്ന കാര്യമേ ഞാന്‍ ആലോചിച്ചിരുന്നുള്ളൂ. കണ്‍വെന്‍ഷന്റെ കാര്യമൊന്നും ആലോചിച്ചിരുന്നില്ല. ഇലക്ഷന്‍ ജയമല്ലേ വേണ്ടത്, കണ്‍വെന്‍ഷന്‍ ജയം മതിയോ?’ സത്യമായും തങ്ങള്‍ എന്നെ നര്‍മ്മം കൊണ്ട് പരീക്ഷിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസിലായതില്‍ ആശ്വസിക്കുക മാത്രമായിരുന്നില്ല, ആ വലിയ മനസിന്റെ സ്‌നേഹത്തില്‍ വികാരഭരിതനാകുകകൂടി ചെയ്തുപോയ സന്ദര്‍ഭമായിരുന്നു അത്.

നല്ല സംഭാഷണപ്രിയനായിരുന്നു അഭിവന്ദ്യനായ തങ്ങള്‍. നല്ല സമയത്ത് പറ്റിയ ആളെ കിട്ടിയാല്‍ പ്രത്യേകിച്ചും നന്നായി രസിച്ചു സംസാരിക്കുന്ന പ്രകൃതം. ചിരിച്ചും രസിച്ചുംആ സംഭാഷണം വിവിധ വിഷയങ്ങളിലേക്ക് കടന്നുപോകും. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍, നാട്ടിലെ വിവരങ്ങള്‍, പണ്ടത്തെ വിശേഷങ്ങള്‍…. എല്ലാം സംസാരിക്കും.

പുരോഗമനത്തിന്റെയും പുതിയകാലത്തിന്റെയും ക്രിയാത്മകമായ പ്രവണതകളെയും സാദ്ധ്യതകളെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ഒരു സങ്കോചവും കാണിക്കാത്ത പ്രകൃതമായിരിക്കുമ്പോഴും പഴയ നന്മകളോടും നാടിന്റെ പഴമയോടും എന്തെന്നില്ലാത്ത ഒരുതരം ആഭിമുഖ്യം തങ്ങള്‍ക്കുണ്ടായിരുന്നു. പോയകാലത്തിന്റെ സന്തതികളായി ജീവിച്ചിരിക്കുന്ന പഴയ ആളുകള്‍, ജീവിതത്തിന്റെയും നാട്ടിന്‍പുറത്തിന്റെയും പഴയകാല രീതിവിശേഷങ്ങള്‍, ആഹാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ പണ്ടുണ്ടായിരുന്ന പ്രത്യേക ശീലങ്ങള്‍…. അതിനോടൊക്കെ വലിയ താല്‍പര്യമായിരുന്നു. ഭക്ഷണത്തിലും ഉടുപ്പിലും പഴയ ഇനങ്ങളും രീതികളുമായിരുന്നു കൂടുതല്‍ ഇഷ്ടം. തങ്ങള്‍ മുണ്ടുടുക്കുന്ന രീതി മാത്രം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അശ്രദ്ധമായി ഉടുത്തതാണോ എന്ന് ആര്‍ക്കെങ്കിലും തോന്നിപ്പോകുംവിധം ചിലപ്പോള്‍ മുണ്ടിന്റെ കര ഒരു ഭാഗത്ത് അല്‍പം ഉയര്‍ന്നും മറുഭാഗത്ത് സ്വല്‍പം താഴ്ന്നുമൊക്കെ കണ്ടെന്നുവരും. പഴയരീതിയില്‍ അങ്ങനെ ഉടുത്തു പോവുകയാണ് തങ്ങള്‍. ശ്രദ്ധയോ അശ്രദ്ധയോ ഒന്നും അതിലില്ല. സ്‌റ്റൈല്‍ നോക്കുന്ന പതിവാകട്ടെ ഒട്ടുമില്ല. ആഹാരത്തിലാകട്ടെ, പഴയ നാടന്‍ വിഭവങ്ങള്‍ പ്രത്യേക അഭിരുചിയോടെ കഴിക്കുമായിരുന്നു. വന്ദ്യപിതാവ് പൂക്കോയ തങ്ങളെപ്പോലെ മലപ്പുറത്തെ നാടന്‍ പച്ചക്കറി ‘കൂട്ടാനു’കളും ‘മീന്‍ചാറും’ (കറി) ഇഷ്ടപ്പെട്ടു. പുതിയകാലത്തെ ആകര്‍ഷകമായ വിഭവസമൃദ്ധികളേക്കാള്‍ ഇത്തരം ‘ലാളിത്യ’ങ്ങള്‍ കൂടെക്കൊണ്ടുനടന്നു. ആഹാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പതിവുശീലങ്ങളില്‍ തെളിഞ്ഞുകണ്ടത് തങ്ങളുടെ ജീവിതലാളിത്യത്തിന്റെ മുദ്രകളായിരുന്നു.

പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മുതിര്‍ന്നവരായ മൂന്ന് മക്കളെയും ആദ്യം ദര്‍സിലേക്കാണ് പറഞ്ഞയച്ചത്. അക്കാലത്തെ പ്രശസ്ത ദര്‍സുകളില്‍ അവര്‍ സ്വന്തം മതപഠനത്തിന് അസ്ഥിവാരമേകി. മൂന്നുപേരുടെ ദര്‍സുകളും തൊട്ടടുത്ത പ്രദേശങ്ങളിലായിരുന്നു എന്നത് യാദൃശ്ചികമാണെങ്കിലും അത് മൂവരുടെയും ഓര്‍മകളില്‍ ആ പ്രദേശങ്ങള്‍ക്ക് സ്ഥായീഭാവം നല്‍കി. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും യഥാക്രമം രണ്ടത്താണിക്ക് പടിഞ്ഞാറും കിഴക്കുമുള്ള കാനാഞ്ചേരിയിലും അച്ചിപ്ര കല്ലാര്‍ മംഗലത്തും ഹൈദരലി തങ്ങള്‍ അവിടെ നിന്ന് ഒട്ടും അകലമില്ലാത്ത കോന്നല്ലൂരിലുമുള്ള ദര്‍സുകളിലായിരുന്നു പഠനം നടത്തിയത്.

ഹൈദരലി തങ്ങള്‍ തന്റെ ദര്‍സിന്റെ മഹല്ലായ കോന്നല്ലൂരിനോടും പരിസരപ്രദേശങ്ങളോടും വൈകാരികമായ അടുപ്പം അവസാനം വരെയും കാത്തുസൂക്ഷിച്ചു. ഇടയ്ക്കിടെ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ആ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാട്ടിലങ്ങാടി യത്തീംഖാനയോടും തങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളോടില്ലാത്ത പ്രത്യേകവും വ്യക്തിപരവുമായ താല്‍പര്യം ഉണ്ടായിരുന്നു.

ഓരോ പ്രദേശത്തും മുമ്പുകാലത്ത് വിവിധ മേഖലകളില്‍ സേവനനിരതരായിരുന്ന മുതിര്‍ന്നവരായ പ്രാദേശിക നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും പാണക്കാട്ട് തന്റെ വീട്ടിലും സര്‍വ്വോപരി സ്വന്തം മനസ്സിലും മുന്തിയ പരിഗണനയാണ് ഹൈദരലി തങ്ങള്‍ നല്‍കിപ്പോന്നത്. അവര്‍ക്ക് രോഗമാണെന്നറിഞ്ഞാല്‍ കാണാനെത്തി. അവരുടെ മരണവേളകള്‍ക്ക് വലിയ പ്രാധാന്യം കല്‍പിച്ചു. ഏത് തിരക്കിനിടയിലും കഴിയുന്നത്ര അവരുടെ ജനാസ: നിസ്‌കാരങ്ങള്‍ക്കും എത്തിച്ചേര്‍ന്നു.

