മള്‍ടി ഡിവൈസ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്. ഇതിന്റെ ബീറ്റാ പരീക്ഷണം വാട്‌സാപ്പ് ആരംഭിച്ചു. ഈ ഫീച്ചര്‍ ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബീറ്റാ ഉപയോക്താക്കള്‍ക്കിടയിലേക്ക് ഈ ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സ്‌ക്രീന്‍ ഷോട്ടുകളും വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ഒന്ന് വാട്‌സാപ്പ് വെബില്‍ ചാറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ്. അതായത് വാട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ പ്രധാന ഉപകരണമായി ഫോണ്‍ വേണമെന്നില്ല. വാട്‌സാപ്പ് വെബ് സ്വതന്ത്രമായി തന്നെ ഉപയോഗിക്കാന്‍ കഴിയും.
മള്‍ടി ഡിവൈസ് ഫീച്ചര്‍ വഴി ഒരേ സമയം നാല് ഉപകരണങ്ങളില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്യാനാവും. മള്‍ടി ഡിവൈസ് ഫീച്ചര്‍ സജീവമാക്കാന്‍ ടോഗിള്‍ ബട്ടനുണ്ടാവും. മള്‍ടി ഡിവൈസ് ഫീച്ചറിനെ കൂടാതെ വ്യത്യസ്ത വാട്‌സാപ്പ് ചാറ്റുകളില്‍ വ്യത്യസ്ത വാള്‍പേപ്പറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും താമസിയാതെ പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഈ സൗകര്യം പ്രത്യക്ഷപ്പെട്ടിരുന്നു.