ദുബായ്: യു.എ.ഇ.യില്‍ ‘വാട്‌സാപ്പ്’ വഴിയുള്ള ടെലിഫോണ്‍വിളികള്‍ക്കുള്ള നിയന്ത്രണം ഉടന്‍ എടുത്തുകളഞ്ഞേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ ‘ബോട്ടിം’ ഉള്‍പ്പെടെയുള്ള ‘വോയ്‌സാപ്പു’കളുണ്ട്. എന്നാല്‍ അംഗീകാരമുള്ള പല വോയ്‌സ് കോള്‍ ആപ്പുകളും പണംകൊടുത്ത് വാങ്ങുന്നവയാണ്. ചെറിയ മാസവരുമാനത്തില്‍ തൊഴിലെടുക്കുന്ന പലര്‍ക്കും അത് വലിയ സാമ്പത്തികബാധ്യതയാണ്. വാട്‌സാപ്പ് വിളികള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ പണച്ചെലവ് കുറയുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍.
വീഡിയോ കോളുകള്‍വഴി സൗജന്യമായി ‘വാട്‌സാപ്പി’ലൂടെ കുടുംബവുമായി സംവദിക്കാമെന്നതാണ് മറ്റൊരു സൗകര്യം. നിലവില്‍ മറ്റു രാജ്യങ്ങളില്‍ ‘വാട്‌സാപ്പി’ന്റെ വോയ്‌സ് കോളുകളും വീഡിയോ ചാറ്റും ലഭ്യമാണ്. എന്നാല്‍ യു.എ.ഇ.യില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ മാത്രമാണ് ‘വാട്‌സാപ്പ്’ ലഭിക്കുന്നത്.
യു.എ.ഇ. ടെലികോം നിയന്ത്രണ അതോറിറ്റി(ട്രാ)യാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് ‘വാട്‌സാപ്പ്’ അധികൃതരുമായി അതോറിറ്റി ചര്‍ച്ച പൂര്‍ത്തിയാക്കി. വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ചതായും വോയ്‌സ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്നും യു.എ.ഇ. ദേശീയ ഇലക്‌ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്ത് പറഞ്ഞു. വിവിധ വശങ്ങളില്‍ ‘വാട്‌സാപ്പു’മായി മികച്ച ധാരണയിലാണ് ഇപ്പോള്‍. പല പദ്ധതികളിലും യോജിച്ച് മുന്നോട്ടുപോകാനാണ് ധാരണയെന്ന് ‘ട്രാ’ അധികൃതര്‍ വ്യക്തമാക്കുന്നു.
യു.എ.ഇ.യില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ലൈസന്‍സുള്ള പ്രാദേശികമായി അംഗീകരിക്കപ്പെട്ട മറ്റ് വോയ്‌സ് കോളുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അത്തരം സൗകര്യങ്ങള്‍ നിലനില്‍ക്കെത്തന്നെയാണ് വാട്‌സാപ്പ് കോളുകള്‍കൂടി അനുവദിക്കാന്‍ ഒരുങ്ങുന്നത്. ‘വാട്‌സാപ്പി’നുപുറമെ സ്‌കൈപ്പ്, ഫെയ്‌സ്‌ടൈം എന്നിവയിലൂടെയുള്ള വോയ്‌സ് കോളുകള്‍ക്കും രാജ്യത്ത് നിരോധനമുണ്ട്.