പണ്ഡിതനും വിവിധ പ്രദേശങ്ങളില്‍ ഖാസിയുമായിരുന്ന എന്റെ ഒരമ്മാവനെ തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഈ അമ്മാവന്‍ കാണാന്‍ നല്ല പേഴ്‌സണാലിറ്റി ഉള്ള വ്യക്തികൂടിയായിരുന്നു. ഒരിക്കല്‍ ഒരു നികാഹിന്റെ സദസില്‍ വന്ദ്യനായ തങ്ങളോടൊപ്പം ഇരിക്കുകയായിരുന്നു. പൊതുകാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അല്‍പസമയത്തേക്ക് തങ്ങള്‍ മൗനിയായി കുനിഞ്ഞിരുന്നു. പൊടുന്നനെ മൗനത്തില്‍ നിന്ന് ശിരസുയര്‍ത്തിക്കൊണ്ട് ഒറ്റ ചോദ്യം: ‘കണ്ടാല്‍ അറബികളെപ്പോലെയുള്ള ആ അമ്മോന്‍കാക്കാന്റെ കുട്ടികളുടെ വര്‍ത്തമാനമെന്താണ് ?’ പൊതുകാര്യങ്ങളുടെ ചര്‍ച്ചയില്‍നിന്ന് പതിറ്റാണ്ടുകള്‍ പിറകിലേക്ക്, അതും അത്ര വിപുലമായ പ്രസിദ്ധിയൊന്നുമില്ലാത്ത എന്റെ അമ്മാവന്റെ ജീവിതത്തിലേക്കും കാലത്തേക്കും വന്ദ്യനായ തങ്ങള്‍ എന്തു പ്രേരണയാലാണ് സഞ്ചരിച്ചത് എന്നോര്‍ത്ത് അന്ന് ആ ചോദ്യം കേട്ടപ്പോള്‍ തോന്നിയ അതിശയം ഇപ്പോഴും മനസില്‍ അവശേഷിക്കുന്നു.

തേജസ്വിയായ പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ഓരോ സന്താനസൂനത്തിനും ഓരോ നിറവും മണവുമാണ് നിയതി നിര്‍ണയിച്ചേകിയത്. മഹാനായ പിതാവിന്റെ വ്യത്യസ്ത ഗുണവിശേഷങ്ങള്‍ പ്രിയപ്പെട്ട മക്കളില്‍ ഓരോരുത്തരില്‍ ഓരോ രീതിയില്‍ പ്രതിഫലിച്ചു. ഏറ്റവും മുതിര്‍ന്ന മകന്‍ മുഹമ്മദലി ശിഹാബ് എന്ന കോയമോനില്‍ ബാപ്പയുടെ ഔന്നത്യം, ഗാംഭീര്യം, നേതൃമാഹാത്മ്യം; രണ്ടാമത്തെ മകന്‍ ഉമറലി ശിഹാബ് എന്ന മുത്തുമോനില്‍ നിശ്ചയദാര്‍ഢ്യം, മനോദാര്‍ഢ്യം, സ്ഥൈര്യം; മൂന്നാമത്തെ മകന്‍ ഹൈദരലി ശിഹാബ് എന്ന ആറ്റപ്പൂവില്‍ പൈതൃകത്തിന്റെ ശക്തിപ്രഭാവം, അതിന്റേതായ ആത്മീയഭാവം; നാലാമത്തെ മകനായ സാദിഖലി ശിഹാബ് എന്ന ചെറുഞ്ഞിക്കോയ / സാദിഖ് മോനില്‍ പ്രബുദ്ധത, വിവേകം, വിജ്ഞാനപരത; അഞ്ചാമത്തെ മകന്‍ അബ്ബാസലി ശിഹാബ് എന്ന അബ്ബാസ് മോനില്‍ സൗമ്യത, ആര്‍ദ്രത, ആന്തരികത… എന്നിത്യാദി ഗുണവിശേഷങ്ങള്‍ അധികരിച്ചു പ്രകടമായി.

