ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വാട്‌സ് ആപ്പ് വഴി ബള്‍ക്ക് മെസേജുകള്‍ അയക്കുന്നതിനെതിരെ നടപടി സ്വീകരിച്ചതായി വാട്‌സാപ്പ്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വാട്‌സ് ആപ്പ് എപിഐ ടൂളുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് പ്രചാരണ സന്ദേശങ്ങള്‍ വ്യാപകമായി അയക്കുന്നതിനെതിരെയാണ് നടപടി.
ഒരു സന്ദേശത്തിന് എട്ട് പൈസ മുതല്‍ പത്ത് പൈസ വരെ നിരക്കിലാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളിലേക്ക് സന്ദേശമയക്കാന്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേയ്‌സ് ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വാട്‌സ് ആപ്പ് വഴിയുള്ള വ്യാജ സന്ദേശ പ്രചാരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളും തടയുന്നതിനായി നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സന്ദേശങ്ങള്‍ ഒരേ സമയം അയക്കുന്നതിന് കമ്പനി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് കൂടാതെ വാട്‌സ് ആപ്പ് ബ്രോഡ് കാസ്റ്റ് ലിസ്റ്റിലും ഗ്രൂപ്പുകളിലും അംഗങ്ങളുടെ എണ്ണം 256 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പുകളും ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളും ഇല്ലാതെ തന്നെ ലക്ഷക്കണക്കിനാളുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ വാട്‌സ് ആപ്പ് എപിഐ ഉപയോഗിച്ചുള്ള സംവിധാനങ്ങളിലൂടെ സാധിക്കും. ബോട്ടുകള്‍, ഓട്ടോമേറ്റഡ് സ്‌ക്രിപ്റ്റുകള്‍,അല്‍ഗൊരിതങ്ങള്‍ എന്നിവ തയ്യാറാക്കിയാണ് സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ ഇത് സാധ്യമാവുന്നത്. ഈ സേവനങ്ങള്‍ നല്‍കുന്ന സംഘങ്ങളും രാജ്യത്തുണ്ട്.
ഓട്ടോമേറ്റഡ് ബള്‍ക്ക് മെസേജിങ് നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വാട്‌സ് ആപ്പ് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ മെച്ചപ്പെട്ട സ്പാം ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുണ്ടെന്ന് വാട്‌സ് ആപ്പ് വക്താവ് പറഞ്ഞു.