ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ്. സ്വകാര്യ മെസേജുകള്‍ വായിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഫോണ്‍ കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്‌സപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്‌സപ്പ് കണക്കെടുക്കാറില്ല. മെസേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്‌സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിന്റെ ലൊക്കേഷന്‍ കാണാന്‍ കഴിയില്ല. അതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉണ്ട്. ഫോണ്‍ കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല. കോണ്ടാക്ട് പെര്‍മിഷന്‍ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്‌സ്ആപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ മാത്രമാണ് വാട്‌സ്ആപ്പ് വ്യക്തമാക്കി.
വാട്‌സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിരുന്നു. മറ്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറിതുടങ്ങിയിട്ടുണ്ട്.