ഏറ്റവും കൂടുതല്‍ കാലം ബാപ്പയുടെ കൂടെ കിടന്നത് ഞാനാണെന്ന് ഹൈദരലി തങ്ങള്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. വളര്‍ന്നു വലുതായി മുതിര്‍ന്ന മകനായിട്ടും പിതാവിന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു നിദ്രകൊണ്ട മകനാണ് ബാപ്പയുടെ ആരംബമോന്‍ ആറ്റപ്പൂ. ‘ എന്നാലേ ഉറക്കം ശരിയാവൂ’ എന്നും മകന്‍ ആത്മഗതമായി പറഞ്ഞുവെച്ചിട്ടുണ്ട്. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ ആറാംതരത്തില്‍ ചേരുന്നത് വരെയും കിടത്തം സ്ഥിരമായി ബാപ്പയുടെ അരികത്ത് തന്നെ. ബാപ്പ പൊതുപരിപാടികളിലേക്കോ മസ്ജിദിലേക്കോ പോകുന്ന സമയങ്ങളില്‍ പിതൃസഹോദരിയായ അമ്മായിയോടൊപ്പം കിടക്കും. ബാപ്പ തിരിച്ചു വന്നകഴിഞ്ഞാല്‍ പിന്നെയും ആ ശരീരത്തിന്റെ ഓരംചേരും. ബാപ്പ പരിപാടികള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി തിരിച്ചെത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുത്തിരുന്നതും ആറ്റ തന്നെ. പൂക്കോയ തങ്ങളുടെ അന്ത്യം വരെയും അത് നിര്‍ച്ചഹിച്ചു പോന്ന ഈ മകന് മുന്നില്‍ സര്‍വ്വശക്തനായ അല്ലാഹു അവന്റെ സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നേകുമാറാകട്ടെ !

ഈ കുറിപ്പുകള്‍ എഴുതുന്ന വേളയില്‍ നെഞ്ചില്‍ വലിയ താപം അനുഭവപ്പെടുന്നു. വന്ദ്യനായ തങ്ങള്‍ വിടപറഞ്ഞു പോയശേഷം ഇങ്ങനെയൊരു വേദന കഥ രേഖപ്പെടുത്തണമെന്നതും റബ്ബിന്റെ വിധി തന്നെ. എഴുതിത്തീരുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിക്കുന്നത് ‘ആറ്റേ, ആറ്റപ്പൂ !’ എന്ന് വിളിക്കുന്ന പൂക്കോയ തങ്ങളുടെ വിളിയാണ്. അത് കാതുകൊണ്ട് ഈയുള്ളവന്‍ കേട്ടില്ലെങ്കിലും, മകനിലൂടെ പറഞ്ഞുകേട്ട ആ വിളി ആത്മാവിന്റെ കര്‍ണ്ണപുടങ്ങളിലൂട ശ്രവിക്കുകയാണ്. ‘കുട്ടി എവിടെ എന്ന് ചോദിച്ചുകൊണ്ട് ആ മെതിയടി ശബ്ദം അടുത്തടുത്തുവരുന്നത് ഉറങ്ങാന്‍ കൂടെ കൂട്ടുന്നതിനുള്ള അറിയിപ്പായിരുന്നു’, മകന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസിലും പൂക്കോയ തങ്ങളും ‘ആറ്റേ, ആറ്റപ്പൂ ‘ എന്ന വിളിയും മെതിയടി ശബ്ദവും വിഷാദനാദമായി മുഴങ്ങിയേക്കും.
ബാപ്പയുടെ ഖബറിന് അഭിമുഖമായി, ഇക്കാക്കയുടെ ഓരം ചേര്‍ന്നാണ് അന്ത്യനിദ്രയിലെ കിടപ്പ്… ആകെക്കൂടി ആലോചിച്ചു നോക്കുമ്പോള്‍ സപ്ത നാഡികളേയും തളര്‍ത്തുന്ന ചിന്തയും കദനവും. ജനനവും മരണവും അല്ലാഹുവിന്റെ വിധിയാല്‍ മാത്രം നടക്കുന്ന പ്രതിഭാസങ്ങള്‍. നമുക്ക് വിലപ്പെട്ടവര്‍ പലരും റബ്ബിന്റെ വിളിക്കുത്തരം നല്‍കി യാത്ര പോയിക്കഴിഞ്ഞു. നമ്മളും വരിയിലാണെന്ന ഓര്‍മ്മയും ബോധവും മാത്രമാണ് കരണീയം. ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള മഹാമനുഷ്യന്റെ വേര്‍പാടിലും ആശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിച്ച ഈ ശാശ്വതസത്യം മാത്രം.. ‘ഭൂമുഖത്തുള്ള എല്ലാവരും നശിച്ചു പോകുന്നതാണ്; മഹത്വവും ഉദാരതയുമുള്ള നിന്റെ രക്ഷകന്റെ മുഖം മാത്രമാണ് അവശേഷിക്കുക’.

Test User: