X

പുതുവര്‍ഷത്തില്‍ വമ്പന്‍ ഫീച്ചറുകളുമായി വാട്‌സപ്പ്; കാത്തിരുന്ന അപ്‌ഡേറ്റുകള്‍ ഇതാ വരുന്നു

ജനപ്രിയതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സപ്പ്. ആവശ്യമായ ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തി വാട്‌സപ്പ് ഓരോ സമയത്തും ഉപയോക്താക്കളെ ആകര്‍ഷിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വകാര്യ നയമാറ്റവുമായി ഫെയ്‌സ്ബുക് രംഗത്തു വരുന്നതോടെ വാട്‌സപ്പിന്റെ മാറ്റ് കുറച്ച് ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകള്‍ സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ചേക്കേറുന്നതിനെ പറ്റിയാണ് ആലോചിക്കുന്നത്.

എന്നാല്‍ വാട്‌സപ്പ് അതിന്റെ പതിവു സവിശേഷതയായ അപ്‌ഡേഷനുകളുമായി മുന്നോട്ടു പോവുകയാണ്. 2021 ആരംഭിച്ചപ്പോള്‍ തന്നെ വാട്‌സപ്പിലെ പുതിയ അപ്‌ഡേഷന്‍ വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. മള്‍ട്ടി ഡിവൈസ് പിന്തുണയാണ് വാട്‌സപ്പ് ഇക്കൊല്ലം കൊണ്ടു വരുന്ന വലിയ ഫീച്ചര്‍. വെബ് പതിപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴും ഫോണ്‍ സജീവമായിരിക്കേണ്ടതിനാല്‍ വ്യത്യസ്ത ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്. പുതിയ ഫീച്ചര്‍ വന്നാല്‍ ഒരു അക്കൗണ്ടില്‍ നിന്ന് നാല് ഡിവൈസുകള്‍ വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഡിയോ, വോയ്‌സ് കോളുകള്‍ക്ക് വെബ്, ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകള്‍ ഇതുവരെ പിന്തുണച്ചിരുന്നില്ല. ഫോണില്‍ മാത്രമേ കോളുകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളു. ഇക്കൊല്ലം മുതല്‍ വെബ്, ടെസ്‌ക്ടോപ്പ് വഴിയും വീഡിയോ ഓഡിയോ കോളുകള്‍ നടത്താന്‍ കഴിയുന്ന ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിക്കുന്നു.

മ്യൂട്ട് ഓഡിയോ എന്ന ഫീച്ചറിലും വാട്‌സാപ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ വിഡിയോകള്‍ അയയ്ക്കുകയും അതിനൊപ്പം ഓഡിയോ അയയ്ക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഈ ഫീച്ചര്‍ ഒരു അനുഗ്രഹമായിരിക്കും. ഒരു വിഡിയോ അയയ്ക്കുന്നതിന് മുന്‍പ് ഓഡിയോ മ്യൂട്ടുചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഇത് സ്റ്റാറ്റസിലും അപ്‌ഡേറ്റുചെയ്യാം.

 

web desk 1: