X

മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം എന്‍. പ്രശാന്തിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തര

കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട്, ഔദ്യോഗിക പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള മറുപടി അയച്ച സംഭവത്തില്‍, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) എംഡി എന്‍.പ്രശാന്ത് ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് ചീഫ് സെക്രട്ടറി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞ ഫെബ്രുവരി 22നാണ് അന്വേഷണത്തിന് ആസ്പദമായ സംഭവം നടന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വാട്‌സ്ആപിലൂടെ അന്വേഷിച്ചപ്പോഴാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള മറുപടി ലഭിച്ചത്. സംഭവം മാധ്യമപ്രവര്‍ത്തക തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചതോടെ ആദ്യമയച്ച സന്ദേശങ്ങള്‍ പ്രശാന്ത് ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. വാര്‍ത്തയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞു കൊണ്ടാണ് മാധ്യമപ്രവര്‍ത്തക ആദ്യം സന്ദേശം അയച്ചത്.

ഫോണ്‍ വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തത് കൊണ്ടായിരുന്നു ഇത്. സംസാരിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമായിരുന്നു മറുപടി. താങ്കളെ ഉപദ്രവിക്കാനല്ലെന്നും പ്രതികരണമറിയാനാണെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചപ്പോള്‍ നടി സീമ പുറം തിരിഞ്ഞ് നില്‍ക്കുന്ന, ലൈംഗിക ചുവയോടെയുള്ള ചിത്രം മറുപടിയായി നല്‍കി. എന്തുതരത്തിലുള്ള മറുപടിയാണിതെന്ന് മാധ്യമപ്രവര്‍ത്തക തിരിച്ച് ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനില്‍ ഇന്നും ഇത്തരം മറുപടിയല്ല പ്രതീക്ഷിച്ചതെന്നും പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തക അറിയിക്കുകയും ചെയ്തു. വാര്‍ത്തയ്ക്കായി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറാന്‍ പഠിക്കണമെന്ന മുന്നറിയിപ്പും നല്‍കി.

എന്നാല്‍ വാര്‍ത്ത ചോര്‍ത്തിയെടുക്കുന്ന രീതി കൊള്ളാമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ഇയാള്‍ മറുപടി നല്‍കി. സംഭവം വിവാദമായപ്പോള്‍ മാധ്യമപ്രവര്‍ത്തയക്ക് അയച്ച ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പ്രശാന്തിനെ ന്യായീകരിച്ച് ഭാര്യ ലക്ഷ്മിയും രംഗത്തെത്തിയിരുന്നു. പ്രശാന്ത് നായരുടെ വാട്‌സ്ആപ്പില്‍ വന്ന സന്ദേശത്തിന് മറുപടി നല്‍കിയത് താനാണെന്നും അച്ചടക്കമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് പ്രശാന്ത് ലേഖികയോട് ഔദ്യോഗിക കാര്യത്തില്‍ പ്രതികരിക്കാതിരുന്നതെന്നുമായിരുന്നു ഭാര്യയുടെ ന്യായീകരണം. പ്രശാന്തിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും മാധ്യമ പ്രവര്‍ത്തകയുടെ മാതൃസ്ഥാപനവും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Test User: