X

വാട്ട്‌സ്ആപ്പ് വീഡിയോ കാള്‍ എല്ലാവര്‍ക്കും; യു.എ.ഇയില്‍ ലഭിക്കില്ല

ദുബൈ: ഉപയോക്താക്കള്‍ക്ക് വീഡിയോ കാളിംഗ് സൗകര്യംവാട്ട്‌സ് ആപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര ക്ലോസ് പ്ലാറ്റ്‌ഫോം കമ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളില്‍ മുന്‍നിരയിലെത്തുകയാണ് വാട്ട്‌സ് ആപ്പിന്റെ ലക്ഷ്യം. മത്സരിക്കുന്നത് ഫേസ്‌ടൈമിനോട് തന്നെ. എന്നാല്‍ വോയ്പ് കോളുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാകില്ല. ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്ത് ചാറ്റിനു മുകളില്‍ കാണുന്ന വീഡിയോ കാമറ ക്ലിക്ക് ചെയ്താല്‍ സൗകര്യം ലഭ്യമാകും.

ഫെയ്‌സ്‌ടൈം, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ്, ഗൂഗില്‍ ഡുവോ, എന്നിവ പോലെയുള്ള വീഡിയോ കാള്‍ സൗകര്യമാണ് വാട്ട്‌സ് ആപ്പും ഒരുക്കുന്നത്. ചെറുതും വലുതുമായി രണ്ട് വിന്റോകള്‍. ചാറ്റ് പൊസിഷന്‍, കാമറ എന്നിവ മാറ്റാനുള്ള ഓപ്ഷനുമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തുടങ്ങിയ ബീറ്റ വേര്‍ഷനിലാണ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ ചിത്രങ്ങള്‍ അയക്കുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ വരക്കാനും ഇമോജി ഉള്‍പ്പെടുത്താനും കഴിയും.സ്‌നാപ്ചാറ്റില്‍ സമാന സൗകര്യങ്ങളുണ്ട്. വിന്റോ ഫോണില്‍ 2.16.688 വേര്‍ഷനാണെന്ന് ഉറപ്പാക്കണം. ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന സൗകര്യമാണ് ഇപ്പോള്‍ ഔദ്യോഗികമായി ലഭ്യമാക്കിയിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.

വീഡിയോ കാളിംഗ് മേഖലയില്‍ അവസാനത്തെ കാല്‍വെപ്പാണെങ്കില്‍ വന്‍ ഉപയോക്തൃ നിര പെട്ടെന്ന് മുന്‍നിരയിലെത്താന്‍ കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നു തന്നെ വീഡിയോ കാളിംഗ് ഒപ്ഷന്‍ ഫോണില്‍ പ്രത്യേക്ഷപ്പെട്ടില്ലെങ്കിലും നിരാശപ്പെടേണ്ട. വൈകാതെ എത്തുമെന്ന് വാട്ട്‌സ് ആപ്പ് ഉറപ്പു നല്‍കുന്നു. അതേസമയം വോയ്പ് സര്‍വീസുകള്‍ ലൈസന്‍സുള്ളവര്‍ക്കു മാത്രം അനുവദിക്കുന്ന ട്രാ നയമനുസരിച്ച് യു.എ.ഇയില്‍ വാട്ട്‌സ് ആപ്പ് കാള്‍ ലഭിക്കില്ല. വോയ്പ് സേവനങ്ങള്‍ക്കു താല്‍പര്യമുള്ള കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിച്ചവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് ട്രാ അറിയിച്ചു.

chandrika: