X
    Categories: tech

വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണംതട്ടല്‍ വ്യാപകമാകുന്നു

സംസ്ഥാനത്ത് വാട്ട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു.നിരവധി പേര്‍ക്ക് ഇങ്ങനെ പണം നഷ്ടപ്പെട്ടതായി പരാതിഉയര്‍ന്നു. വാട്ട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ആ അക്കൗണ്ടിലെ സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചാണ് തട്ടിപ്പ്. അടുത്ത ബന്ധു ആസ്പത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്, ചികിത്സയ്ക്ക് പണംആവശ്യമാണ് തുടങ്ങി നിരവധികാര്യങ്ങള്‍ പറഞ്ഞാണ് പണം ആവശ്യപ്പെടുക. പെട്ടെന്ന് തന്നെ തിരിച്ച് തരാമെന്നും പറയും. നമ്പര്‍ ഹാക്ക് ചെയ്തത് അറിയാതെ, മെസേജ് അയച്ചത് പ്രിയപ്പെട്ടവരാണെന്ന് കരുതി ചിലരെങ്കിലും പെട്ടെന്ന് തന്നെ പണം അയച്ചുകൊടുക്കും. അക്കൗണ്ട് ഹോള്‍ഡറുടെ പേര്കണ്ട് പൈസ അയക്കാതിരുന്നതിനാലാണ് പലര്‍ക്കും പണം നഷ്ടപ്പെടാതിരുന്നത്.

ഒരാളുടെ നമ്പര്‍ ഹാക്ക് ചെയ്തതിന് ശേഷം അയാളുടെ സുഹൃദ് വലയത്തിലെ അധികം നമ്പറുകളിലേക്കും പണം ആവശ്യപ്പെട്ട് മെസേജ് അയക്കപ്പെടുകയാണ് ഇവരുടെരീതി. എന്നാല്‍ ചില നമ്പറുകളിലേക്ക് ലിങ്ക് ആഡ് ചെയ്യണമെന്ന സന്ദേശമാണ് വരുന്നത്. ലിങ്കിനൊപ്പം കോഡ് അയച്ചു ആ കോഡ് തിരിച്ചയക്കാനും ചിലരോട് ആവശ്യപ്പെടും. ഇതോടെ ഫോണ്‍ ഹാക്ക് ആവുന്നു. അക്കൗണ്ടില്‍ നിന്നും ഹാക്കര്‍ പണി തുടങ്ങുകയും ചെയ്യുന്നു. ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ ആ വ്യക്തിയുടെ കോണ്ടാക്റ്റിലുള്ള അക്കൗണ്ടുകളിലേക്ക് കടന്നു കയറാനാണ് ഹാക്കര്‍മാരുടെ ആദ്യശ്രമം. അതേസമയം, നമ്പര്‍ ഹാക്ക് ചെയ്താല്‍ പെട്ടെന്ന് തന്നെ ആ വിവരം കോണ്ടാക്റ്റിലുള്ളവരെ അറിയിച്ചാല്‍ തട്ടിപ്പ് തടയാന്‍ കഴിയും. വാട്‌സാപ്പിലെ സെറ്റിംഗ്‌സില്‍ റ്റൂ സ്റ്റപ്പ് വെരിഫിക്കേഷന്‍ ചെയ്യുകയാണ് തട്ടിപ്പ് തടയാനുള്ള പ്രധാന മാര്‍ഗം. ഹാക്ക് ചെയ്യപ്പെട്ടാലും അക്കൗണ്ടിലെ നമ്പറുകള്‍ ലഭിക്കാനും മറ്റും വെരിഫിക്കേഷന്‍ ആവശ്യമായി വരും. പണം ആവശ്യപ്പെട്ട് സന്ദേശം വന്നാല്‍ സുഹൃത്തോ ബന്ധുവോ ആണെന്ന് കരുതി പെട്ടെന്ന് അയച്ചു കൊടുക്കാതെ വോയിസ് മെസേജ് അയക്കാന്‍ പറയുന്നതിലൂടെയും ഹാക്ക് ചെയ്യപ്പെട്ടില്ല എന്ന് ഉറപ്പു വരുത്താന്‍ കഴിയും.

വോയിസ് മെസേജ് ലഭിച്ച് ആളെ ഉറപ്പിച്ച ശേഷം മാത്രമെ പണം അയച്ചു കൊടുക്കാവു എന്നുംചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വാട്ട്‌സ്ആപ്പിന് പൊതുവെയുള്ള വിശ്വാസ്യത ശരിക്കും ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ഹാക്കിംഗും പണം തട്ടലും നടക്കാമെന്നിരിക്കെ ഇവരെ കണ്ടെത്താനും നിയമ നടപടി സ്വീകരിക്കാനും പ്രയാസം നിലനില്‍ക്കുന്നു. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതയുള്ളവരാവുക മാത്രമാണ് വഴിയെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

 

Test User: