ഹൈദരാബാദ്: വാട്‌സ്ആപ്പ് ഡിപി മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുവെന്ന പരാതിയുമായി ഹൈദരാബാദിലെ വിദ്യാര്‍ഥിനികള്‍. വിജ്ഞാന ഭാരതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിനികളാണ് ഘട്‌കേസര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പരിചയമില്ലാത്ത ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് തങ്ങളെ ആരോ ചേര്‍ത്തെന്നും പിന്നാലെ വിദ്യാര്‍ഥിനികളിലൊരാളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ച ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വാര്‍ഡന്‍ ഹേമന്ത് റെഡ്ഡി മുഖേനയാണ് വിദ്യാര്‍ഥിനികള്‍ ഘട്‌കേസര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഐടി ആക്റ്റിലെ സെക്ഷന്‍ 66 (എ) പ്രകാരം കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്ക് സൈബര്‍ വിഭാഗത്തിന് കൈമാറി. പ്രതി കോളജിലെ ഏതങ്കിലും വിദ്യാര്‍ഥിയുടെ സുഹൃത്താവാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.